ശബരിമല ഉപയോഗിച്ച് വിദ്വേഷ നീക്കവുമായി സംഘപരിവാർ; കേരളത്തിൽ ഹിന്ദുക്കൾക്ക് രക്ഷയില്ലെന്ന പ്രചാരണം നയിച്ച് ബിജെപി ഐടി സെൽ

ശബരിമല ഉപയോഗിച്ച് വിദ്വേഷ നീക്കവുമായി സംഘപരിവാർ; കേരളത്തിൽ ഹിന്ദുക്കൾക്ക് രക്ഷയില്ലെന്ന പ്രചാരണം നയിച്ച് ബിജെപി ഐടി സെൽ

കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ കുട്ടി അയ്യപ്പ ഭക്തന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രചാരണം

ശബരിമലയില്‍ ക്രമാതീതമായ തിരക്കും സജ്ജീകരണങ്ങളിലെ പിഴവും മുതലെടുത്ത് വിദ്വേഷ പ്രചാരണത്തിന് സംഘപരിവാര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് കേരളത്തിനെതിരെ ഹിന്ദു വര്‍ഗീയ വാദികളുടെ പ്രചാരണം. ഇതിന് ബിജെപി ഐടി സെല്ലാണ് വ്യാപകമായി പ്രചാരണം നല്‍കുന്നത്.

കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ കുട്ടി അയ്യപ്പ ഭക്തന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രചാരണം. ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭക്തജനത്തിരക്കു സംബന്ധിച്ച വാര്‍ത്തകളുടെ ഒപ്പമായിരുന്നു നിലയ്ക്കലില്‍ പിതാവിനെ കാണാതെ കരയുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

'കേരളത്തില്‍ ഹിന്ദുക്കളുടെ അവസ്ഥ, കുട്ടികള്‍ പോലും നേരിടുന്ന ദുരിതം' എന്ന തരത്തിലാണ് ട്വിറ്ററില്‍ ഉള്‍പ്പെടെ കുട്ടിയുടെ ചിത്രം ഉപയോഗിക്കുന്നത്

ഇതര സംസ്ഥാനത്തുനിന്ന് എത്തിയ സംഘത്തിനൊപ്പമുള്ള കുട്ടിയാണ് ചിത്രത്തിൽ. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുന്‍പ് ബസില്‍ കയറിയപ്പോഴായിരുന്നു കുട്ടി അച്ഛനെ കാണാതെ ആശങ്കയിലായത്. പ്രദേശത്തുണ്ടായിരുന്ന പോലീസുകാരനോട് പിതാവിനെ കാണുന്നില്ലെന്ന് കരഞ്ഞുപറയുന്നതായിരുന്നു വീഡിയോ. ഇതിന് പിന്നാലെ കുട്ടിയുടെ പിതാവും ബസില്‍ കയറി. എന്നാല്‍ കുട്ടി ഒറ്റപ്പെട്ടു, പോലീസ് സഹായിച്ചില്ല തുടങ്ങിയ വ്യാജ പ്രചാരണങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്.

'കേരളത്തില്‍ ഹിന്ദുക്കളുടെ അവസ്ഥ, കുട്ടികള്‍ പോലും നേരിടുന്ന ദുരിതം' എന്ന തരത്തിലാണ് ട്വിറ്ററില്‍ ഉള്‍പ്പെടെ കുട്ടിയുടെ ചിത്രം ഉപയോഗിക്കുന്നത്. ബിജെപി നേതാവും പാര്‍ട്ടിയുടെ ദേശീയ ഐടി സെല്‍ മേധാവിയുമായ അമിത് മാളവ്യ ഉള്‍പ്പെടെ കേരളത്തിന് എതിരായ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. 'ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളുടെ വീഴ്ചയുടെ ഇര' എന്ന നിലയിലാണ് അമിത് മാളവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'കേരളത്തിലെ പിണറായി സര്‍ക്കാരിന് ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ഫണ്ടിനോട് മാത്രമാണ് താത്പര്യം. ഒന്നും തിരിച്ച് നല്‍കുന്നില്ല', എന്നും സേവ് കേരള എന്ന ഹാഷ് ടാഗിന് ഒപ്പം അമത് മാളവ്യ പങ്കുവെച്ചു. കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നുവെന്നത് സംഘ്പരിവാര്‍ കുറെ വര്‍ഷങ്ങളായി പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തയാണ്. ക്ഷേത്രങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ എടുക്കുന്നുവെന്നത് തെറ്റാണെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ എത്രയോ തവണ വിശദീകരിക്കപ്പെട്ടതാണ്.

കളമശ്ശേരിയില്‍ കഴിഞ്ഞ മാസം യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ നടന്ന സ്ഫോടനത്തിന് പിന്നാലെയും സംസ്ഥാനത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന നിലയില്‍ വിദ്വേഷ പ്രചാരണം അരങ്ങേറിയിരുന്നു. കോഴിക്കോട് എലത്തൂരില്‍ ട്രെയിനിന്ന് തീവച്ച സംഭവത്തിലും ഹിന്ദുത്വ സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്ന് സമാനമായ സൈബര്‍ പ്രചാരണം അരങ്ങേറിയിരുന്നു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം ഉയര്‍ന്ന വൈകാരിക അന്തരീക്ഷത്തെ സുവര്‍ണാവസരമായി കണ്ട് ഉപയോഗപ്പെടുത്താനായിരുന്നു അന്ന് ബിജെപി തീരുമാനിച്ചത്. കോണ്‍ഗ്രസും കൂടി വിധി നടപ്പിലാക്കുന്നതിന് എതിര് നിന്നതോടെ രാഷ്ട്രീയ പ്രയോജനം യുഡിഎഫിന് കിട്ടിയെന്ന് മാത്രം. ഇപ്പോള്‍ ശബരിമലയില്‍ ഉണ്ടായ ചില പ്രശ്‌നങ്ങളെ അത്തരത്തില്‍ ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ദേശീയ തലത്തില്‍ ഇത് വിഷയമാക്കാന്‍ യുഡിഎഫും തീരുമാനിച്ചതോടെ ശബരിമല ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും കത്തിക്കാനുളള നീക്കമാണ് പുറത്തുവരുന്നത്.

അതിനിടെ, അനിയന്ത്രിതമായ അവസ്ഥ ശബരിമലയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി കോട്ടയത്ത് പ്രതികരിച്ചു. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ ഫണ്ട് ലഭ്യതയുമായുള്ള ഉയരുന്ന ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി കണകള്‍ നിരത്തി മറുപടി നല്‍കി. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് 220 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായും ഇതിന്റെ ഭാഗമായ വികസന പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി ഉന്നതാധികാര സമിതിയുടെ അംഗീകാരത്തോടെ നടന്നുവരികയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശബരിമലയുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ ഇന്ന് കാണുന്നുണ്ടെന്ന പരാമര്‍ശത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in