വയനാട്ടിലെ ജനങ്ങള്‍ ഭീതിയില്‍; മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ശ്രമിച്ചു, പക്ഷേ സാധിച്ചില്ല: രാഹുല്‍ ഗാന്ധി

വയനാട്ടിലെ ജനങ്ങള്‍ ഭീതിയില്‍; മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ശ്രമിച്ചു, പക്ഷേ സാധിച്ചില്ല: രാഹുല്‍ ഗാന്ധി

നേരത്തെ, കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു

വയനാട് വന്യജീവി ആക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം, തുടര്‍ ചികിത്സ എന്നിവക്കാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി. മാനന്തവാടി മെഡിക്കല്‍ കോളജില്‍ മെച്ചപ്പെട്ട ആരോഗ്യ സേവനം ലഭ്യമാക്കാന്‍ എന്തുകൊണ്ടാണ് ഇതുവരെ നടപടി സ്വീകരിക്കാത്തത് എന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടവും എസ്പിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ, കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു.

വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നേരിട്ട് വിളിച്ചിരുന്നുവെന്നും അദ്ദേഹത്തെ ലഭിച്ചില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. വയനാട് സന്ദര്‍ശനത്തെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കരുത്. വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ കണ്ട് ആശ്വസിപ്പിക്കുന്നതിന് വേണ്ടിയാണ് എത്തിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട്ടിലെ ജനങ്ങള്‍ ഭീതിയില്‍; മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ശ്രമിച്ചു, പക്ഷേ സാധിച്ചില്ല: രാഹുല്‍ ഗാന്ധി
കാലാനുസൃതമായി മാറണം, ഉന്നതവിദ്യാഭ്യാസ മേഖല ഉടച്ചുവാർക്കുമെന്ന് മുഖ്യമന്ത്രി

വന്യജീവി ആക്രണത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളെ കണ്ടു. അധികൃതരുമായി സംസാരിച്ചു. അടിയന്തര സഹായം വൈകിപ്പിക്കരുതെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. വയനാട്ടിലെ നിലവിലെ സാഹചര്യത്തില്‍ ഒരു റാപ്പിഡ് റെസ്‌പോണ്‍സ് ടീം മാത്രം മതിയാകില്ല. ടീമിന്റെ എണ്ണം വര്‍ധിപ്പിക്കണം. അവര്‍ക്ക് ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങള്‍ തമ്മില്‍ സഹകരണം വേണം. മെഡിക്കല്‍ കോളജ് ഒരു പ്രധാന വിഷയമാണ്. എന്തുകൊണ്ടാണ് മെഡിക്കല്‍ കോളജ് നിര്‍മ്മിക്കാന്‍ കാലതാമസം വരുന്നത്? ശരിയായ മെഡിക്കല്‍ കോളജ് ഇല്ലാതെ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ദുരന്തമാണ്. ഇതിനെ കുറിച്ച് മുഖ്യമന്ത്രിക്ക് എഴുതിയിരുന്നു. ഇത് വേഗത്തില്‍ പരിഗണിക്കമെന്ന് അദ്ദേഹത്തോട് വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്. ഇതൊരു രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സ്ഥലമായി കരുതുന്നില്ല. വയനാട് വലിയൊരു പ്രശ്‌നമാണ് അഭിമുഖീകരിക്കുന്നത്. വയനാട്ടിലെ ജനങ്ങള്‍ക്ക് ഈ വിഷയങ്ങള്‍ ഭീതിയും അരക്ഷിതാവസ്ഥയും വളര്‍ത്തുന്നതാണ്.

സര്‍ക്കാര്‍ ഈ വിഷയങ്ങളില്‍ കൃത്യമായി ഇടപെട്ടിരുന്നു എങ്കില്‍ തനിക്ക് ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിക്കേണ്ടി വരില്ലായിരുന്നു. ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ നടന്നില്ല. വയനാട്ടിലെ ജനങ്ങള്‍ എന്താണ് അനുഭവിക്കുന്നത് എന്ന് അദ്ദേഹവുമായി നേരിട്ട് പറയേണ്ടതുണ്ടെന്ന് കരുതുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

logo
The Fourth
www.thefourthnews.in