വാഹനാപകടം: കുറ്റക്കാർക്കെതിരെ നടപടിക്ക് കാലതാമസമെന്തെന്ന് ഹൈക്കോടതി

വാഹനാപകടം: കുറ്റക്കാർക്കെതിരെ നടപടിക്ക് കാലതാമസമെന്തെന്ന് ഹൈക്കോടതി

ഗതാഗത കമ്മീഷണർ കോടതിയില്‍ നേരിട്ട് ഹാജരായി

സംസ്ഥാനത്ത് റോഡപകടങ്ങള്‍ക്ക് ഉത്തരവാദികളായ ആളുകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കാലതാമസമെന്തിനെന്ന് ഹൈക്കോടതി. അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിക്ക് നിർദേശം നല്‍കി സർക്കുലർ പുറപ്പെടുവിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഹൈക്കോടതി നിർദേശം നല്‍കി. പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാൻ ടോള്‍ ഫ്രീ നമ്പര്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നിർദേശം പാലിക്കുമെന്ന് കമ്മീഷണർ ഉറപ്പ് നല്‍കി.

വടക്കഞ്ചേരിയിലേതുപോലെ വാഹനാപകടങ്ങള്‍ ആവർത്തിക്കരുത്. ഇനിയൊരു കരച്ചില്‍ കൂടി കാണാനാവില്ല. റോഡില്‍ ഇനി ചോര വീഴരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ബസുകള്‍ നിരവധി അപകടങ്ങളുണ്ടാക്കുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ട്. വേറെ എവിടെയെങ്കിലും ഇത്രയെറെ അപകടങ്ങളുണ്ടാകുന്നതായി അറിയില്ല. വാഹനാപടകമുണ്ടാക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഹൈക്കോടതിയുടെ നിർദേശ പ്രകാരം ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത് ഹൈക്കോടതിയില്‍ ഹാജരായി. വാഹനാപകടങ്ങളില്‍ പരാതി ലഭിച്ചാല്‍ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഗതാഗത കമ്മീഷണർ പറഞ്ഞു. ധാർമ്മികമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും എസ് ശ്രീജിത്ത് പറഞ്ഞു. അഭിഭാഷകരും കോടതിയില്‍ വിവരങ്ങള്‍ ബോധിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in