സംസ്ഥാനത്ത് ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ജാഗ്രത മുന്നറിയിപ്പുള്ളത്

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. അടുത്ത ദിവസങ്ങളിലും ഇത് തുടർന്നേക്കും. നിലവിൽ ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ജാഗ്രത മുന്നറിയിപ്പുള്ളത്. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തിന്റെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് മഴ തുടരുന്നത്. വരും മണിക്കൂറുകളിൽ ഇത് തീവ്രന്യൂന മർദ്ദമായി തിങ്കളാഴ്ചയോടെ ബംഗാൾ ഉൾക്കടലിന്റെ മധ്യപടിഞ്ഞാറൻ മേഖലയിൽ സിത്രങ് ചുഴലിക്കാറ്റായി മാറും. ഈ ദിവസങ്ങളിൽ കേരളത്തിൽ മഴ തുടർന്നേക്കുമെന്നും ഐഎംഡിയുടെ അറിയിപ്പുണ്ട്.

ജില്ലകൾക്കുള്ള മുന്നറിയിപ്പ്

ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം.

മത്സ്യത്തൊഴിലാളികൾക്കുള്ള നിർദ്ദേശം

ലക്ഷദ്വീപ് തീരത്തേക്ക് ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40- 45 കിലോമീറ്റര്‍ വേഗതയിലും ചില മണിക്കൂറുകളിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇത് മുൻ നിർത്തിയാണ് അറിയിപ്പ്. അതേസമയം കർണാടക തീരത്തേക്ക് പോകുന്നതിൽ തടസ്സമില്ല.

Related Stories

No stories found.
logo
The Fourth
www.thefourthnews.in