മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

നിയമസഭാ സ്പീക്കറായും മിസോറാം, ത്രിപുര സംസ്ഥാനങ്ങളിൽ ഗവർണറായും ആൻഡമാൻ നിക്കോബാറിൽ ലഫ്റ്റനന്റ് ഗവർണറായും പ്രവർത്തിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം.

മൂന്ന് തവണ സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരുന്ന വക്കം, രണ്ട് തവണ ലോക്‌സഭാംഗമായും പ്രവർത്തിച്ചു. മിസോറാം, ത്രിപുര സംസ്ഥാനങ്ങളിൽ ഗവർണറായും കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാറിൽ ലഫ്റ്റനന്റ് ഗവർണറായും പ്രവർത്തിച്ചു.

അഞ്ച് തവണ നിയമസഭാംഗമായിരുന്ന അദ്ദേഹം 2006-ല്‍ ആദ്യ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ധന, എക്സൈസ്, ലോട്ടറി വകുപ്പുകൾ വഹിച്ചിട്ടുണ്ട്. ആന്റണി സര്‍ക്കാരിന്റെ കാലത്ത് നിയമസഭാ സ്പീക്കറായും ചുമതല വഹിച്ചിരുന്നു.

1928 ഏപ്രില്‍ 12-ന് ആറ്റിങ്ങലിലെ വക്കത്ത് ജനിച്ച വക്കം പുരുഷോത്തമൻ 1946ൽ സ്റ്റുഡന്റ്സ് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. പഞ്ചായത്ത് അംഗമായി പാർലമെന്ററി ജീവിതം ആരംഭിച്ചു. അഭിഭാഷക ജോലിയിൽ നിന്നാണ് വക്കം പുരുഷോത്തമന്റെ രാഷ്ട്രീയപ്രവേശനം. രണ്ട് തവണ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് തവണ ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലെത്തി.

1971 സെപ്റ്റംബർ മുതൽ 1977 മാർച്ച് വരെ കൃഷി, തൊഴിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 1980 ജനുവരി മുതൽ 1981 ഒക്ടോബർ വരെ ആരോഗ്യ-ടൂറിസം മന്ത്രിയായി പ്രവ‍ർത്തിച്ചു. 1982 മെയ് മുതൽ 1984 ഡിസംബർ വരെ കേരള നിയമസഭ സ്പീക്കറായിരുന്നു. 2001 ജൂണിൽ രണ്ടാം തവണയും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 2004ൽ ആന്റണി മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്നു.

രണ്ട് തവണയായി ഏറ്റവും കൂടുതല്‍കാലം നിയമസഭ സ്പീക്കര്‍ സ്ഥാനത്തിരുന്നുവെന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലായിരുന്നു. 2011ല്‍ രണ്ടാം യുപിഎ സര്‍ക്കാരാണ് അദ്ദേഹത്തെ മിസോറം ഗവര്‍ണറായി നിയമിച്ചത്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്‌, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്‌ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

പാർലമെന്റിന്റെ പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റിയുടെ ചെയർമാനായും പാർലമെന്റിന്റെ കീഴിലുള്ള നിയമനിർമാണ സമിതിയുടെ ചെയർമാനായും പ്രവർത്തിച്ചു. അഞ്ച് വർഷം ജനീവയിലെ ഇന്റർ പാർലമെന്ററി യൂണിയന്റെ സിഐഡിപിയിലേക്കുള്ള വിദഗ്ധരുടെ കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. 1982-ൽ ബഹാമസ്, 1983-ൽ നെയ്‌റോബി, 1984-ൽ ഐൽ ഓഫ് മാൻ, 2001-ൽ ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നടന്ന കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിലേക്കുള്ള പ്രതിനിധിയായിരുന്നു. 1996-ൽ ബാർബഡോസിൽ നടന്ന ചെറുദ്വീപ് വികസ്വര സംസ്ഥാനങ്ങളുടെ സുസ്ഥിര വികസനം സംബന്ധിച്ച ആഗോള സമ്മേളനത്തിലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ നേതാവായിരുന്നു വക്കം.

logo
The Fourth
www.thefourthnews.in