രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; 22 വരെ റിമാന്‍ഡില്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; 22 വരെ റിമാന്‍ഡില്‍

വിശദമായ വൈദ്യ പരിശോധനയ്ക്ക് പിന്നാലെയാണ് വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ചത്

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. വിശദമായ വൈദ്യ പരിശോധനയ്ക്ക് പിന്നാലെയാണ് വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ചത്. ഈ മാസം 22 വരെയാണ് രാഹുലിന്റെ റിമാന്‍ഡ് കാലാവധി. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കോടതിയെ അറിയിച്ച സാഹചര്യത്തില്‍ രണ്ട് തവണയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് വൈദ്യ പരിശോധന നടത്തിയത്. ആരോഗ്യ പ്രശ്‌നങ്ങളിലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

കേസിലെ നാലാം പ്രതിയായ രാഹുലിനെ ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മര്‍ദനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചാണ് രാഹുലിന്‌റെ അറസ്റ്റിലേക്ക് നയിച്ചത്. പുലര്‍ച്ചെ രാഹുലിന്റെ വീട്ടിലെത്തിയ പോലീസ് വീടുവളഞ്ഞ് അകത്തുകയറി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിന് പിന്നാലെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്.

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; 22 വരെ റിമാന്‍ഡില്‍
'ആര്‍ഷോ ഓമനത്തം പ്രതീക്ഷിച്ച് സമരത്തിനിറങ്ങിയവരല്ല'; വീട്ടില്‍ക്കയറിയുള്ള രാഹുലിന്‌റെ അറസ്റ്റില്‍ പ്രതിഷേധം ശക്തം

പിണറായി വിജയനെതിരെ പ്രതിഷേധിച്ചാല്‍ പോലീസ് എന്തും ചെയ്യുമെന്നാണ് രാഹുലിന്റെ അറസ്റ്റ് അറസ്റ്റ് തെളിയിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നേതാക്കളെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുന്നത് കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. കേരളത്തിലുണ്ടായ എല്ലാ സമരങ്ങളെയും ഇങ്ങനെയാണോ ഭരണകൂടങ്ങള്‍ നേരിട്ടിട്ടുള്ളത്? വെളുപ്പിനെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യേണ്ട എന്ത് അടിയന്തര സാഹചര്യമാണുണ്ടായത്. പിണറായി വിജയനെതിരെ സംസാരിച്ചാല്‍, സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാല്‍, കരിങ്കൊടി കാണിച്ചാല്‍ എന്തും ചെയ്യാമെന്നുള്ള ധിക്കാരം, ധാര്‍ഷ്ട്യം പോലീസിനുണ്ടായിരിക്കയാണെന്ന് ചെന്നിത്തല പറഞ്ഞു.

വീട്ടില്‍ കയറി ഭീകരാവസ്ഥ സൃഷ്ടിച്ച് അറസ്റ്റ് ചെയ്തതിനെ ഒരിക്കലും അംഗീകരിക്കില്ലെന്നും 14 ജില്ലകളിലും ജനാധിപത്യരീതിയില്‍ പ്രതിഷേധമുണ്ടാകുമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ആര്‍ഷോ മോഡല്‍ പോലീസിന്‌റെ ഓമനിക്കല്‍ പ്രതീക്ഷിച്ച് സമരത്തിനിറങ്ങിയവരല്ല. നവഗുണ്ടാ സദസ് പൊളിഞ്ഞതിന്‌റെ ചൊറിച്ചില്‍ കൊണ്ടാണ് പിണറായി വിജയന്‍ ഇങ്ങനെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശം കൊടുത്തത്. വീടുവളഞ്ഞുള്ള അറസ്റ്റ് പോലീസിന്‌റെ ബോധപൂര്‍വമായ പ്രകോപനമാണ്. പിണറായി വിജയന്‌റെ നേരിട്ടുള്ള നിര്‍ദേശമാണ് ഇക്കാര്യത്തിലുണ്ടായതെന്ന് വ്യക്തമാണെന്നും ഷാഫി പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; 22 വരെ റിമാന്‍ഡില്‍
തമിഴ്നാട്ടിൽ ദുരഭിമാനക്കൊല, ദളിത് യുവാവിനെ വിവാഹം ചെയ്ത പത്തൊൻപതുകാരിയെ ചുട്ടുകൊന്നു; പിതാവുൾപ്പെടെ 5 പേർ പിടിയിൽ

രാഹുലിന്‌റെ അമ്മയോട് പോലീസ് തന്നെ പറയുന്നുണ്ട് മുകളില്‍നിന്നുള്ള സമ്മര്‍ദം കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്ന്. നവഗുണ്ടാ സദസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരങ്ങളുടെ, പ്രതിഷേധങ്ങളുടെ അസ്വസ്ഥത പിണറായി വിജയനു മാറിയിട്ടില്ലെന്നതാണ് ഇതു വ്യക്തമാക്കുന്നത്. അയാള്‍ കൊലപാതക കേസിലെ പ്രതിയോ തീവ്രവാദിയോ അല്ല, ഒരു തരത്തിലുള്ള രാജ്യദ്രോഹക്കുറ്റവും നടത്തിയവനല്ല. അറസ്റ്റ് ചെയ്യല്‍ മാത്രമാണ് അജണ്ടയെങ്കില്‍ അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ചെയ്യാമായിരുന്നു. അറസ്റ്റും നടപടിക്രമങ്ങളും ഭയപ്പെടുന്നില്ല, വീട്ടില്‍ കയറിവന്ന് ഈ പോക്രിത്തരം കാണിക്കാന്‍മാത്രം എന്ത് പ്രകോപനമാണ് ഇവിടെ ഉണ്ടായതെന്നാണ് ചോദിക്കുന്നതെന്നും ഷാഫി ചോദിച്ചു.

logo
The Fourth
www.thefourthnews.in