'സിപിഎം മതനിഷേധകരുടെ പാർട്ടി, അനില്‍ കുമാർ പറഞ്ഞത് സിപിഎം ആശയം'; തട്ടം വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി സമസ്ത

'സിപിഎം മതനിഷേധകരുടെ പാർട്ടി, അനില്‍ കുമാർ പറഞ്ഞത് സിപിഎം ആശയം'; തട്ടം വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി സമസ്ത

തട്ടം ഉപേക്ഷിക്കുന്നതല്ല പുരോഗതിയെന്നും മതചിട്ടകള്‍ പാലിച്ചുകൊണ്ടും വിദ്യാഭ്യാസം നേടാനും ഉയരാനും സാധിക്കുമെന്നും സമസ്ത നേതാവ്

തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതുകൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. അനില്‍കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരേ സമസ്ത. സിപിഎം മതനിഷേധകരുടെ പാര്‍ട്ടിയാണെന്നും അനില്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ സിപിഎം ആശയമാണെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ആളുകളില്‍ മതനിഷേധം ഉണ്ടാക്കി പ്രസ്ഥാനത്തെ വളര്‍ത്തുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന തത്വശാസ്ത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

മതനിയമങ്ങള്‍ പാലിച്ച് ജീവിക്കുന്നവരെ അതില്‍ നിന്ന് അടര്‍ത്തിയെടുക്കുമ്പോഴാണ് മതനിഷേധം വളരുന്നത്

''മതനിയമങ്ങള്‍ പാലിച്ച് ജീവിക്കുന്നവരെ അതില്‍ നിന്ന് അടര്‍ത്തിയെടുക്കുമ്പോഴാണ് മതനിഷേധം വളരുന്നത്. മതനിഷേധം തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. അനില്‍കുമാര്‍ അത് തുറന്ന് പറഞ്ഞത് തെറ്റല്ല''-അബ്ദുസമദ് പറഞ്ഞു. എന്നാല്‍ ആ വസ്തുതകളെല്ലാം മറച്ചുവച്ച് മതസംഘടനകളെ കൂട്ടുപിടിക്കാനും വോട്ടു രാഷ്ട്രീയത്തിനും വേണ്ടി സിപിഎം പുതിയരീതികള്‍ സ്വീകരിക്കുകയാണ്. ആ കാപഠ്യത്തെയാണ് എല്ലാവരും എതിര്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''തങ്ങള്‍ മതനിഷേധികളാണെന്ന് പറയാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് തീര്‍ത്തും അവകാശമുണ്ട്. അല്ലെങ്കില്‍ ആ തത്വശാസ്ത്രം കൈവിട്ട് പുതിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് പറയാനുള്ള ധൈര്യം അവര്‍ക്ക് ഉണ്ടാകണം''- അദ്ദേഹം പറഞ്ഞു. ''മലപ്പുറത്ത് ഒരു പെണ്‍കുട്ടി തട്ടമിടുന്നത് ശരിയല്ലെന്ന രീതിയില്‍ അത് ഇല്ലായ്മ ചെയ്തത് കമ്യൂണിസ്റ്റുകാരാണെന്നും, അത് പുരോഗതിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. വ്യക്തിപരമായ അഭിപ്രായമായി അതിനെ ചുരുക്കിയാലും പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നയാള്‍ അങ്ങനെ പറയുമ്പോള്‍ അതൊരിക്കലും വ്യക്തിപരമായ അഭിപ്രായമല്ല, അത് ആ പാര്‍ട്ടിയുടെ ആശയമാണ്'' അദ്ദേഹം വ്യക്തമാക്കി.

'സിപിഎം മതനിഷേധകരുടെ പാർട്ടി, അനില്‍ കുമാർ പറഞ്ഞത് സിപിഎം ആശയം'; തട്ടം വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി സമസ്ത
'ഒരു വ്യക്തിയുടെ അബദ്ധം പാര്‍ട്ടി തീരുമാനമാക്കി അവതരിപ്പിക്കുന്നത് വിവരക്കേട്'; അനിൽകുമാറിനെ തളളി ജലീൽ

''ചിട്ടയോടെ മുന്നോട്ടുപോകുന്ന മതമാണ് മുസ്ലിം. വിദ്യാഭ്യാസം നേടുന്നതിന് ശിരോവസ്ത്രം തടസമല്ല, ഇങ്ങനെയൊക്കെ ആയാലേ പുരോഗതിയാകൂ എന്നൊരു സന്ദേശമാണ് അനില്‍കുമാര്‍ നല്‍കുന്നത് അത് ശരിയല്ല. മതചിട്ട പാലിച്ചുകൊണ്ടു തന്നെ ഒരാള്‍ക്ക് ഭൗതികവിദ്യാഭ്യാസം നേടാനും ഉയരാനും കഴിയും'' അബ്ദുസമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി. ഒരു മുസ്ലിം പെണ്‍കുട്ടി അന്യമതസ്തന്റെ കൂടെ ഒളിച്ചോടിപ്പോയാല്‍ അവരുടെ വിവാഹം പാര്‍ട്ടി ഓഫീസില്‍ വച്ച് നടത്തിക്കൊടുക്കുന്ന തെറ്റായ രീതിയാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. അനില്‍കുമാറിൻ്റെ പരാമർശത്തില്‍ പ്രതിഷേധിച്ച് മുസ്ലിം മതസംഘടനകളും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

അനില്‍ കുമാറിൻ്റെ പ്രസ്താവനയെ തള്ളി മുൻ മന്ത്രി കെ ടി ജലീല്‍ ഇന്നലെ രംഗത്തു വന്നിരുന്നു. അനില്‍കുമാർ പറഞ്ഞത് അദ്ദേഹത്തിൻ്റെ അഭിപ്രായമാണെന്നും അത് പാർട്ടി നിലപാടുമായി കൂട്ടിക്കെട്ടരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

logo
The Fourth
www.thefourthnews.in