പുതുപ്പള്ളിയിൽ കനത്ത  പോളിങ്; 50 ശതമാനം പിന്നിട്ടു

പുതുപ്പള്ളിയിൽ കനത്ത പോളിങ്; 50 ശതമാനം പിന്നിട്ടു

വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഉച്ചവരെ മികച്ച പോളിങ്. പോളിങ് 51 ശതമാനം പിന്നിട്ടു. എട്ട് പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഇതിൽ 90,572പേർ വോട്ടുരേഖപ്പെടുത്തി. മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വൈകിട്ട് ആറുവരെയാണ് വോട്ടിങ് സമയം.

ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തുന്നു
ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തുന്നു

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസും വോട്ട് രേഖപ്പെടുത്തി. പുതുപ്പള്ളി ജോർജിയന്‍ സ്‌കൂളിൽ കുടുംബസമേതമെത്തിയാണ് ചാണ്ടി ഉമ്മൻ വോട്ടു ചെയ്തത്. കണിയാംകുന്ന് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ 72ാം നമ്പര്‍ ബൂത്തിലാണ് ജെയ്ക് വോട്ട് രേഖപ്പെടുത്തിയത്. ഒരു മണിക്കൂര്‍ ക്യൂവില്‍ നിന്നതിന് ശേഷമാണ് ജെയ്ക് വോട്ട് രേഖപ്പെടുത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലിന് മണ്ഡലത്തില്‍ വോട്ടില്ല.

ചാണ്ടി ഉമ്മൻ കുടുംബസമേതം വോട്ട് രേഖപ്പെടുത്തി
ചാണ്ടി ഉമ്മൻ കുടുംബസമേതം വോട്ട് രേഖപ്പെടുത്തി

എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 53 വര്‍ഷത്തിനു ശേഷം മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ ഒരു പുതുമഖത്തെ കണ്ടെത്താന്‍ പോകുമ്പോള്‍, പുതുപ്പള്ളിക്കാര്‍ ഒന്നടങ്കം പോളിങ് ബൂത്തിലേക്ക് എത്തുമോ എന്നതാണ് അറിയേണ്ടത്.

വോട്ടെടുപ്പിന് മുന്‍പായി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി പള്ളിയിലും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലുമെത്തി പ്രാര്‍ത്ഥിച്ചു. ഉമ്മന്‍ ചാണ്ടിയാണ് തന്‌റെ മാതൃകയെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. 20 വർഷമായി കുടുംബത്തെ വേട്ടയാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ''ആരോഗ്യസ്ഥിതിയെയും രോഗ ചികിത്സയെയും കുറിച്ച് ഉമ്മൻ ചാണ്ടി ഡയറിയിൽ എഴുതിയിരുന്നു.അതിൽ താൻ മുൻകൈ എടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിത്സിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ട്'' - വോട്ട് രേഖപ്പെടുത്തിയ ശേഷം ചികിത്സാ വിവാദത്തിൽ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയെ ദൈവതുല്യനായാണ് കാണുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

മണ്ഡലത്തിൽ ആദ്യം മുതല്‍ വികസനം ചര്‍ച്ച ചെയ്യണമെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് വ്യക്തമാക്കി. ''ആദ്യം മുതല്‍ പറഞ്ഞത് വികസനത്തെപറ്റിയാണ്. അതില്‍ തന്നെ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. വികസനസംവാദത്തില്‍ നിന്ന് ഒളിച്ചോടിയത് യുഡിഎഫാണ്'' - ജെയ്ക് പറഞ്ഞു.

logo
The Fourth
www.thefourthnews.in