'മരിച്ചാലും വെറുതെ വിടില്ലേ? ജോര്‍ജേട്ടനെക്കുറിച്ച് ഞാന്‍ പറഞ്ഞതെല്ലാം സത്യം'; സെൽമ ജോർജ് സംസാരിക്കുന്നു

'മരിച്ചാലും വെറുതെ വിടില്ലേ? ജോര്‍ജേട്ടനെക്കുറിച്ച് ഞാന്‍ പറഞ്ഞതെല്ലാം സത്യം'; സെൽമ ജോർജ് സംസാരിക്കുന്നു

ഭര്‍ത്താവിനെക്കുറിച്ച് ഭാര്യ ഇങ്ങനെയൊക്കെ പറയാമോയെന്നാണ് ചിലരുടെ ചോദ്യം. ഞാന്‍ പറഞ്ഞതില്‍ എന്താ തെറ്റ്? അത് ഭാര്യയ്ക്കല്ലാതെ ആര്‍ക്ക് പറയാന്‍ പറ്റും? ആരേയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല

''അദ്ദേഹത്തിന്റെ ചിതയെരിഞ്ഞ് തീരുന്നതിന് മുമ്പ് ഇങ്ങനെ വലിച്ചുകീറുന്നത് എന്തിനാണ്? ചിലര്‍ ജോര്‍ജേട്ടനെ കുറ്റപ്പെടുത്തുന്നു. ചിലര്‍ എന്നെ അധിക്ഷേപിക്കുന്നു. ഒരു ഡോക്യുമെന്ററിയില്‍നിന്ന് ഞാന്‍ പറഞ്ഞ ക്ലിപ്പ് മാത്രം എടുത്തുകൊണ്ട് രണ്ട് ദിവസമായി എന്തെല്ലാം ചര്‍ച്ചകളാണ് നടക്കുന്നത്. എത്ര മോശമായാണ് ആളുകള്‍ പ്രതികരിക്കുന്നത്? മരിച്ചാലെങ്കിലും ഒരാളെ വെറുതെ വിട്ടുകൂടേ? അദ്ദേഹത്തിന്റെ ആത്മാവിന് പോലും ശാന്തി കൊടുക്കാതെ...'' രോഷത്തോടെ ചോദിക്കുകയാണ് കഴിഞ്ഞദിവസം അന്തരിച്ച കെ ജി ജോര്‍ജിന്റെ ഭാര്യയും ഗായികയുമായ സെല്‍മ ജോര്‍ജ്.

കെ ജി ജോർജിനൊപ്പം പ്രത്യക്ഷപ്പെട്ട ഡോക്യുമെന്ററിയില്‍ തങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് സെൽമ ജോർജ് തുറന്നുപറഞ്ഞിരുന്നു. ഈ ഭാഗം മാത്രം പ്രചരിപ്പിച്ചുകൊണ്ടാണ് ചില മാധ്യമങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും വിമര്‍ശനങ്ങളും ചര്‍ച്ചകളുമായി രംഗത്തെത്തിയത്.

''ഭാര്യ ഭര്‍ത്താവിനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഞാന്‍ പറഞ്ഞതില്‍ എന്താ തെറ്റ്? ജോര്‍ജേട്ടന്റെ മുന്നിലിരുന്ന് അദ്ദേഹത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ ഭാര്യയെന്ന നിലയില്‍ ഞാന്‍ പറഞ്ഞു. സത്യങ്ങളാണ് പറഞ്ഞത്. എന്നാല്‍ അത് കുറ്റപ്പെടുത്തല്‍ അല്ല. അത് ജോര്‍ജേട്ടനും അറിയാം. ചിരിച്ചുകൊണ്ടാണ് ജോര്‍ജേട്ടന്‍ അത് കേട്ടുകൊണ്ടിരിക്കുന്നത്. എനിക്ക് ഇങ്ങനെയൊക്കെയേ പറ്റത്തൊള്ളൂ സെല്‍മേ' എന്നാണ് അദ്ദേഹം അതില്‍ തന്നെ പറയുന്നത്. അതാണ് സത്യം. ജീവിതത്തില്‍ എന്നേയും മക്കളേയും നല്ലപോലെ നോക്കിയ ആളാണ് ജോര്‍ജേട്ടന്‍. പക്ഷേ എല്ലാ സിനിമാക്കാര്‍ക്കും എന്നപോലെ അദ്ദേഹത്തിനും ചില സ്വഭാവങ്ങള്‍ ഉണ്ടായിരുന്നു,'' സെൽമ പറഞ്ഞു.

ജോര്‍ജേട്ടന്‍ മരിക്കുന്നതുവരെ, സാധാരണ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഉണ്ടാവുന്നതൊഴിച്ചാല്‍ ഞങ്ങള്‍ തമ്മില്‍ ഒരു വഴക്കുപോലുമുണ്ടായിരുന്നില്ല. പക്ഷേ എന്നുകരുതി സത്യം മൂടി വയ്ക്കുന്നത് എന്തിനാണ്? രണ്ടുപേര്‍ അവരുടെ ജീവിതത്തെക്കുറിച്ച് ജെനുവിനായി തുറന്ന് സംസാരിക്കുന്നതില്‍ ആളുകള്‍ക്കെന്താണ് പ്രശ്‌നം? എല്ലാം മൂടിവച്ച് സംസാരിക്കുന്നവര്‍ക്ക് ഓപ്പണായി സംസാരിക്കുന്നവരെ ഉള്‍ക്കൊള്ളാനോ മനസ്സിലാക്കാനോ കഴിയില്ലെന്നും സെല്‍മ കൂട്ടിച്ചേർത്തു.

''എന്റെ ഭര്‍ത്താവ് നല്ലൊരു സംവിധായകനാണ്. കുടുംബനാഥനെന്ന നിലയില്‍ അദ്ദേഹം നല്ലതാണെന്ന് ഞാനൊരിക്കലും പറയില്ല. ജീവിതത്തില്‍ അദ്ദേഹത്തിന് സെന്റിമെന്‍സില്ല. സ്വന്തം പേരന്‍സിനോടോ, എന്നോടോ, മക്കളോടോ, എന്റെ പേരന്‍സിനോടോ ആരോടും ഒരു സെന്റിമെന്‍സില്ല. സ്വന്തക്കാര്‍ ആരുവന്നാലും അദ്ദേഹം സംസാരിക്കില്ല. സുഹൃത്തുക്കളൊക്കെയാണ് വന്നതെങ്കില്‍ ആള്‍ നന്നായി മിണ്ടുകയും ചെയ്യും. കലയെ ആസ്വദിക്കുന്നൊരാള്‍ ജീവിതപങ്കാളിയായി വരണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. കലാകാരനെ ഭര്‍ത്താവാക്കാന്‍ ഇഷ്ടമില്ലായിരുന്നു. എനിക്ക് കലാകാരന്‍ വേണ്ടെന്ന് പറയുമ്പോള്‍ എന്നാല്‍ നീ ഇവിടെ ഇരിക്കത്തേയുള്ളൂ എന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. ജോര്‍ജിനെ വിവാഹം ചെയ്താല്‍ അദ്ദേഹത്തിന്റെ സിനിമകളിലെങ്കിലും പാടാം. അങ്ങനെയാണ് ഞാന്‍ അദ്ദേഹവുമായുള്ള വിവാഹത്തിന് സമ്മതിക്കുന്നത്,'' എന്നായിരുന്നു സെല്‍മ ഡോക്യുമെന്ററിയില്‍ പറഞ്ഞത്.

സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള സിനിമകളാണ് അദ്ദേഹം ചെയ്തത്. സിനിമകളില്‍ അങ്ങനെയാണെങ്കിലും ജീവിതത്തില്‍ ഭാര്യയുടെയും അമ്മയുടെയും മനസ് കാണാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും സെല്‍മ ജോര്‍ജ്ജിനോട് തുറന്ന് പറയുന്നു. സെക്സും വേണം, നല്ല ഭക്ഷണവും വേണം. ജീവിതത്തോടൊരു ആത്മാര്‍ത്ഥതയില്ല. യാതൊരുവിധ സെന്റിമെന്‍സുമില്ലാത്ത ജീവിതം. എങ്ങനെയാണ് ഇങ്ങനെ സ്ത്രീകളെ പ്രോത്സാഹിപ്പിച്ച് അദ്ദേഹം സിനിമയെടുക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. സിനിമകളിലെ സെന്റി സീന്‍ കാണുമ്പോള്‍ അദ്ദേഹം കരയുന്നതും മൂക്ക് തുടക്കുന്നതുമൊക്കെ കാണാം. അത് സ്വന്തം ഭാര്യയുടെ അടുത്ത് ഉണ്ടാവാറില്ല. നമ്മള്‍ സങ്കടപ്പെട്ടാലും പുള്ളിയെ അത് ബാധിക്കില്ല. പെണ്ണും സിനിമയുമാണ് പുള്ളിയുടെ ജീവിതത്തില്‍ പ്രധാനം. ഇത് രണ്ടുമായിട്ട് എങ്ങനെ വേണമെങ്കിലും നിങ്ങള്‍ക്ക് ജീവിക്കാം. അങ്ങനെയുള്ളവര്‍ കല്യാണം കഴിക്കാന്‍ പാടില്ലെന്നും സല്‍മ പറഞ്ഞപ്പോള്‍ ഞാനിങ്ങനെയായിപ്പോയി സല്‍മേയെന്നായിരുന്നു ജോര്‍ജിന്റെ മറുപടി.

നിറ ചിരിയോടെയാണ് ജോര്‍ജ് സെല്‍മ പറയുന്നതെല്ലാം കേട്ടിരിക്കുന്നത്. എന്നാല്‍ ഈ വാക്കുകള്‍ ജോര്‍ജിന്റെ മരണത്തിനുപിന്നാലെ പലരും ചര്‍ച്ചയാക്കുകയായിരുന്നു.

''അത് പറയാനുള്ള സ്വാതന്ത്ര്യം കൂടി ജീവിതത്തില്‍ തന്നതുകൊണ്ടാണ് എനിക്കത് പറയാന്‍ കഴിഞ്ഞത്. എന്നാല്‍ അങ്ങനെയൊക്കെ ഒരു സ്ത്രീ തുറന്നുപറയാന്‍ ധൈര്യം കാണിച്ചുവെന്ന് പറയുകയല്ലേ ചെയ്യേണ്ടത്. അത് കേട്ടിട്ട് ചിരിയോടെ അതെല്ലാം സമ്മതിക്കുന്ന ഭര്‍ത്താവിനെയല്ലേ കാണേണ്ടത്. അതിനുപകരം കൊത്തിവലിക്കുകയാണ്,'' സെൽമ ആത്മരോഷമടക്കാതെ പറഞ്ഞു.

സിനിമയില്‍, പ്രത്യേകിച്ചും പണ്ട് കാലത്ത് മിക്കവാറും എല്ലാവരും കള്ളിനും പെണ്ണിനും പുറകേ പോയിട്ടുള്ളവരാണ്. ജോര്‍ജേട്ടനും അത് അങ്ങനെ തന്നെയാണ്. പണ്ട് ഡയറക്ടര്‍മാര്‍ സിനിമയില്‍ പെണ്ണുങ്ങളെ സെലക്ട് ചെയ്തശേഷം 'ഒന്ന് കാണണം കേട്ടോ' എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. പാട്ട് പാടുന്ന സമയത്ത് എന്നോടും പലരും പറഞ്ഞിട്ടുണ്ട്, ' ഒന്ന് അഡ്ജസ്റ്റ് ചെയ്യണം കേട്ടോ, എന്നാലേ പാടി കയറി വരാന്‍ പറ്റൂ' എന്ന്. അഭിനയിച്ചൂടേ എന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ ഇത് ഒരു വൃത്തികെട്ട തൊഴില്‍ ആണെന്നായിരുന്നു എനിക്ക് . 'ലേഖയുടെ മരണ'ത്തില്‍ ജോര്‍ജേട്ടന്‍ തന്നെ അത് വൃത്തിയായി കാണിച്ചിട്ടുണ്ട്.

പാട്ടുപാടാന്‍ അവസരം തരാം, വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിലേക്ക് വരണമെന്ന് ഒരു പ്രൊഡ്യൂസര്‍ എന്നോട് പറഞ്ഞിരുന്നു. പോവുന്നെങ്കില്‍ പൊയ്‌ക്കോ, തിരിച്ച് എന്റെ വീട്ടിലോട്ടുവരണ്ട എന്നായിരുന്നു ജോര്‍ജേട്ടന്റെ മറുപടി. അന്ന് അങ്ങനെയാണ്. എല്ലാ കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും പിന്നില്‍ സ്ത്രീകളുണ്ടാവും. അത് ഭാര്യ തന്നെ വേണമെന്നില്ല. ചിലപ്പോള്‍ അവര്‍ക്ക് കഥകളും സ്‌ക്രിപ്റ്റും ഒക്കെ എഴുതാന്‍ സ്ത്രീകളുടെ സാമീപ്യം ആവശ്യമുണ്ടാവും. അതില്‍ തെറ്റ് പറഞ്ഞിട്ടെന്ത് കാര്യം?

നിനക്ക് വിഷമമുണ്ടോയെന്ന് ചിലപ്പോള്‍ ജോര്‍ജേട്ടന്‍ ചോദിച്ചിട്ടുണ്ട്. വിഷമിച്ചിട്ടെന്ത് കാര്യം, ഡ്രസ് മാറ്റുന്ന പോലെ വേറെ ആരെയെങ്കിലും കണ്ടുപിടിച്ച് എനിക്ക് പോവാന്‍ പറ്റുമോയെന്ന് ഞാന്‍ തിരിച്ചും ചോദിക്കും. ഇട്ടിട്ടുപോവാന്‍ പറയാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്. ഈ മനുഷ്യന്റെ കൂടെ നീ ജീവിക്കരുതെന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ ജോര്‍ജേട്ടന്‍ അങ്ങനെയാണെന്ന് മനസ്സിലാക്കി നിൽക്കാനാണ് ഞാന്‍ തയ്യാറായത്.

എന്നെ വലിയ സ്‌നേഹവുമായിരുന്നു. അതുപക്ഷേ ഞാനുണ്ടാക്കുന്ന ഭക്ഷണത്തിനു വേണ്ടിയും രാത്രിയില്‍ സെക്‌സിനു വേണ്ടിയുമാണെന്ന് ഞാന്‍ പറയും. വീട്ടില്‍ വിരുന്നുകാര്‍ക്ക് ഒരു കുറവുമില്ലായിരുന്നു. ഇവര്‍ക്കെല്ലാം പല തരത്തില്‍ വച്ചുവിളമ്പിയിരുന്നത് ഞാനാണ്. എല്ലാവര്‍ക്കും എന്റെ പാചകം വലിയ ഇഷ്ടമായിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും ആഹാരം കഴിക്കാന്‍ ആളുകളുണ്ടാവും. കഴിക്കുന്നവര്‍ക്ക് ഞാന്‍ ഈ വയറുംവച്ച് ആഹാരം ഉണ്ടാക്കുന്ന കാണുമ്പോള്‍ വിഷമം തോന്നും. 'ഓ, അതുകൊണ്ട് എന്നാ, അവള് വേഗം പ്രസവിക്കും' എന്നായിരിക്കും ജോര്‍ജേട്ടന്റെ മറുപടി. അപ്പോള്‍ പോലും ഒന്നും പറ്റില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷേ ഞാന്‍ ഈ പറഞ്ഞതിനൊക്കെ ആളുകള്‍ വേറെ പല അര്‍ത്ഥങ്ങളുമാണ് എടുക്കുന്നത്. കലയെ ആസ്വദിക്കുന്ന ആള്‍ മതി, കലാകാരന്‍ വേണ്ട എന്ന് ഞാന്‍ പറഞ്ഞതിനുപോലും വളരെ മോശപ്പെട്ട കമന്റുകളും പ്രതികരണങ്ങളുമാണ് വരുന്നത്. ഞാന്‍ ആ പറഞ്ഞതും തെറ്റായിപ്പോയി എന്നാണ്.

മദ്രാസിലായിരുന്ന കുടുംബം പിന്നീട് തിരുവനന്തപുരത്തേക്ക് താമസം മാറുകയായിരുന്നു. 'മക്കള്‍ മലയാളം പഠിക്കണമെന്നതായിരുന്നു തിരുവന്തപുരത്തേക്ക് മാറാൻ ജോര്‍ജേട്ടന്‍ പറഞ്ഞ കാരണം. എനിക്ക് ഇഷ്ടമല്ലായിരുന്നു. തമിഴര്‍ എന്ത് നല്ല മനുഷ്യരാണ്. ആരെക്കുറിച്ചും കുശുമ്പ് പറയില്ല, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടമുണ്ടായിരുന്നില്ല. പക്ഷേ മലയാളികള്‍ അങ്ങനെയല്ല. മലയാളികളുടെ ആ വൃത്തികെട്ട സ്വഭാവമാണ് അദ്ദേഹം മരിച്ചശേഷവും ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മദ്രാസിലായിരിക്കുമ്പോള്‍ അതിഥികള്‍ വന്നാല്‍ പാട്ടും ഭക്ഷണവുമൊക്കെയായി ഞാനും കൂടും. എന്നാല്‍ തിരുവന്തപുരത്തെത്തിയപ്പോള്‍ അതെല്ലാം ചിതറിപ്പോയി. അദ്ദേഹം തിരക്കിലായി.

ഏത് സമയവും വായനക്കായാണ് അദ്ദേഹം ചെലവഴിച്ചത്. ബന്ധുക്കള്‍ വന്നാല്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കാറില്ല. മക്കളോടാണെങ്കിലും കുറച്ചെന്തെങ്കിലും സംസാരിച്ച് പിന്നെ സ്വന്തം ലോകത്തേക്ക് പോവും. സ്‌നേഹമുണ്ട്, അത് പുറമേക്ക് കാണിക്കാന്‍ അറിയില്ലെന്ന് ജോര്‍ജേട്ടന്‍ എപ്പോഴും പറയും. വലിയ വലിയ വാടക വീടുകളില്‍ താമസിച്ചിരുന്ന ഞങ്ങള്‍ സ്വന്തമായി വീട് വച്ചത് മക്കള്‍ വലുതായി അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനായപ്പോഴാണ്. ആരോടും കണക്കുപറഞ്ഞ് കാശ് വാങ്ങാന്‍ തയ്യാറായിരുന്ന ആളല്ല ജോര്‍ജേട്ടന്‍. പക്ഷേ എനിക്കും മക്കള്‍ക്കും ഒരു കുറവും ജീവിതത്തില്‍ വരുത്തിയിട്ടില്ല. മക്കള്‍ക്ക് വിലകൂടിയ കളിപ്പാട്ടങ്ങളും ഡ്രസ്സുകളും സമയാസമയം എത്തിയിരുന്നു.

സിനിമയില്‍ കൂടുതല്‍ പാട്ടുകള്‍ പാടാമെന്ന ആഗ്രഹമായിരുന്നു ജോർജേട്ടനുമായുള്ള വിവാഹത്തിനുപിന്നിൽ. പക്ഷേ അത് മാത്രം ഒരു നിരാശയാണ്. പാട്ടിലൂടെ പേരെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ജോര്‍ജേട്ടന്റെ, പാട്ടുള്ള സിനിമയിലെല്ലാം പാടിയിട്ടുണ്ട്. 'ശരദിന്ദു മലര്‍ദീപ' എന്ന പാട്ട് ഇപ്പോഴും ആളുകള്‍ ഓര്‍ക്കുന്നു. കല്യാണം കഴിച്ചാല്‍ വലിയ ഗായികയാക്കാമെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ നേരെ തിരിച്ചാ സംഭവിച്ചത് എന്ന് എന്റെ അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. 'പാടുവൊന്നും വേണ്ട, പിള്ളേരേം നോക്കി വീട്ടിലിരുന്നാ മതി, പാടാന്‍ പോയാല്‍ കുടുംബം ആര് നോക്കും?' എന്നാണ് ജോര്‍ജേട്ടന്‍ ചോദിക്കുക. സത്യമാണ്, ജോര്‍ജേട്ടന്റെ തിരക്കിനിടയില്‍ ഞാനും കൂടി പാടാന്‍ പോയാല്‍ മക്കളെ ആര് നോക്കും?'

അവസാന കാലത്ത് താനും മക്കളും ജോര്‍ജിനെ തിരിഞ്ഞ് നോക്കിയില്ലെന്ന ആരോപണം വേദനിപ്പിക്കുന്നതാണ്. ഞങ്ങള്‍ നോക്കിയില്ല, അനാഥനാക്കി ഇട്ടിട്ടുപോയി എന്നാണ് പറയുന്നത്. ജോര്‍ജേട്ടനെ താമസിപ്പിച്ചിരുന്ന സ്ഥലത്ത് അഞ്ച് വര്‍ഷത്തേക്കുള്ള പണം കൊടുത്തത് മകളാണ്. അവള്‍ വിദേശത്താണ്. മകന്‍ ഗോവയിലും. അവരില്ലാതെ ഞാന്‍ എങ്ങനെ കൊച്ചിയിലെ വീട്ടില്‍ നില്‍ക്കും? എന്നാലും ഇടക്കിടക്ക് വന്ന് ജോര്‍ജേട്ടനെ വീട്ടിലേക്ക് കൊണ്ടുവരും. ഇഷ്ടമുള്ള ചപ്പാത്തിയും ചിക്കനുമെല്ലാം ഉണ്ടാക്കിക്കൊടുക്കും. എന്റെ കഷ്ടപ്പാട് കണ്ടിട്ട് സിഗ്നേച്ചറില്‍ തന്നെ താമസിച്ചാല്‍ മതിയെന്ന് ജോര്‍ജേട്ടന്‍ പറയും. മരിക്കുന്നതിന് ഒന്നര ആഴ്ച മുന്നേയും ഞാനും മകനും പോയി കണ്ടിരുന്നു. അന്നും സംസാരിച്ചു. ഞാന്‍ പറയുന്നത് കേട്ട് തലയാട്ടി. പക്ഷേ പറയുമ്പോള്‍ അതൊന്നും ആരും പറയില്ല. എല്ലാവര്‍ക്കും കുറ്റപ്പെടുത്താനാണ് താൽപ്പര്യം. മരിക്കുന്നതുവരെയുള്ള മൂന്ന് ദിവസം ജോര്‍ജേട്ടന്‍ കോമയിലായിരുന്നെന്ന് ചില യൂട്യൂബ് ചാനലുകള്‍ പറയുന്നുണ്ട്. പക്ഷേ അത് സത്യമല്ല. മരിക്കുന്നതുവരെ സ്വബോധത്തിലായിരുന്നു.

പിന്നെ, എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ, ആരേയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല. മരിക്കുന്നതുവരെ ഞാൻ ജോര്‍ജേട്ടനും അങ്ങേയറ്റം സ്‌നേഹിച്ചിരുന്നു. പിന്നെ, ഞാന്‍ പറഞ്ഞത്, അത് ഒരു ഭാര്യയ്ക്കല്ലാതെ വേറെ ആര്‍ക്ക് പറയാന്‍ പറ്റും? അത്രേയുള്ളൂ-സല്‍മ പറഞ്ഞു നിര്‍ത്തി.

logo
The Fourth
www.thefourthnews.in