സജി ചെറിയാന്‍
സജി ചെറിയാന്‍

സജി ചെറിയാന് ആശ്വാസം; അയോഗ്യനാക്കണമെന്ന ഹർജി തള്ളി

ഭരണഘടനയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്

ഭരണഘടനയെ അധിക്ഷേപിച്ച മുൻ മന്ത്രി സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. സജി ചെറിയാന്‍റെ നടപടി സത്യപ്രതിജ്ഞാ ലംഘനമായതിനാൽ എംഎൽഎ പദവിയിൽ നിന്ന് പുറത്താക്കണമെന്നാമാവശ്യപ്പെട്ട് മലപ്പുറം സ്വദേശി ബിജു. പി ചെറുമൻ, ബഹുജൻ ദ്രാവിഡ പാർട്ടി നേതാവ് വയലാർ രാജീവൻ എന്നിർ നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

കഴിഞ്ഞ ജൂലൈ നാലിന് ഒരു പൊതു ചടങ്ങിൽ പ്രസംഗിക്കുമ്പോൾ ഭരണഘടനയെ വിമർശിച്ചത് വിവാദമാവുകയും മന്ത്രി സ്ഥാനത്ത് നിന്ന് സജി ചെറിയാന് രാജിവെക്കേണ്ടിവരികയും ചെയ്തിരുന്നു. എന്നാൽ, ഭരണഘടനയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. അതേസമയം, പ്രഥമദൃഷ്‌ട്യാ ഹർജികൾ നിലനിൽക്കില്ലെന്ന് കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു.

ജൂലൈയില്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം. ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്ന ഭരണഘടനയാണ് രാജ്യത്തുള്ളത് എന്നായിരുന്നു പരാമര്‍ശം. ഇന്ത്യയില്‍ മനോഹരമായ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നതെന്ന് പറയുമെങ്കിലും ബ്രിട്ടീഷുകാര്‍ പറഞ്ഞ പോലെയാണ് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത് എന്നും പ്രസംഗത്തിലുണ്ടായിരുന്നു. വിവാദം കടുത്തതോടെ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

logo
The Fourth
www.thefourthnews.in