സാംസ്കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ചനിലയിൽ; സിപിഎം നേതൃത്വത്തിനെതിരെ ആരോപണം

സാംസ്കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ചനിലയിൽ; സിപിഎം നേതൃത്വത്തിനെതിരെ ആരോപണം

ഒറ്റപ്പെടലും സൈബര്‍ ആക്രമണവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന ആക്ഷേപവുമായി സുഹൃത്തുക്കൾ

കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം മുന്‍ സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനും സിപിഎം നേതാവുമായ റസാഖ് പയമ്പ്രോട്ടിനെ പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പരാതികളും ഫയലുകളും കഴുത്തില്‍ തൂക്കിയ നിലയിലായിരുന്നു മൃതദേഹം.

പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ റസാഖ് പലപ്പോഴും മുന്നോട്ടുവന്നിരുന്നു. സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതിക്കെതിരെ ആയിരുന്നു റസാഖ് പ്രതികരിച്ചിരുന്നത്. പ്രതികരണങ്ങളെ തുടര്‍ന്നുണ്ടായ ഒറ്റപ്പെടലും സൈബര്‍ ആക്രമണവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന ആക്ഷേപവുമായി റസാഖ് പയമ്പ്രോട്ടിന്റെ സുഹൃത്തുക്കള്‍ രംഗത്തെത്തി.

തന്റെ വീടും സ്വത്തുമെല്ലാം ഇഎംഎസ് അക്കാദമിക്ക് വേണ്ടിയും ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജിന് വേണ്ടിയും എഴുതിവച്ചാണ് റസാഖ് പോരാടിയത്. വിവാഹ സമയത്ത് മഹറായി പുസ്തകമുള്‍പ്പെടെ നല്‍കി മാതൃക കാണിച്ച സുഹൃത്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് സുഹൃത്തുക്കളുടെ ഉള്‍പ്പെടെ വൈകാരിക പ്രതികരണങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റായി വന്നത്. വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടിയാണ് റസാഖ് എല്ലാം മാറ്റിവച്ചതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. സുഹൃത്ത് വഹീദ് സമന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

ഏറെ ഞെട്ടലോടെയാണ് റസാഖ് പയമ്പ്രോട്ടിന്റെ മരണവാര്‍ത്ത കേട്ടത്. ഇന്ന് രാവിലെ വരെ സജീവമായിരുന്ന ഒരാള്‍ ഇതേവരെ നടത്തിയ പോരാട്ടങ്ങളുടെയെല്ലാം അക്ഷരക്കൂട്ടുകള്‍ കഴുത്തില്‍ തൂക്കി പഞ്ചായത്ത് ഓഫീസില്‍ ജീവനൊടുക്കി എന്നറിഞ്ഞപ്പോഴുള്ള ഞെട്ടല്‍ ഇപ്പോഴും കൂടെയുണ്ട്. കൊണ്ടോട്ടിയില്‍ ടി.എ റസാഖ് അടക്കമുള്ള നിരവധി പേരെ എഴുത്തിന്റെ വഴിയിലേക്ക് എത്തിച്ച വര എന്ന പ്രസിദ്ധീകരണത്തിന്റെ എല്ലാമെല്ലാമായിരുന്നു റസാഖ്. ഞാനും കുറച്ചുമാസം ആ പ്രസിദ്ധീകരണത്തില്‍ ജോലി ചെയ്തിരുന്നു. ഒരു റേഡിയോ മാത്രമായിരുന്നു വാര്‍ത്തയുടെ പ്രധാന സ്രോതസ്. മുടങ്ങിയും വീണ്ടും വന്നും വര ചലിച്ചുകൊണ്ടേയിരുന്നു. പിന്നീട് വര്‍ത്തമാനം ദിനപത്രത്തിന്റെ കോര്‍ഡിനേറ്റിംഗ് എഡിറ്ററായും കുറച്ചുമാസം റസാഖ് പ്രവര്‍ത്തിച്ചു. സിയാദ് കോക്കറിന്റെ കോക്കേഴ്‌സ് ഫിലിംസില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും റസാഖുണ്ടായിരുന്നു.

ഇടതുമുന്നണി അധികാരത്തില്‍ വന്ന സമയത്തെല്ലാം റസാഖായിരുന്നു കൊണ്ടോട്ടിയിലെ മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകത്തിന്റെ സെക്രട്ടറി. ആ സ്ഥാപനത്തെ ചിട്ടയോടെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ റസാഖ് ഏറെ അദ്ധ്വാനിച്ചു. കൊണ്ടോട്ടി സ്മാരകത്തില്‍ വെച്ച് റസാഖിനെ കാണുമ്പോഴെല്ലാം ടി.കെ ഹംസയും കൂടെയുണ്ടാകുമായിരുന്നു. ഹംസാക്കയും റസാഖും തമ്മില്‍ എടുത്തുമാറ്റാനാകാത്ത വിധമുള്ള ബന്ധമുണ്ടായിരുന്നു. പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ റസാഖ് പലപ്പോഴും മുന്നോട്ടുവന്നിരുന്നു. സി പി എം നേതൃത്വത്തിലുള്ള ഭരണ സമിതിക്കെതിരെ ആയിരുന്നു റസാഖ് പ്രതികരിച്ചിരുന്നത്. സ്വകാര്യ സംഭാഷണങ്ങളിലെല്ലാം താന്‍ അനുഭവിക്കുന്ന സംഘര്‍ഷത്തെ പറ്റി റസാഖ് പറയുമായിരുന്നു. തോറ്റുപോയെന്ന് തോന്നുന്നുവെന്ന് ഒരിക്കല്‍ പറയുകയും ചെയ്തു. തന്റെ വീടും സ്വത്തുമെല്ലാം ഇ.എം.എസ് അക്കാദമിക്ക് വേണ്ടിയും ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജിന് വേണ്ടിയും എഴുതിവെച്ചാണ് റസാഖ് പോരാടിയത്. താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടിയാണ് റസാഖ് എല്ലാം മാറ്റിവെച്ചത്. തനിക്ക് ശരിയെന്ന് തോന്നുന്നതിന് വേണ്ടി ഏതറ്റം വരെയും റസാഖ് പോകുമായിരുന്നു. ഈ സ്വയം തീരുമാനിച്ച യാത്രയും റസാഖിന്റെ മാത്രം ശരിയായിരിക്കും. അന്ത്യാഭിവാദ്യങ്ങള്‍, തനിക്ക് ശരിയെന്ന് തോന്നുന്നതിന് വേണ്ടി ഏതറ്റം വരെയും റസാഖ് പോകുമായിരുന്നു. ഈ സ്വയം തീരുമാനിച്ച യാത്രയും റസാഖിന്റെ മാത്രം ശരിയായിരിക്കും. അന്ത്യാഭിവാദ്യങ്ങള്‍..

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് റസാഖ് ഇട്ട ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുകയാണ്. സീസണ്‍ നോക്കി മാഫിയാ സംഘങ്ങള്‍ രംഗപ്രവേശം ചെയ്യും. എല്ലാ മാഫിയ സംഘങ്ങള്‍ക്കും സഹായം ചെയ്യുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമാണ്. മണ്ണ് മാഫിയ, മണല്‍ മാഫിയ, ക്വാറി മാഫിയ, വനം മാഫിയ തുടങ്ങിയവ ഉദാഹരണമെന്ന് തുടങ്ങുന്ന പോസ്റ്റ് സിപിഎം നേതൃത്വം നല്‍കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനെതിരെയാണ്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പുളിക്കല്‍ പഞ്ചായത്തിനെതിരെയുള്ള റസാഖ് പയമ്പ്രോട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

മണ്ണ് മാഫിയ, മണല്‍ മാഫിയ, ക്വാറി മാഫിയ, വനം മാഫിയ തുടങ്ങിയവ ഉദാഹരണം. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത 'സാംസ്‌കാരിക' കേരളത്തില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം ഒരു വിഷയമാണ്. ഈ സീസണ്‍ മനസ്സിലാക്കിയാണ് പ്ലാസ്റ്റിക് മാലിന്യ മാഫിയ പുളിക്കല്‍ പഞ്ചായത്തിലും പിടിമുറുക്കിയിരിക്കുന്നത്.വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന MSME യെ പ്ലാസ്റ്റിക് മാലിന്യ മാഫിയ ദുരുപയോഗിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് 2020 മുതല്‍ പുളിക്കല്‍ പഞ്ചായത്ത് വാര്‍ഡ് 14/272 B യില്‍ നടക്കുന്ന സംരംഭം. MSME യില്‍ PCB അനുവദിച്ചത് പ്രതിദിനം 100 കിലോഗ്രാം സംഭരണം, സംസ്‌ക്കരണം. കാരണം ജനവാസ മേഖലയാണത്. എന്നാല്‍ അവിടെ നടക്കുന്നതോ? MSME യുടെ പേരില്‍ പ്രതിമാസം ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്.

ഇതിന്റെ പങ്കുപറ്റാന്‍ ഉദ്യോഗസ്ഥരും. അവസരമൊരുക്കുന്നത് പുളിക്കല്‍ തദ്ദേശ ഭരണ സ്ഥാപനവും. ഇതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടത് ഈ പ്രദേശത്തുകാരും. ഇതേ കുറിക്കാനൊള്ളു. ബാക്കി ഈ രേഖകളും ചിത്രങ്ങളും സ്വയം സംസാരിക്കും.

logo
The Fourth
www.thefourthnews.in