കോൺഗ്രസിന് അടുത്ത പ്രശ്നം പ്രവർത്തക സമിതി;  ചെന്നിത്തല വന്നാൽ തരൂർ പോകും, ദളിത് സംവരണത്തിൽ കൊടിക്കുന്നിലിന് പ്രതീക്ഷ

കോൺഗ്രസിന് അടുത്ത പ്രശ്നം പ്രവർത്തക സമിതി; ചെന്നിത്തല വന്നാൽ തരൂർ പോകും, ദളിത് സംവരണത്തിൽ കൊടിക്കുന്നിലിന് പ്രതീക്ഷ

ആൻ്റണിയുടെയും ഉമ്മൻചാണ്ടിയുടെയും ഒഴിവിൽ ചെന്നിത്തല, മുരളീധരൻ, തരൂർ, കൊടിക്കുന്നിൽ എന്നിവരാണ് പ്രതീക്ഷ പുലർത്തുന്നത്

കര്‍ണാടക തിരഞ്ഞെടുപ്പ് വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന് ഇനിയുള്ള കടമ്പ പ്രവര്‍ത്തക സമിതി പുനഃസംഘടന. റായ്പൂര്‍ പ്ലീനറി സമ്മേളനത്തില്‍ ബാക്കിവച്ച പ്രവര്‍ത്തക സമിതി രുപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കോൺഗ്രസ് നേതൃത്വം വൈകാതെ കടന്നേക്കും. മിസോറാം, ഛത്തീസ്‌ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന നിയസഭകളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് പ്രവര്‍ത്തക സമിതി രൂപീകരണമുണ്ടാകുമെന്നാണ് സൂചന. സമിതിയിൽ ഇടംപിടിക്കാൻ കേരളത്തില്‍നിന്ന് നേതാക്കൾ ചരടുവലികള്‍ ആരംഭിച്ചതായാണ് വിവരം.

സ്റ്റിയറിങ് കമ്മിറ്റി അംഗമായ  കെസി വേണുഗോപാല്‍ പ്രവര്‍ത്തക സമിതിയില്‍ തുടരുമെന്ന കാര്യം ഉറപ്പാണ്.

എകെ ആന്റണി, ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവരാണ് നിലവില്‍ പ്രവര്‍ത്തക സമിതിയില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്. ഇവരില്‍ എകെ ആന്റണിയും ഉമ്മന്‍ചാണ്ടിയും ഒഴിവായേക്കും. ഇതാണ് സംസ്ഥാനത്തുനിന്നുള്ള മറ്റ് നേതാക്കളുടെ പ്രതീക്ഷ. നിലവില്‍ സ്റ്റിയറിങ് കമ്മിറ്റി അംഗമായ  കെസി വേണുഗോപാല്‍ പ്രവര്‍ത്തക സമിതിയില്‍ തുടരുമെന്ന കാര്യം ഉറപ്പാണ്.

ദളിത് വിഭാഗങ്ങള്‍ക്കുള്‍പ്പെടെ സമിതിയില്‍ 50 ശതമാനം സംവരണം നല്‍കാനുള്ള പ്ലീനറി തീരുമാനം ഉള്‍പ്പെടെ ഗുണം ചെയ്യുമെന്ന പ്രതീക്ഷ കൊടിക്കുന്നില്‍ സുരേഷിനുണ്ട്

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമിതിയിലേക്കുള്ള സാധ്യതാ പട്ടികയില്‍ മുന്നില്‍. കോണ്‍ഗ്രസ് അധ്യക്ഷനുമായും ഗാന്ധി കുടുംബവുമായുള്ള മികച്ച ബന്ധവും രമേശ് ചെന്നിത്തലയ്ക്ക് ഗുണം ചെയ്‌തേയ്ക്കും.  ഉമ്മന്‍ചാണ്ടിയുടെ ഒഴിവിലേക്കാണ് ചെന്നിത്തലയെ  പരിഗണിക്കുന്നത്.  ആന്റണിക്ക് പകരക്കാരായി പ്രവര്‍ത്തക സമിതിയിലെത്താന്‍ കരുക്കള്‍ നീക്കുന്ന പ്രധാനി കൊടിക്കുന്നില്‍ സുരേഷാണ്. ദളിത് വിഭാഗങ്ങള്‍ക്കുള്‍പ്പെടെ സമിതിയില്‍ 50 ശതമാനം സംവരണം നല്‍കാനുള്ള പ്ലീനറി തീരുമാനം ഉള്‍പ്പെടെ ഗുണം ചെയ്യുമെന്ന പ്രതീക്ഷ സുരേഷിനുണ്ട്. എന്നാല്‍ ദളിത് വിഭാഗത്തില്‍നിന്നുള്ള മുകുള്‍ വാസ്‌നിക്, ജി പരമേശ്വര, കെ എച്ച് മുനിയപ്പ തുടങ്ങിയ നേതാക്കളിലേക്ക് പരിഗണന തിരിഞ്ഞാല്‍  കൊടിക്കുന്നില്‍ സുരേഷ് പുറത്താകും. 

അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ദേശീയതലത്തില്‍ തന്നെ ശ്രദ്ധപിടിച്ചുപറ്റിയ ശശി തരൂര്‍ ഇത്തവണ മത്സരത്തിനില്ലെന്ന നിലപാടിലാണ്

കെ മുരളീധന്‍, ശശി തരൂര്‍ എന്നിവര്‍ക്കും പ്രവര്‍ത്തക സമിതിയിലെത്താന്‍ മോഹമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്താനില്ലെന്നതാണ് മുരളീധരന്റെ നിലപാട്. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ദേശീയതലത്തില്‍ തന്നെ ശ്രദ്ധപിടിച്ചുപറ്റിയ ശശി തരൂര്‍ ഇത്തവണ മത്സരത്തിനില്ലെന്ന നിലപാടിലാണ്. എന്നാല്‍ അര്‍ഹമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. നാമനിര്‍ദേശത്തിലാണ് തരൂരും ശ്രദ്ധവയ്ക്കുന്നത്.

തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുനഃസംഘടനയില്‍ പ്രധാന്യം നല്‍കാന്‍ സാധ്യതയുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന 

കേരളത്തില്‍നിന്ന് കെ സി വേണുഗോപാലിന് പുറമെ രമേശ് ചെന്നിത്തല പ്രവര്‍ത്തകസമിതിയിലെത്തുന്ന നിലയുണ്ടായാല്‍ തരൂരിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും. സാമുദായിക സമവാക്യം പാലിക്കുന്നതിന് ഭാഗമായി ഒരേ സമുദായത്തില്‍നിന്ന് മൂന്ന് പേര്‍ സമിതിയില്‍ എത്താനുള്ള സാധ്യത വിദൂരമാണ്. തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുനഃസംഘടനയില്‍ പ്രധാന്യം നല്‍കാന്‍ സാധ്യതയുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

മുഴുവന്‍  പ്രവര്‍ത്തകസമിതി അംഗങ്ങളെയും അധ്യക്ഷന്‍ തന്നെ നാമനിര്‍ദേശം ചെയ്യട്ടെയെന്നും പ്ലീനറി സമ്മേളനത്തിനിടെ ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ ധാരണയായിരുന്നു

ഫെബ്രുവരിയില്‍ ഛത്തീസ്ഗഢിലെ റായ്പുരില്‍ചേര്‍ന്ന പ്ലീനറി സമ്മേളനം പ്രവര്‍ത്തകസമിതി രൂപീകരണവുമായി കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലപ്പെടുത്തിയിരുന്നു. പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കി മുഴുവന്‍  പ്രവര്‍ത്തകസമിതി അംഗങ്ങളെയും അധ്യക്ഷന്‍ തന്നെ നാമനിര്‍ദേശം ചെയ്യട്ടെയെന്നും പ്ലീനറി സമ്മേളനത്തിനിടെ ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ ധാരണയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പ്രവര്‍ത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാല്‍ അത് മറ്റൊരു ചേരിതിരിവിനു കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് മുഴുവന്‍ അംഗങ്ങളെയും അധ്യക്ഷന്‍  തന്നെ നാമനിര്‍ദേശം ചെയ്യട്ടെ തീരുമാനത്തിലേക്ക് പാര്‍ട്ടിയെ നയിച്ചത്. 

നിലവില്‍ 35 ആണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെ എണ്ണം. കഴിഞ്ഞ പ്ലീനറി സമ്മേളനത്തിലാണ് പ്രവര്‍ത്തകസമിതി അംഗങ്ങളുടെ എണ്ണം 25ല്‍നിന്ന്  ഉയര്‍ത്താന്‍ തീരുമാനിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍, മുന്‍ അധ്യക്ഷന്‍മാര്‍  ലോക്‌സഭാ കക്ഷി നേതാവ്, മുന്‍ പ്രധാനമന്ത്രിമാര്‍ എന്നിവര്‍ പ്രവര്‍ത്തകസമിതിയിലെ സ്ഥിരം അംഗങ്ങളാണ്.

logo
The Fourth
www.thefourthnews.in