ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം: സംസ്ഥാനത്ത് ബിജെപി പ്രതിഷേധം, തിരുവനന്തപുരത്ത് സംഘര്‍ഷം

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം: സംസ്ഥാനത്ത് ബിജെപി പ്രതിഷേധം, തിരുവനന്തപുരത്ത് സംഘര്‍ഷം

പൂജപ്പുരയില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന വിവാദ ഡോക്യുമെന്ററി പ്രദര്‍ശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ബിജെപിയുടെ വ്യാപക പ്രതിഷേധം. തിരുവനന്തപുരം , പാലക്കാട് , വയനാട് എന്നിവിടങ്ങളില്‍ പ്രദര്‍ശനത്തിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. തലസ്ഥാനത്ത് പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.

തലസ്ഥാനത്ത് പൂജപ്പുരയില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ആറുതവണ ജലപീരങ്കി പ്രയോഗിച്ചു. ഒരു വനിതാപ്രവര്‍ത്തകയെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പൂജപ്പുരയില്‍ നേരത്തെ തന്നെ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. വനിതകള്‍ ഉള്‍പ്പെടെ 150 പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്.

വയനാട്ടില്‍ ഡോക്യുമെന്ററി പ്രദർശനം നടക്കുന്നതിനിടെ തള്ളിക്കയറാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കേരളത്തിലെ സര്‍വകലാശാലാ ക്യാമ്പസുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പാലക്കാട് യുവമോര്‍ച്ച പ്രതിഷേധിച്ചു. വിക്ടോറിയ കോളേജിനകത്തേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

logo
The Fourth
www.thefourthnews.in