മുതുമുത്തച്ഛന്റെ ഓർമയിൽ ചുണ്ടന്‍വള്ളത്തില്‍ കയറി  രാഹുൽ

മുതുമുത്തച്ഛന്റെ ഓർമയിൽ ചുണ്ടന്‍വള്ളത്തില്‍ കയറി രാഹുൽ

എന്‍സിബിസി ബോട്ട് ക്ലബ്ബിലെ താരങ്ങള്‍ക്കൊപ്പം നടുവിലെപറമ്പന്‍ ചുണ്ടനിലാണ് രാഹുൽ തുഴയെറിഞ്ഞത്

ആലപ്പുഴയ്ക്ക് നെഹ്രുട്രോഫി സമ്മാനിച്ച മുതുമുത്തച്ഛന്റെ പാതയിൽ പുന്നമടയിലൂടെ വള്ളം തുഴഞ്ഞ്‌ നെഹ്‌റു കുടുംബത്തിലെ പിന്‍മുറക്കാരൻ. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ രാഹുൽ ഗാന്ധി വൈകീട്ടാണ് പുന്നമടയിൽ തുഴയെറിഞ്ഞത്. കരുവാറ്റ സിബിഎല്‍ മത്സരത്തില്‍ ജേതാവായ എന്‍ സി ബി സി ബോട്ട് ക്ലബ്ബിനൊപ്പം നടുവിലെപറമ്പന്‍ ചുണ്ടനിൽ രാഹുല്‍ തുഴയാന്‍ കയറിയപ്പോൾ അത് ചരിത്രത്തിലേക്കുള്ള തിരിച്ച്‌ പോക്കായി.

ആലപ്പുഴ സന്ദർശനവേളയില്‍ നെഹ്രു
ആലപ്പുഴ സന്ദർശനവേളയില്‍ നെഹ്രു

ആലപ്പുഴയുടെ ഏറ്റവും വലിയ ആഘോഷമായ നെഹ്രുട്രോഫി വള്ളം കളിയുടെ തുടക്കം രാഹുലിന്റെ മുതുമുത്തച്ഛന്‍ ജവഹർലാല്‍ നെഹ്രുവില്‍ നിന്നാണ്. 1952ൽ നെഹ്‌റുവിന്റെ കേരള സന്ദർശനത്തിന്റെ ഭാഗമായി പുന്നമടക്കായലിൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരം സംഘടിപ്പിച്ചിരുന്നു. എട്ട് വള്ളങ്ങൾ പങ്കെടുത്ത മത്സരത്തിൽ ആവേശം കയറിയ പണ്ഡിറ്റ്ജിക്ക് വള്ളത്തിൽ കയറാനുള്ള ആഗ്രഹം അടക്കാനായില്ല. മത്സര ശേഷം മടങ്ങുകയായിരുന്ന നടുഭാഗം ചുണ്ടനെ തിരിച്ച്‌ വിളിച്ച്‌, വള്ളത്തില്‍ ചാടിക്കയറിയ അദ്ദേഹം ആലപ്പുഴ ബോട്ട് ജെട്ടി വരെ ചുണ്ടൻ വള്ളത്തിൽ യാത്ര ചെയ്തു .

കേരളത്തില്‍ നിന്ന് തിരികെ ഡൽഹിയിലെത്തിയിട്ടും ആവേശം വിട്ട് മാറാത്ത പണ്ഡിറ്റ്ജി അയച്ച്‌ കൊടുത്ത, വെള്ളിയില്‍ തീർത്ത ചുണ്ടൻവള്ളത്തിന്റെ രൂപമാണ് ഇന്നും നെഹ്‌റു ട്രോഫി ജേതാക്കൾക്ക് നൽകുന്നത്. തുടക്കത്തിൽ പ്രൈംമിനിസ്റ്റേഴ്‌സ് ട്രോഫി എന്നറിയപ്പെട്ടുകൊണ്ടിരുന്ന വള്ളം കളി നെഹ്രുവിന്റെ മരണത്തിനുശേഷം അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് നെഹ്‌റു ട്രോഫി വള്ളം കളി എന്ന് പുനർനാമകരണം ചെയ്തത്.

logo
The Fourth
www.thefourthnews.in