സജി ചെറിയാന്‍ വീണ്ടും മന്ത്രി; സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

സജി ചെറിയാന്‍ വീണ്ടും മന്ത്രി; സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

ലളിതമെങ്കിലും പ്രൗഢഗംഭീരമായ വേദിയാണ് രാജ്ഭവനിലൊരുക്കിയത്

ഭരണഘടനാ വിമര്‍ശനത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്ന സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനിലൊരുക്കിയ പ്രത്യേക വേദിയിലാണ് ചടങ്ങ് നടന്നത്. സഗൗരവമാണ് സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടനയില്‍ തനിക്കുള്ള വിശ്വാസവും കൂറും പുലര്‍ത്തുമെന്ന് സത്യവാചകത്തില്‍ ഏറ്റുപറഞ്ഞു. മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രമുഖര്‍ തുടങ്ങി മറ്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. സജി ചെറിയാന്റെ പുനഃപ്രവേശനത്തില്‍ അതൃപ്തിയറിയിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.

ലളിതമെങ്കിലും പ്രൗഢഗംഭീരമായ വേദിയാണ് രാജ്ഭവനിലൊരുക്കിയത്. രണ്ടാം പിണറായി സര്‍ക്കാരിലേക്കുള്ള രണ്ടാം വരവാണ് സജി ചെറിയാന്റേത്. 182 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങി വരവ്.

കുടുംബസമേതമാണ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. നേരത്തേ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്‌കാരികം, സിനിമ, യുവജനക്ഷേമ വകുപ്പുകള്‍ തന്നെ നല്‍കാനാണ് സാധ്യത. സജി ചെറിയാന്റെ വരവോടെ രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ എണ്ണം 21 ആയി. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ സജി ചെറിയാന്‍ പങ്കെടുക്കും.

ഗവര്‍ണറും സര്‍ക്കാരും തമ്മിലെ പോര് തുടരുന്നതിനിടെ ആദ്യമായാണ് മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തിയത്. ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാതെ വിട്ടുനിന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം രാജ്ഭവനിലെ ചായ സത്കാരത്തില്‍ പങ്കെടുത്തു. സജി ചെറിയാന്റെ പുനഃപ്രവേശനത്തില്‍ എറെ അനിശ്ചിതത്വങ്ങള്‍ക്ക് വഴിവെച്ചത് ഗവര്‍ണറുടെ നിലപാടായിരുന്നു. സര്‍ക്കാര്‍ തീരുമാനം അറിയിച്ച ശേഷം വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ഗവര്‍ണര്‍ അനുകൂല നിലപാടെടുത്തത്. അറ്റോര്‍ണി ജനറലിനോടുള്‍പ്പെടെ നിയമോപദേശം തേടിയ ശേഷമാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്.

2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗത്തിലെ പ്രസംഗമാണ് സജി ചെറിയാന് മന്ത്രിസഭയില്‍ നിന്നും പുറത്തേക്കുള്ള വഴി തെളിച്ചത്. ആര്‍ക്കും ചൂഷണം ചെയ്യാന്‍ സാധിക്കാത്ത തരത്തിലാണ് ഇന്ത്യന്‍ ഭരണഘടനയെന്നായിരുന്നു അന്ന് സജി ചെറിയാന്‍ പറഞ്ഞത്. ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയില്‍ ഉണ്ടായിരുന്നതെന്നും ആയിരുന്നു സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍. പിന്നാലെ വിവാദങ്ങളും വാര്‍ത്തകളും സജീവമായതോടെ പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്ന് ജൂലൈ ആറ് ബുധനാഴ്ച വൈകുന്നേരമാണ് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്.

logo
The Fourth
www.thefourthnews.in