പ്രശസ്ത ബാലസാഹിത്യകാരന്‍ കെ വി രാമനാഥന്‍ അന്തരിച്ചു
Navaneeth Krishnan S

പ്രശസ്ത ബാലസാഹിത്യകാരന്‍ കെ വി രാമനാഥന്‍ അന്തരിച്ചു

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം

പ്രമുഖ ബാലസാഹിത്യകാരന്‍ കെ വി രാമനാഥന്‍(91) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാത്രി 10.30യോടെയാണ് അന്ത്യം സംഭവിച്ചത്. അദ്ഭുത വാനരൻമാർ , അത്ഭുത നീരാളി,ആമയും മുയലും ഒരിക്കല്‍ കൂടി, കമാന്‍ഡര്‍ ഗോപി ,മാന്ത്രിക പൂച്ച, രാജുവും റോണയും , ഓര്‍മയിലെ മണിമുഴക്കം തുടങ്ങി ഇരുപതോളം സാഹിത്യ കൃതികളുടെ രചയിതാവായ അദ്ദേഹത്തെ 2014ലെ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു

ജീവിത രേഖ

ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തിനുസമീപം പാലസ് റോഡ് പൗര്‍ണമിയില്‍ പരേതനായ മണക്കല്‍ ശങ്കര മേനോന്റയും കിഴക്കേ വളപ്പില്‍ കൊച്ചു കുട്ടിയമ്മയുടേയും മകനായി 1932 ഓഗസ്റ്റ് 29നാണ് കെ വി രാമനാഥന്‍ ജനിക്കുന്നത് . ഇരിങ്ങാലക്കുട സംഗമേശ്വരവിലാസം എല്‍ പി സ്‌കൂള്‍, ഗവ. ബോയ്സ് ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, തൃശ്ശൂര്‍ ഗവ.ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 36 വര്‍ഷത്തെ സേവനത്തിനു ശേഷം നാഷണല്‍ സ്‌കൂളിലെ പ്രധാനാധ്യാപകനായാണ് വിരമിച്ചത്.

എഴുത്തിന്റെ ലോകത്തേക്ക്

1948ല്‍ ദീനബന്ധു എന്ന പത്രത്തിന്റെ വാരാന്ത്യ പതിപ്പിൽ കഥയെഴുതിയാണ് അദ്ദേഹം സാഹിത്യ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. സാഹിത്യത്തിലേക്ക് സജീവമായി കടന്ന അദ്ദേഹം ബാലസാഹിത്യ കൃതികളെഴുതാനുള്ള തന്റെ കഴിവ് തിരിച്ചറിഞ്ഞു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണ സമിതി അംഗം ,കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിന്റെ ഓണററി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ശങ്കറിന്റെ ചില്‍ഡ്രന്‍സ് വേൾഡ്, ഹിന്ദുവിന്റ യങ് വേള്‍ഡ് ,യങ് എക്‌സ്പ്രഷന്‍, യങ് കമ്യൂണിക്കേറ്റര്‍, ചില്‍ഡ്രന്‍സ് ഡൈജസ്റ്റ് തുടങ്ങിയ ഇംഗ്ലീഷ് ആനുകാലികങ്ങളിലും അദ്ദേഹം സ്ഥിരമായി എഴുതാറുണ്ടായിരുന്നു. 1988 മുതല്‍ 1993 വരെയുളള കാലഘട്ടത്തില്‍ കേരള ബാലസാഹിത്യ അക്കാദമിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പുരസ്‌ക്കാരങ്ങള്‍

1961 ല്‍ അപ്പുക്കുട്ടനും ഗോപിയും , 1968 ല്‍ ആമയും മുയലും ഒരിക്കല്‍ കൂടി എന്നീ കൃതികള്‍ക്ക് എസ് പി സി എസ് പുരസ്‌ക്കാരം ലഭിച്ചു. 1987 ല്‍ അദ്ഭുത വാനരന്‍മാര്‍ക്ക് കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിന്റെ പുരസ്‌ക്കാരം.പിന്നീട് 1992 ല്‍ അദ്ഭുത നീരാളിക്ക് ഭീമ പുരസ്‌ക്കാരത്തിനും 1994 ല്‍ കേരള സാഹിത്യഅക്കാദമി പുരസ്‌ക്കാരത്തിനും അർഹനായി . 2012ല്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവന പുരസ്‌ക്കാരവും രാമനാഥനെ തേടിയെത്തി.

വ്യക്തി ജീവിതം

ഇരിങ്ങാലക്കുട ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും പ്രിന്‍സിപ്പലായി വിരമിച്ച കെ കെ രാധയാണ് കെ രാമനാഥന്റെ ഭാര്യ. സാമൂഹിക പ്രവര്‍ത്തകയും പത്ര പ്രവര്‍ത്തകയുമായ രേണു രാമനാഥനും അധ്യാപികയായ ഇന്ദുകലയുമാണ് മക്കള്‍.

logo
The Fourth
www.thefourthnews.in