രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല

എഐ ക്യാമറ: പദ്ധതിത്തുക 75 കോടിയിൽനിന്ന് 232 കോടി ആയതെങ്ങനെയെന്ന് ചെന്നിത്തല

എ ഐ ക്യാമറകള്‍ സ്ഥാപിക്കുന്നതില്‍ കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയുള്ള കള്ളക്കളി നടക്കുകയാണെന്ന് രമേശ് ചെന്നിത്തല

സേഫ് കേരള പദ്ധതിയുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ ഐ ക്യാമറകള്‍ സ്ഥാപിക്കുന്നതില്‍ അഴിമതി ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുമായി ബന്ധപ്പെട്ട കരാറിലും ഉപകരാറിലും അടിമുടി ദുരൂഹതയുണ്ടെന്നാണ് ആരോപണം.

75 കോടി രൂപയ്ക്ക് പദ്ധതി പൂര്‍ത്തിയാക്കാമെന്ന് ഉപകരാറില്‍ കമ്പനികള്‍ പറയുമ്പോൾ കരാര്‍ 232 കോടി രൂപയാക്കി ഉയര്‍ത്തിയതിലാണ് ക്രമക്കേടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. തട്ടിക്കൂട്ട് കമ്പനികള്‍ക്കാണ് ഉപകരാര്‍ നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറ സ്ഥാപിക്കാന്‍ കെല്‍ട്രോണിനാണ് സര്‍ക്കാര്‍ ചുമതല നല്‍കിയത്. 151.22 കോടിക്കായിരുന്നു കരാര്‍. ഈ തുകയ്ക്ക് കെല്‍ട്രോണ്‍ ബംഗളൂരു ആസ്ഥാനമായ എസ്ആര്‍ഐടി എന്ന കമ്പനിയെ ചുമതല ഏല്‍പിച്ചു. ഈ കമ്പനി മറ്റ് രണ്ട് സ്ഥാപനങ്ങള്‍ക്ക് ഉപകരാറും നല്‍കി.

തിരുവനന്തപുരം നാലാഞ്ചിറയുള്ള ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ ലിമിറ്റഡ്, കോഴിക്കോട് മലാപ്പറമ്പിലെ പ്രസാദിയോ എന്നീ കമ്പനികള്‍ക്കാണ് ഉപകരാര്‍ നല്‍കിയത്. ഈ കമ്പനികള്‍ 75 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കാനാകുമെന്ന് വ്യക്തമാക്കുന്ന കരാര്‍ രേഖകളും രമേശ് ചെന്നിത്തല പുറത്തുവിട്ടു. എന്നിട്ടും 232 കോടി രൂപയാക്കി സര്‍ക്കാര്‍ കരാര്‍ തുക ഉയര്‍ത്തി. ഇതിന് പിന്നില്‍ വന്‍ ക്രമക്കേട് നടന്നിരിക്കുകയാണ്.

ഇതിനിടെ ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ ലിമിറ്റഡ് കമ്പനി കരാറില്‍നിന്ന് പിന്‍മാറി. ഇരു കമ്പനികളും തട്ടിക്കൂട്ട് കമ്പനികളാണ്. ഇവര്‍ക്കു പിന്നില്‍ ആരൊക്കെയാണുള്ളതെന്ന് അന്വേഷിക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സര്‍ക്കാര്‍ നാലു ദിവസത്തിനകം പുറത്തുവിടണം. അല്ലാത്ത പക്ഷം രേഖകള്‍ താന്‍ പുറത്തുവിടും.

ബിഒടി വ്യവസ്ഥയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനു പിന്നില്‍ സാധാരണക്കാരെ പിടിച്ചുപറിക്കുകയാണ് ലക്ഷ്യം. വകുപ്പ് മന്ത്രിക്ക് ക്രമക്കേടില്‍ ബന്ധമുണ്ടെന്ന് കരുതുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കരാര്‍ നടപ്പാക്കിയത്. ഉദ്യോഗസ്ഥ ഭരണതലത്തിലെ അഴിമതിയാണ് നടന്നിരിക്കുന്നത്. പദ്ധതിയില്‍ സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in