അരിവില കുതിച്ചുയരുന്നു; താളംതെറ്റി കുടുംബ ബജറ്റും ഹോട്ടല്‍ വ്യവസായവും

അരിവില കുതിച്ചുയരുന്നു; താളംതെറ്റി കുടുംബ ബജറ്റും ഹോട്ടല്‍ വ്യവസായവും

കേരളത്തിലെ ജനപ്രിയ അരിയിനങ്ങള്‍ക്കെല്ലാം വിലയില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്

സംസ്ഥാനത്ത് ജന ജീവിതം ദുസ്സഹമാക്കി അരിയുള്‍പ്പെടെയുള്ള സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ജനപ്രിയ അരിയിനങ്ങളുടെ വിലയില്‍ ഇരട്ടിയോളമാണ് ഓണത്തിന് ശേഷം വിപണിയില്‍ ഉയര്‍ന്നത്. അരിയുടെയും പല വ്യഞ്ജനങ്ങളുടെയും വിലക്കയറ്റം കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതിന് ഒപ്പം ഹോട്ടല്‍ വ്യവസായത്തെയും സാരമായി ബാധിച്ച് കഴിഞ്ഞു.

വിവിധ അരിയിനങ്ങളുടെ കിലോയ്ക്ക് ആറ് മുതല്‍ പത്ത് രൂപ വരെ വര്‍ധനവുണ്ടായി

പാചക വാതകം, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയ അവശ്യ സാധനങ്ങളുടെയും വില കഴിഞ്ഞ ആഴ്ചകളില്‍ വന്‍തോതിലാണ് ഉയര്‍ന്നത്. കുടുംബ ചെലവിനായി പ്രതിമാസം രണ്ടായിരം രൂപയില്‍ അധികമാണ് ഇപ്പോള്‍ ഒരു സാധാരണ കുടുംബത്തിന് നീക്കിവയ്ക്കേണ്ടിവരുന്നത്.

ഹോട്ടല്‍ വ്യവസായത്തില്‍ നിന്ന് ലാഭം ലഭിക്കാത്ത അവസ്ഥ

ഹോട്ടലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

അരി അടക്കമുളള ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം സംസ്ഥാനത്തെ ഹോട്ടല്‍ വ്യവസായത്തെയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രതികരണം. അരിയുടെ പൂഴ്ത്തിവയ്പ്പ് ഉള്‍പ്പെടെ വിപണിയിലെ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെന്നാണ് കേരള വ്യാപാരി ഏകോപന സമിതി സെക്രട്ടറി രാജു പറയുന്നത്. ദ ഫോര്‍ത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടല്‍ വ്യവസായത്തില്‍ നിന്ന് ലാഭം ലഭിക്കാത്ത അവസ്ഥയാണ്. അരി, എണ്ണകള്‍ മറ്റ് ആവശ്യ വസ്തുക്കള്‍ തുടങ്ങി എല്ലാതരം ഉല്‍പ്പന്നങ്ങള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്. മൂന്ന് മാസത്തിനിടെയാണ് വിലക്കയറ്റം പിടിച്ച് നില്‍ക്കാന്‍ സാധിക്കാത്ത തരത്തില്‍ ഉയര്‍ന്നത്. കേരളത്തിലേക്ക് അരിയെത്തുന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള വിതരണം കുറഞ്ഞതോടെയാണ് വിലക്കയറ്റം ആരംഭിച്ചത്. ഇതിന് പുറമെ ഏജന്റുമാര്‍ കമ്മീഷന്‍ കൂടുതല്‍ എടുക്കുവാന്‍ പൂഴ്ത്തിവയ്പുകള്‍ നടത്തുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നു.'' എന്നും രാജു ചൂണ്ടിക്കാട്ടുന്നു.

മൂന്ന് മാസത്തിനിടെയാണ് വിലക്കയറ്റം പിടിച്ച് നില്‍ക്കാന്‍ സാധിക്കാത്ത തരത്തില്‍ ഉയര്‍ന്നത്. കേരളത്തിലേക്ക് അരിയെത്തുന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള വിതരണം കുറഞ്ഞതോടെയാണ് വിലക്കയറ്റം ആരംഭിച്ചത്.

കേരളത്തിലെ ജനപ്രിയ അരിയിനങ്ങള്‍ക്കെല്ലാം വിലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. വിവിധ അരിയിനങ്ങളുടെ കിലോയ്ക്ക് ആറ് മുതല്‍ പത്ത് രൂപ വരെയാണ് വര്‍ധിച്ചത്. ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ സുരേഖ അരിയുടെ വില 38 രൂപയില്‍ നിന്ന് 44 രൂപയായി ഉയര്‍ന്നു. ജയ അരി 38 രൂപയില്‍ നിന്നും 58 രൂപയായാണ് ചില്ലറ വിപണയില്‍ വില ഉയര്‍ന്നത്. മട്ട ഇനങ്ങള്‍ക്കും പത്ത് മുതല്‍ 12 രൂപ വരെയാണ് ഉയര്‍ന്നത്. 50 രൂപയുണ്ടായിരുന്ന മട്ട (വടി) അരിയുടെ വില ഇപ്പോള്‍ 62 രൂപയാണ്. മട്ട ഉണ്ട ഇനം 35 ല്‍ നിന്നും 45 ആയി ഉയര്‍ന്നു.

വടക്കന്‍ കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. അരിയിനങ്ങള്‍ക്ക് അഞ്ച് രൂപ വരെ ഉയര്‍ന്നിട്ടുണ്ട്.നിലവില്‍ കണ്ണൂരില്‍ മട്ട അരിക്ക് 47 രൂപയാണ്. ജയ ഇനത്തിന് 48 രൂപയില്‍ നിന്നും 52 രൂപയായി ഉയര്‍ന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് 37 രൂപയുണ്ടായിരുന്ന കുറുവ അരിയ്ക്ക് ഇപ്പോള്‍ 42 രൂപയാണ്.

34 രൂപയില്‍ എടുത്തിരുന്ന ജയ അരിക്ക് ഇന്ന് 49 രൂപയാണ്. ഹോള്‍സെയില്‍ നിരക്ക് മാര്‍ക്കറ്റില്‍ 56 രൂപയും. 160 രൂപയായിരുന്ന മുളക് പൊടിക്ക് ഇന്നത്തെ വില 192 രൂപ ഹോള്‍സെയിലിലും മാര്‍ക്കറ്റില്‍ 200 ആണ് വില.

20 രൂപയുടെ ഊണും പ്രതിസന്ധിയില്‍

സാധരണ ഹോട്ടലുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഊണ് ലഭ്യമാക്കുന്ന ഇടങ്ങളാണ് സുഭിക്ഷ ഹോട്ടലുകള്‍. വിലക്കയറ്റം കാരണം ഒരുവിധത്തിലും മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഉടമകള്‍. അഞ്ച് മാസത്തോളമായി പടിപടിയായി തുടരുന്ന വിലക്കയറ്റം ഉടമകളെ നല്ലരീതിയില്‍ ബാധിച്ചിട്ടുണ്ട്. 34 രൂപയില്‍ എടുത്തിരുന്ന ജയ അരിക്ക് ഇന്ന് 49 രൂപയാണ്. ഹോള്‍സെയില്‍ നിരക്ക് മാര്‍ക്കറ്റില്‍ 56 രൂപയും. 160 രൂപയായിരുന്ന മുളക് പൊടിക്ക് ഇന്നത്തെ വില 192 രൂപ ഹോള്‍സെയിലിലും മാര്‍ക്കറ്റില്‍ 200 ആണ് വില.

വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സുഭിക്ഷ ഹോട്ടലുകളെയും അവശ്യ സാധനങ്ങളുടെ വിലക്കയറ്റം സാരമായി ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കായ 20 രൂപയ്ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാല്‍ വിലക്കയറ്റം മൂലം ഇത്തരത്തില്‍ തുടരാനാവില്ലെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രതികരണം.

വിലക്കയറ്റം കാരണം ഒരുവിധത്തിലും മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സുഭിക്ഷ ഹോട്ടലുകള്‍ എന്ന് തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് സുഭിക്ഷ ഹോട്ടലുമായി പ്രവര്‍ത്തിക്കുന്ന ജനദാസ് ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

''സാധരണ ഹോട്ടലുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഊണ് ലഭ്യമാക്കുന്ന ഇടങ്ങളാണ് സുഭിക്ഷ ഹോട്ടലുകള്‍. എന്നാല്‍ അഞ്ച് മാസത്തോളമായി പടിപടിയായി തുടരുന്ന വിലക്കയറ്റം സുഭിക്ഷ ഹോട്ടല്‍ ഉടമകളെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. 34 രൂപയില്‍ എടുത്തിരുന്ന ജയ അരിക്ക് ഇന്ന് 49 രുപയാണ് ഹോള്‍സെയില്‍ നിരക്ക് ചില്ലറ മാര്‍ക്കറ്റില്‍ ഇതിന് കിലോയ്ക്ക് 56 രൂപ വരെ നല്‍കേണ്ടിവരുന്നുണ്ട്. 20 രൂപ ഈടാക്കുന്ന ഊണിന് 5 രൂപയെങ്കിലും വില വര്‍ധിപ്പിച്ചാല്‍ മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളു.''- ജനദാസ് പറയുന്നു.

പ്രതിപക്ഷം പ്രക്ഷോഭത്തിന്

സംസ്ഥാനത്തെ ജന ജീവിതം ദുസ്സഹമാക്കി വിലക്കയറ്റം രൂക്ഷമായി തുടരുമ്പോള്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ കാര്യക്ഷമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് അരി വില 65 രൂപയായിട്ടും വിപണിയിലിടപെട്ട് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. അരി വില കൂടിയതിന് അനുപാതികമായി 13 നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറി വിലയും കൂടുകയാണ്.

ഓണത്തിന് ശേഷം രൂക്ഷമായ വിലക്കയറ്റമുണ്ടായിട്ടും സര്‍ക്കാര്‍ ഇടപെട്ടില്ല. ആന്ധ്രയില്‍ നിന്നും അരി കൊണ്ട് വരുമെന്ന് ഒരു മാസമായി മന്ത്രി പറയുകയാണ്. മുഖ്യമന്ത്രിക്ക് മുന്നില്‍ എല്ലാ ദിവസത്തെയും വിലനിലവാരം എത്തും. ഏതെങ്കിലും ഒരു ദിവസം മുഖ്യമന്ത്രി അത് പരിശോധിച്ചിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

എല്ലാ ദിവസത്തെയും വിലനിലവാരം മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തും. ഏതെങ്കിലും ഒരു ദിവസം അത് പരിശോധിച്ചിട്ടുണ്ടോ

പ്രതിപക്ഷനേതാവ് വിഡി സതീശന്‍

സംസ്ഥാനത്തെ നെല്ല് സംഭരണം ഉള്‍പ്പെടെ പ്രതിസന്ധിയിലാണ് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 1,75000 മെട്രിക് ടണ്‍ നെല്ലാണ് എല്ലാ വര്‍ഷവും സപ്ലൈകോ സംഭരിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം അയ്യായിരം ടണ്‍ നെല്ല് മാത്രമാണ് സര്‍ക്കാര്‍ സംഭരിച്ചത്. തുലാവര്‍ഷമായിട്ടും കുട്ടനാട്ടിലും പാലക്കാടും കൊയ്തെടുത്ത നെല്ല് മുഴുവന്‍ പാടത്ത് കിടക്കുകയാണ്. അരി വില 65 രൂപയായ കാലത്താണ് കേളത്തില്‍ വിളയിച്ച നെല്ല് പാടത്ത് കിടക്കുന്നത്. ഇനി അത് സംഭരിച്ചാലും 50 ശതമാനത്തോളും ഉപയോഗശൂന്യമാകും. നാളികേര സംഭരണവും പ്രഖ്യാപിച്ചതല്ലാതെ നടന്നില്ല. സംസ്ഥാനത്തെ നെല്‍ കര്‍ഷകരും നാളികേര കര്‍ഷകരും റബര്‍ കര്‍ഷകരും കണ്ണീരിലാണ്. വിഷയം ഉയര്‍ത്തിക്കാട്ടി തെരുവില്‍ പ്രതിഷേധിക്കും. നവംമ്പര്‍ മൂന്നു മുതല്‍ പ്രക്ഷോഭം ആരംഭിക്കും. സെക്രട്ടറിയേറ്റ് വളയല്‍ അടക്കമുളള സമരപരിപാടികള്‍ക്കാണ് നീക്കം.

അരി, വറ്റല്‍ മുളക് അടക്കം വിലക്കയറ്റമുളള മറ്റ് ആവശ്യ സാധനങ്ങള്‍ കൂടുതല്‍ സംഭരിക്കാനും സപ്ലൈകോ വഴി വിറ്റഴിക്കാനും ശ്രമം തുടങ്ങി

ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

അരി വില കുറയ്ക്കാനുളള നടപടി ആരംഭിച്ചെന്നാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള പ്രതികരണം. ആന്ധ്രയില്‍ നിന്ന് ദയ അരി ഇറക്കുമതി ചെയുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. വിഷയത്തില്‍ ആന്ധ്രപ്രദേശ് പൊതുവിതരണ മന്ത്രിയുള്‍പ്പെടെ ഉള്ളവരുമായി ചര്‍ച്ച നടത്തും. ഇതിനായി മന്ത്രിയും സംഘവും ഇന്ന് തിരുവന്തപുരത്തെത്തുമെന്നും ജി ആര്‍ അനില്‍ അറിയിച്ചു. അരി, വറ്റല്‍ മുളക് അടക്കം വിലക്കയറ്റമുളള മറ്റ് ആവശ്യ സാധനങ്ങള്‍ കൂടുതല്‍ സംഭരിക്കാനും സപ്ലൈകോ വഴി വിറ്റഴിക്കാനുള്ള നീക്കവും പരിഗണനയിലുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര അടക്കമുളള സംസ്ഥാനങ്ങളിലുണ്ടായ ഉത്പാദനത്തിന്റെ കുറവാണ് വിലക്കയറ്റത്തിന്റെ മുഖ്യ കാരണമെന്നും മന്ത്രി വിശദീകരിക്കുന്നു.

logo
The Fourth
www.thefourthnews.in