ഗണേഷ് കുമാര്‍
ഗണേഷ് കുമാര്‍

കെ ബി ഗണേഷ് കുമാറിന് തിരിച്ചടി; സോളാർ മൊഴി തിരുത്തിയെന്ന കേസ് ഗുരുതരമെന്ന് ഹൈക്കോടതി, നടപടി തുടരാം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് ഗണേഷ് കുമാറും തട്ടിപ്പുകേസിലെ പ്രതിയായ വനിതക്കുമെതിരെ അഡ്വ. സുധീര്‍ ബാബുവാണ് പരാതി നല്‍കിയത്

സോളാര്‍ പരാതിക്കാരിയുടെ മൊഴി തിരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് തിരിച്ചടി. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ നടപടിക്രമങ്ങളുമായി മജിസ്ട്രേറ്റ് കോടതിക്ക് മുന്നോട്ടുപോകാമെന്നും ഹൈക്കോടതി.

''ഗണേഷിനെതിരെ ഉയര്‍ന്നിട്ടുള്ളത് ഗുരുതര ആരോപണങ്ങളാണ്. ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കില്‍ കേസ് മുന്നോട്ടുപോകണം. ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഗണേഷ് നിരപരാധി എങ്കില്‍ അതും തെളിയിക്കപ്പെടണം,''എന്നും കോടതി വ്യക്തമാക്കി.

ഗൂഢാലോചന ആരോപണമായി നിലനില്‍ക്കുന്നിടത്തോളം കാലം ഉമ്മന്‍ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ല. ആരോപണങ്ങള്‍ തെറ്റെന്ന് കണ്ടെത്തിയാല്‍ പരാതിക്കാരനെതിരെ ഗണേഷിന് നിയമനടപടി സ്വീകരിക്കാമെന്നുംകോടതി വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് ഗണേഷ് കുമാറും തട്ടിപ്പുകേസിലെ പ്രതിയായ വനിതയ്ക്കുമെതിരെ അഡ്വ. സുധീര്‍ ബാബുവാണ് പരാതി നല്‍കിയത്. ഈ കേസ് റദ്ദാക്കണമെന്നായിരുന്നു ഗണേഷിന്‌റെ ആവശ്യം.

പത്തനംതിട്ട ജയിലില്‍ കഴിയുമ്പോള്‍ പ്രതിയായ വനിത 25 പേജുള്ള കത്ത് തയാറാക്കി അഡ്വ.ഫെന്നി ബാലകൃഷ്ണന്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നല്‍കിയത് 21 പേജുള്ള കത്തായിരുന്നെന്നും ഗണേഷ് ഉള്‍പ്പടയെുള്ളവര്‍ ഗൂഢാലോചന നടത്തി ഉമ്മന്‍ചാണ്ടിയുടെ അടക്കം പേരുകള്‍ ചേര്‍ത്ത് 25 പേജാക്കി നല്‍കിയെന്നുമാണ് സുധീര്‍ബാബുവിന്‌റെ പരാതി. മന്ത്രിസഭയില്‍നിന്ന് ഗണേഷിനെ ഒഴിവാക്കിയതിലുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് വ്യാജരോഖ ചമച്ചതെന്നും സുധീര്‍ബാബു പരാതിയില്‍ പറഞ്ഞിരുന്നു.

25 പേജുള്ള കത്താണ് എഴുതിയതെന്ന് സരിതതന്നെ സോളാര്‍കമ്മീഷനില്‍ ഉള്‍പ്പടെ വ്യക്തമാക്കിയ സാഹചര്യത്തില്‍ തനിക്കെതിരായ കേസ് നിലനില്‍ക്കുന്നില്ലെന്നായിരുന്നു ഗണേഷിന്‌റെ വാദം.

logo
The Fourth
www.thefourthnews.in