മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍ ഹരി അന്തരിച്ചു

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍ ഹരി അന്തരിച്ചു

കേരളത്തില്‍ നിന്നും ആര്‍എസ്എസിന്റെ തലപ്പത്ത് എത്തിയ ആദ്യ വ്യക്തി

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍ ഹരി (93) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. ആര്‍എസ്എസിന് വേണ്ടി ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആര്‍ ഹരി സംഘടനയുടെ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും ആര്‍എസ്എസിന്റെ തലപ്പത്ത് എത്തിയ ആദ്യ വ്യക്തികൂടിയാണ്.

മലയാളം, മറാത്തി, കൊങ്കിണി ഇംഗ്ലീഷ് ഭാഷകളിലായി മുപ്പതോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്

13ാം വയസില്‍ ആര്‍എസ്എസ് സഹയാത്രികനായ ആര്‍ ഹരി 1948ല്‍ മഹാത്മാ ഗാന്ധിയുടെ വധത്തെ തുടര്‍ന്നു ആര്‍എസ്എസ് നിരോധിക്കപ്പെട്ടപ്പോള്‍ തടവിലാക്കപ്പെട്ട വ്യക്തികളില്‍ ഒരാളാണ്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസിനെ നയിച്ച നേതാക്കളില്‍ പ്രമുഖനുമായിന്നു അദ്ദേഹം. എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ അദ്ദേഹം മലയാളം, മറാത്തി, കൊങ്കിണി ഇംഗ്ലീഷ് ഭാഷകളിലായി മുപ്പതോളം പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

ആര്‍ ഹരിയുടെ മൃതദേഹം ഇന്ന് എറണാകുളത്ത് ആര്‍എസ്എസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് ശേഷം തൃശ്ശൂരിലേക്ക് കൊണ്ടുപോകും. മായന്നൂര്‍ തണലില്‍ നാളെ 11 മണിവരെയും പൊതു ദര്‍ശനം ഉണ്ടാകും. നാളെ 11.30 ന് പാമ്പാടി ഐവര്‍ മഠത്തിലാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in