ലൈംഗികാതിക്രമക്കേസ്: ഹൈക്കോടതിയിലെ  ഗവണ്‍മെന്റ് പ്ലീഡറെ രാജിവയ്പിച്ചു

ലൈംഗികാതിക്രമക്കേസ്: ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡറെ രാജിവയ്പിച്ചു

അഡ്വ. പി ജി മനുവിനെതിരെ യുവതിയുടെ പരാതിയില്‍ ചോറ്റാനിക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു

ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിനെത്തുടർന്ന് ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ പി ജി മനുവിനെ രാജിവയ്പിച്ചു. അഡ്വക്കറ്റ് ജനറലിന്റെ ആവശ്യപ്രകാരം മനു രാജിക്കത്ത് കൈമാറി. കത്ത് നിയമ സെക്രട്ടറിക്ക് എ ജി കൈമാറും.

ബലാത്സംഗം, ഐടി നിയമം അടക്കം ഉള്ള വകുപ്പുകൾ ചുമത്തി ചോറ്റാനിക്കര പോലീസ് മനുവിനെതിരെ കേസടുത്ത സാഹചര്യത്തിലാണ് രാജി. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറൽ എസ് പിക്ക് നൽകിയ പരാതിയിലാണ് നടപടി.

2018 ൽ നടന്ന പീഡനക്കേസിലെ ഇരയായ പെൺകുട്ടിക്ക് നിയമസഹായം നൽകാനെന്നപേരിൽ എറണാകുളം കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് പരാതി. പെൺകുട്ടിയുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

ഒക്ടോബർ ഒൻപതിനും 10 നുമാണ് ബലാത്സംഗം നടന്നതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

ബലാത്സംഗ കേസിൽ ഇരയായ പെൺകുട്ടിയെ അധികാരം ഉപയോഗിച്ച് തുടർച്ചയായി പീഡനത്തിനിരയാക്കിയെന്ന ഗുരുതര ആരോപമാണ് സീനിയർ ഗവർമെന്റ് പ്ലീഡർ പി ജി മനുവിനെതിരെ ഉള്ളത്. ബലാത്സംഗ കേസിൽ നിയമ സഹായം തേടി മാതാപിതാക്കൾക്കൊപ്പം അഭിഭാഷകന്റെ ഓഫീസിൽ ആദ്യമായി എത്തിയ ഒക്ടോബർ 9 ന് തന്നെ ലൈംഗീക അതിക്രമം നടത്തി. ഓഫീസിൽ നിന്ന് മാതാപിതാക്കളോട് പുറത്ത് പോകാൻ ആവശ്യപ്പെട്ട ശേഷം കടന്നു പിടിച്ചു. കേസ് തീർപ്പാക്കി തരാമെന്നും അത് കേൾക്കണമെന്നും അഭിഭാഷകൻ പറഞ്ഞു. 5 വർഷമായ കേസ് ആയതിനാൽ പെൺകുട്ടി പ്രതിസ്ഥാനത്ത് ആകുമെന്ന ഭയപ്പെടുത്തിയായിരുന്നു ലൈംഗീക അതിക്രമം നടത്താൻ ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു.

കേസിന്റെ കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്ന് കാട്ടി ഓഫീസിലേക്ക് വിളിപ്പിക്കുകയും അച്ഛനെ പറഞ്ഞു വിട്ട ശേഷം ബാലാത്സംഗം ചെയ്തെന്നും പെൺകുട്ടി ആരോപിക്കുന്നു. അലറികരഞ്ഞു എതിർക്കാൻ ശ്രമിച്ചെങ്കിലും പി ജി മനു ക്രൂരമായി ഉപദ്രവിച്ചു. തുടർന്ന് നിരന്തരം വാട്സ്ആപ്പ് ചാറ്റുകളും കോളുകളുമായി അഭിഭാഷകന്റെ ഉപദ്രവം തുടർന്നു. മാതാപിതാക്കൾ ഇല്ലാത്ത തക്കം നോക്കി വീട്ടിൽ വന്ന അഭിഭാഷകൻ ഒക്ടോബർ 24 ന് ശാരീരിക ഉപദ്രവം ഏല്പിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ഹൈക്കോടതി ഗവർമെന്റ് പ്ലീഡറുടെ ഔദ്യോഗിക വാഹനത്തിൽ ആണ് ഇയാൾ വീട്ടിൽ എത്തിയത്.

പിന്നീട് കേസിന്റെ കാര്യവുമായി ബന്ധപ്പെട്ട് അഭിഭാഷകൻ വീട്ടിൽ വന്നപ്പോൾ കാണാൻ കൂട്ടാക്കാതിരുന്നതോടെ അമ്മക്ക് സംശയമായി. തുടർന്നാണ് അമ്മയോട് കാര്യങ്ങൾ പറഞ്ഞതെന്നും പരാതിയിൽ ഉണ്ട്. രണ്ടാഴ്ചകൾക്കിടയിൽ മൂന്ന് തവണയാണ് അഭിഭാഷകന്റെ ഭാഗത്ത് നിന്ന് ലൈംഗിക അതിക്രമം ഉണ്ടായത്. കേസ് തീർപ്പാക്കി തരാമെന്ന വാഗ്ദാനവും വഴങ്ങിയില്ലെങ്കിൽ പ്രതിയാക്കുമെന്ന ഭീഷണിയും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായി. നിയമം ഉറപ്പാക്കേണ്ടയാൾ തന്നെ വേട്ടക്കാരനായെന്നാണ് പെൺകുട്ടിയുടെ പരാതിയിലുള്ളത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് മനുവിനെ ചോദ്യം ചെയ്യും.

logo
The Fourth
www.thefourthnews.in