ഭരണഘടനയും കുന്തവും കുടച്ചക്രവും; സജി ചെറിയാന്റെ രണ്ടാം വരവ്

ഭരണഘടനയും കുന്തവും കുടച്ചക്രവും; സജി ചെറിയാന്റെ രണ്ടാം വരവ്

ജൂലൈ മൂന്ന് ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗമാണ് വിവാദങ്ങളുടെ തിരി തെളിച്ചത്. ആറ് മാസത്തിന് ശേഷം സജി ചെറിയാന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയാണ്.

വിവാദമായ ഭരണഘടനാ വിമര്‍ശന പ്രസംഗത്തെ തുടര്‍ന്ന് രാജി വയ്‌ക്കേണ്ടി വന്ന സജി ചെറിയാന്‍ പുതുവര്‍ഷത്തില്‍ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയാണ്. ജൂലൈ മൂന്ന് ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗമാണ് വിവാദങ്ങൾക്ക് തിരിതെളിച്ചത്. സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗമായിരുന്നു പരിപാടി. ആര്‍ക്കും ചൂഷണം ചെയ്യാന്‍ സാധിക്കാത്ത തരത്തിലാണ് ഇന്ത്യന്‍ ഭരണഘടനയെന്നായിരുന്നു അന്ന് സജി ചെറിയാന്‍ പറഞ്ഞത്. ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയില്‍ ഉണ്ടായിരുന്നതെന്നും ആയിരുന്നു സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍.

ജൂലായ് മൂന്നിന് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പാർട്ടിയുടെ ഫേസ്ബുക്കില്‍ വന്നു. രണ്ട് ദിവസം വീഡിയോ പേജില്‍ തന്നെ നിന്നു. വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ വാര്‍ത്തകള്‍ വന്നു. വിവാദങ്ങള്‍ക്കും മൂര്‍ച്ച കൂടി. പിന്നാലെ പേജില്‍ നിന്നും വീഡിയോ അപ്രത്യക്ഷമായി. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം പ്രതിപക്ഷം രംഗത്തെത്തി. ബിജെപിയും പ്രതിഷേധം കടുപ്പിച്ചു. ഇതിനിടെ സജി ചെറിയാന്റെ ആദ്യ വിശദീകരണവുമെത്തി. ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല. ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ മന്ത്രിയുടെ രാജിയ്ക്കായി സമ്മര്‍ദ്ദമേറി.

ഖേദ പ്രകടനത്തോടെ വിവാദങ്ങള്‍ക്ക് അറുതി വരുത്താം എന്നായിരുന്നു സിപിഎമ്മും ആദ്യം പ്രതീക്ഷിച്ചത്. സംഭവിച്ചത് നാക്കുപിഴയെന്ന പ്രതിരോധവുമായി മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിരുന്നു.

വിഷയത്തില്‍ ഗവര്‍ണറും ഇടപെട്ടു. വിവാദത്തിനാധാരമായ വീഡിയോ ഹാജരാക്കാന്‍ രാജ്ഭവന്‍ ചീഫ് സെക്രട്ടറിയോട് ഉത്തരവിട്ടു. ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടി. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണം. നിയമസഭയിലും ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് സജി ചെറിയാ​ന്റെ പരാമർശം വഴിതെളിച്ചത്. ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്ന് സഭയില്‍ സജി ചെറിയാന്‍ വിശദീകരിച്ചു. പ്രസംഗമധ്യേയുണ്ടായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഖേദ പ്രകടനത്തോടെ വിവാദങ്ങള്‍ക്ക് അറുതി വരുത്താം എന്നായിരുന്നു സിപിഎമ്മും ആദ്യം പ്രതീക്ഷിച്ചത്. സംഭവിച്ചത് നാക്കുപിഴയെന്ന പ്രതിരോധവുമായി മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സിപിഐയും നിലപാടെടുത്തു.

പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്ന് ജൂലൈ ആറ് ബുധനാഴ്ച വൈകുന്നേരം 5.45 ഓടെ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവച്ചു. രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യ രാജി.

പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയാതെ വന്നതോടെ സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ ​അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. ഒടുവില്‍ പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്ന് ജൂലൈ ആറ് ബുധനാഴ്ച വൈകുന്നേരം സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചു. രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യ രാജി. രാജി സ്വതന്ത്രമായ തീരുമാനമാണ്, ഭരണഘടനാ സംരക്ഷണം രാഷ്ട്രീയ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സജി ചെറിയാന്‍ രാജി പ്രഖ്യാപനം നടത്തിയത്.

പിന്നാലെയാണ് സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം നിയമ നടപടികളിലേക്ക് കടന്നത്. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം പോലീസ് കേസെടുത്തു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കേസ് അവസാനിപ്പിക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. പ്രസംഗത്തില്‍ മനഃപ്പൂര്‍വം ഭരണഘടനയെ അവഹേളിക്കാന്‍ സജി ചെറിയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പോലീസ് കോടതിയിലറിയിച്ചു. തൊഴിലാളികളെ സംബന്ധിച്ച് പ്രസംഗിച്ചുവന്നപ്പോള്‍ വിമര്‍ശനാത്മകമായി ഭരണഘടനയെ പരാമര്‍ശിച്ചു. 50 മിനിട്ട് 12 സെക്കന്‍ഡാണ് സജി ചെറിയാന്‍ പ്രസംഗിച്ചത്. ഇതില്‍ രണ്ടുമിനിറ്റ് വരുന്ന ഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമര്‍ശം ഉണ്ടായത്. ഇത്തരത്തില്‍ കേസ്സെടുത്താല്‍ നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയെന്നും പോലീസ് ചൂണ്ടിക്കാട്ടി.

സജി ചെറിയാനോട് മാറി നില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത് കേസുണ്ടായത് കൊണ്ടല്ലെന്നും ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് മന്ത്രിസഭയിലേക്കുള്ള പുനഃപ്രവേശനത്തിന് സിപിഎം കരുക്കള്‍ നീക്കി തുടങ്ങിയത്. സിപിഎമ്മിന്റെ കഴിഞ്ഞ രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലും സജി ചെറിയാന്റെ മടങ്ങി വരവ് പ്രധാന ചര്‍ച്ചയായിരുന്നു. ഡിസംബര്‍ 9 ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം മാധ്യമങ്ങളെ കണ്ട സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അന്നുതന്നെ സൂചനകള്‍ നല്‍കിയിരുന്നു. സജി ചെറിയാനോട് മാറി നില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത് കേസുണ്ടായത് കൊണ്ടല്ലെന്നും ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ് എന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. പിന്നീട് ചേര്‍ന്ന സംസ്ഥാന കമ്മറ്റിയിലും സെക്രട്ടേറിയറ്റിലും വിഷയം വീണ്ടും ചര്‍ച്ചയ്ക്കെടുത്തു. നാലാഴ്ചയിലേറെ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് പുതുവര്‍ഷം ആദ്യം തന്നെ സജി ചെറിയാനെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവരാമെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്.

അറ്റോർണി ജനറലിനോടുള്‍പ്പെടെ നിയമോപദേശം തേടിയ ശേഷമാണ് ഗവര്‍ണര്‍ സര്‍ക്കാരിന് വഴങ്ങിയത്.

വിഷയത്തില്‍ ഗവര്‍ണറുടെ നിലപാടെന്തെന്നതായിരുന്നു ഏവരുടെയും ചര്‍ച്ച. സത്യപ്രതിജ്ഞാ തീയതി ഉള്‍പ്പെടെ തീരുമാനിച്ച് സര്‍ക്കാരും പാര്‍ട്ടിയും മുന്നോട്ട് പോയപ്പോള്‍ ഗവര്‍ണര്‍ അത്രവേഗം വഴങ്ങാന്‍ തയാറായിരുന്നില്ല. അവധി കഴിഞ്ഞ് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം തീരുമാനമെന്ന് നിലപാടെടുത്തു. ഭരണഘടനയെ അവഹേളിച്ചു എന്ന പരാതി വന്നപ്പോള്‍ അത് ബോധ്യമായത് കൊണ്ടാണല്ലോ മുഖ്യമന്ത്രി സജി ചെറിയാനോട് രാജി വെയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ പരാതിയുടെ സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നുള്ളതാണ് പരിശോധിക്കേണ്ടത് എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

അന്തിമ തീരുമാനം എടുക്കുന്നത് ഭരണഘടനാപരമായി ഗവര്‍ണറുടെ വിവേചനാധികാരത്തിന്റെ ഭാഗമായതിനാല്‍ വിശദീകരണം തൃപ്തികരമാകുന്നതുവരെ കാര്യങ്ങള്‍ നീട്ടിക്കൊണ്ട് പോകാന്‍ ഗവര്‍ണര്‍ മടിച്ചില്ല.

ആറ് മാസത്തിന് ശേഷം സജി ചെറിയാന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ച് തിരിച്ചെത്തിയതിന് സമാനമായി ഇപ്പോള്‍ സജി ചെറിയാനും മടങ്ങിയെത്തുകയാണ്.

logo
The Fourth
www.thefourthnews.in