താമരശ്ശേരി ഐഎച്ച്ആര്‍ഡി കോളേജിലെ റാഗിങ്; 15 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

താമരശ്ശേരി ഐഎച്ച്ആര്‍ഡി കോളേജിലെ റാഗിങ്; 15 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

അന്വേഷണ വിധേയമായാണ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്

താമരശ്ശേരി ഐഎച്ച്ആര്‍ഡി കോളേജില്‍ ജൂനിയർ വിദ്യാർഥികളെ റാഗിങ്ങിനിരയാക്കിയ 15 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയെ തുടർന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ താമരശ്ശേരി പോലീസ് കേസെടുത്തു.

ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് കോളേജില്‍ റാഗിങ്ങുമായി ബന്ധപ്പെട്ട സംഘര്‍ഷമുണ്ടായത്. ഡിഗ്രി രണ്ടാം വർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ റാഗ് ചെയ്തെന്ന പരാതിയെത്തുടർന്ന് ചിലർ ഇന്നലെ വൈകിട്ട് കോളജിൽ എത്തി ആരോപണ വിധേയനായ ഒരു വിദ്യാർഥിയെ പിടികൂടിയിരുന്നു. ഇത് നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും അടിപടിയും നടന്നു. പോലീസ് എത്തി ആളുകളെ വിരട്ടി ഓടിച്ചാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ എട്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്.

പരുക്കേറ്റവരെ പ്രവേശിപ്പിച്ച താമരശ്ശേരി താലൂക്ക് ആശുപത്രി വളപ്പിലും പുറത്തും ഇരുകൂട്ടരും തമ്മില്‍ വീണ്ടും വാക്കേറ്റവും കയ്യേറ്റവും നടന്നിരുന്നു. ശേഷം ആശുപത്രി വളപ്പിന് പുറത്തും പോലീസ് ലാത്തി വീശി. നേരത്തെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ മുഹമ്മദ് ജസിം, ഷാഹുല്‍ എന്നിവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോളേജിലെ ക്ലാസ് കഴിഞ്ഞ് പോകുന്നത് സംബന്ധിച്ച വിഷയമാണ് സംഘർഷത്തിനിടയാക്കിയത്. ക്ലാസ് കഴിയുന്ന 3.30ന് ശേഷം കോളേജിൽ കാണാൻ പാടില്ലെന്ന സീനിയർ വിദ്യാർഥികൾ താക്കീത് നൽകിയത് രണ്ടാം വർഷ വിദ്യാർഥികൾ ചോദ്യം ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in