ചാണ്ടി മണര്‍കാട്ട്, ജെയ്ക്ക് പാമ്പാടിയില്‍; നിശബ്ദപ്രചാരണത്തിനിടെ 'വിള്ളല്‍' അടയ്ക്കാന്‍ സ്ഥാനാര്‍ഥികള്‍

ചാണ്ടി മണര്‍കാട്ട്, ജെയ്ക്ക് പാമ്പാടിയില്‍; നിശബ്ദപ്രചാരണത്തിനിടെ 'വിള്ളല്‍' അടയ്ക്കാന്‍ സ്ഥാനാര്‍ഥികള്‍

പുതുപ്പള്ളിയില്‍ നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് സ്ഥാനാർത്ഥികൾ വോട്ടുറപ്പിക്കാൻ വേണ്ടിയുള്ള ഓട്ടത്തിലാണ്. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കാന്‍ രാവിലെ തന്നെ മണ്ഡലത്തിൽ സജീവമാണ്‌

പുതുപ്പള്ളിയിൽ ഇന്ന് നിശബ്ദ പ്രചാരണം. 26 ദിവസം നീണ്ട് നിന്ന പരസ്യ പ്രചാരണങ്ങള്‍ക്ക് ഇന്നലെ കൊട്ടിക്കലാശമായതോടെ നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് സ്ഥാനാർത്ഥികൾ വോട്ടുറപ്പിക്കാൻ വേണ്ടിയുള്ള ഓട്ടത്തിലാണ്.. പരമാവധി വോട്ടർമാരെയും നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കാനായി രാവിലെ തന്നെ സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ സജീവമായിട്ടുണ്ട്. തങ്ങളുടെ വോട്ടർമാരെല്ലാം നാളെ പോളിംഗ് ബൂത്തിലെത്തും എന്ന് ഉറപ്പ് വരുത്തുന്ന ജോലികളിലാണ് പാർട്ടി പ്രവർത്തകർ.

മണർകാടും പാമ്പാടിയും കേന്ദ്രീകരിച്ച് ചാണ്ടി ഉമ്മന്‍

ഉമ്മൻചാണ്ടിക്ക് കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായത് മണർകാട് പാന്പാടി പഞ്ചായത്തുകളിലാണ്. മണർകാട് ജെയ്ക്ക് ഉമ്മൻചാണ്ടിയെ പിന്നിലാക്കുന്ന സാഹചര്യവും ഉണ്ടായി. പാമ്പാടിയിൽ 225 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഉമ്മൻ ചാണ്ടിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ രണ്ട പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ചാണ്ടി ഉമ്മന്റെ ഇന്നത്തെ പ്രചാരണം. രാവിലെ തന്നെ മണർകാട് അമ്പലത്തിലും സമീപ പ്രദേശങ്ങളിലുള്ള പള്ളികളിലും ചാണ്ടി ഉമ്മൻ എത്തി. ഇന്നലെ കൊട്ടിക്കലാശത്തിന്റെ ദിവസവും മണർകാട് നിന്നും മറ്റക്കരവരെ കാൽനടയാത്ര നടത്തിയതും ഇതിന്റെ ഭാഗമാണ്. ഈ രണ്ട് പഞ്ചായത്തുകളിൽ തിരിച്ച് വരാൻ കഴിഞ്ഞാൽ അത് വലിയ ഭൂരിപക്ഷത്തിലേക്ക് എത്തിക്കുമെന്നാണ് ചാണ്ടിയുടേയും യുഡിഎഫിന്റെയും വിലയിരുത്തൽ.

കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ജെയ്ക്ക്

ഇന്നലത്തെ കൊട്ടിക്കലാശത്തില്‍ ലഭിച്ച ജനപിന്തുണയുടെ ആവേശം തന്നെയാണ് ഇന്നും ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ജെയ്ക്ക് സി തോമസില്‍ കാണാനായത്. ഇന്നലെ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലൂടെയും നടത്തിയ റോഡ് ഷോ ജെയ്ക്കിനും കൂട്ടർക്കും ആത്മവിശ്വാസം നല്കുന്നുണ്ട്. ഇത്തവണയും മണർക്കാടും പാമ്പാടിയിലും നേട്ടം കൊയ്യാൻ സാധിച്ചാൽ ചാണ്ടി ഉമ്മനെ പിടിച്ച് കെട്ടാനാകുമെന്നാണ് കണക്ക് കൂട്ടുന്നത്. കൂടാതെ മീനടത്തും അകലകുന്നത്തും എല്ലാം ജെയ്ക്ക് പ്രതീക്ഷവെയ്ക്കുന്നുണ്ട്. നിശബ്ദ പ്രചാരണത്തിൽ ഈ മേഖലകൾ കേന്ദ്രീകരിച്ച് തന്നെയാണ് ജെയ്ക്കിന്റെ നീക്കങ്ങൾ. യാക്കോബായ വോട്ടുകൾ ഇത്തവണയും ഉറപ്പിച്ച് നിർത്തേണ്ടതുമുണ്ട്. ചില മതനേതാക്കൾ നിലപാടുകൾ തിരുത്തിയതും പ്രചാരണഘട്ടത്തിൽ കാണാനായി അതുകൊണ്ട് തന്നെ കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ ചോരാതിരിക്കാനുള്ള പരിശ്രവും എൽഡിഎഫിന്റെ ഭാഗത്ത് നിന്നും ഉണ്ട്.

വ്യക്തികളെ നേരിട്ട് കണ്ട് എൻഡിഎ സ്ഥാനാർത്ഥി

മണ്ഡലത്തിൽ സ്വാധീനമുള്ള ആളുകളെ നേരിട്ട് കണ്ട് വോട്ട് പെട്ടിയിലാക്കാനുള്ള നീക്കങ്ങളാണ് ബിജെപി സ്ഥാനാർത്ഥി ഇന്ന് നടത്തുന്നത് . കൊട്ടി കലാശത്തിന്റ ആവേശം. ബിജെപി ക്യാന്പിലും ഉണ്ട് . മുൻവർഷങ്ങളിൽ ലഭിച്ച വോട്ടിനെകാൾ കൂടുതൽ നേടുക എന്നതിനപ്പുറം വിജയം തന്നെയാണ് ഇവരും ലക്ഷ്യമിടുന്നത്. അയർക്കുന്നം കൂരേപ്പട മേഖലയിലാണ് പാർട്ടിക്ക് കൂടുതൽ കരുത്തുള്ളത് അതുകൊണ്ട് തന്നെ ഈ മേഖലകളിൽ നിന്നും കൂടുതൽ വോട്ട് ഉറപ്പിക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്.

നിശബ്ദ പ്രചാരണത്തിൽ ആം ആദ്മി അടക്കമുള്ള പാർട്ടികളും സജീവമായിട്ടുണ്ട്.. തങ്ങളുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വീടുകൾ കയറുന്ന തിരക്കിലാണ് സ്ഥാർത്ഥികളും പ്രവർത്തകരും.

logo
The Fourth
www.thefourthnews.in