കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

ഇരയും പ്രതിയും ഒത്തുതീർപ്പിലെത്തിയാൽ ലൈംഗിക പീഡന കേസുകൾ റദ്ദാക്കാമോ ?

ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിഷയത്തിൽ ചില സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത്

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകളിൽ ഇരയും പ്രതിയും തമ്മിൽ കോടതിക്ക് പുറത്ത് ഒത്ത് തീർപ്പിലെത്തിയാൽ കേസില്ലാതാകുമോയെന്ന നിയമപ്രശ്നത്തിൽ ഹൈക്കോടതിയുടെ പ്രസക്തമായ ഇടപെടൽ. ലൈംഗിക പീഡന കേസുകൾ വ്യക്തിയോടുള്ളത് മാത്രമല്ല സമൂഹത്തോടുള്ള കുറ്റക്യത്യമാണെന്നും അതിനാൽ ഇത്തരം കേസുകൾ റദ്ദാക്കാനാവില്ലെന്നും മുൻ ഉത്തരവുകളുണ്ട്. ഇത്തരം സാഹചര്യത്തിലുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിച്ച് ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ചില സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത്

ഒത്തുതീർപ്പായ പീഡന കേസുകളിൽ പൊതു മാനദണ്ഡം ഉണ്ടാക്കാനാവില്ലെങ്കിലും ഓരോ കേസുകളും വിത്യസ്ത സ്വഭാവത്തിലുള്ളവയാണ്. അതിനാൽ അതിന്റെ പ്രത്യേക വസ്തുതകളെ അടിസ്ഥാനമാക്കി തീരുമാനമെടുക്കേണ്ടതുണ്ടെന്നാണ് ജസ്റ്റിസ് കൗസർ ഇടപ്പഗത്തിന്റെ ഉത്തരവിലുള്ളത്.

ഇരകളുടെ ക്ഷേമം കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി

ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന ക്രിമിനൽ കേസുകൾ ഒത്തുതീർപ്പിലെത്തുന്നത് ഇരയോടുള്ള അനീതിയാണെന്നാണ് പ്രോസിക്യൂഷൻ നിലപാടെടുത്ത്. ഇരകളുടെ ക്ഷേമം കൂടി പരിഗണിക്കേണ്ടതുണ്ടെന്ന നീരീക്ഷണമാണ് കോടതി നടത്തിയത്. കുറ്റകൃത്യത്തിന്റെ സ്വഭാവം, വ്യാപ്തി, അനന്തരഫലങ്ങൾ ഒത്തുതീർപ്പിലെത്തിയ സാഹചര്യം എന്നിവയുൾപ്പെടെ കേസിന്റെ പ്രസക്തമായ എല്ലാ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കണമെന്നാണ് കോടതി പറയുന്നത്. ഗുരുതരവും ഹീനവും ഭയാനകവുമായ സ്വഭാവമുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ ഇത്തരം പരിഗണനകളിൽ ഉൾപെടുത്തേണ്ടതില്ല.

സി ആർ പി സി സെക്ഷൻ 482 പ്രകാരം കുറ്റവാളിയും ഇരയും കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കിയ ഉചിതമായ കേസുകളിൽ എഫ്‌ഐആർ അല്ലെങ്കിൽ ക്രിമിനൽ നടപടി റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ട്. പ്രശ്‌നം രമ്യമായി പരിഹരിച്ചുകഴിഞ്ഞാൽ, ഇര പ്രോസിക്യൂഷൻ കേസിനെ പിന്തുണയ്ക്കില്ലെന്നും അത്തരം സാഹചര്യങ്ങളിൽ നടപടികൾ തുടരുന്നത് ജുഡീഷ്യറിയുടെ സമയവും പൊതു പണവും പാഴാക്കുമെന്നുമായിരുന്നു ഹര്‍ജിക്കാരും കോടതിയിൽ വാദമുന്നയിച്ചത്.

കേരള ഹൈക്കോടതി
'പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നു'; പരിഷ്കരിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ബ്രിജ് ഭൂഷൺ സിങ്

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ബലാത്സംഗമോ ലൈംഗികാതിക്രമമോ സമൂഹത്തിനെതിരായ ഹീനമായ കുറ്റകൃത്യമാണെന്നും ഇരയും കുറ്റവാളിയും തമ്മിലുള്ള ഏതെങ്കിലും വിട്ടുവീഴ്ചയുണ്ടായെന്ന് കരുതി ക്രിമിനൽ നടപടികൾ റദ്ദാക്കാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ വാദം ഉന്നയിച്ചു. ഇത്തരം സംഭവങ്ങൾ ബലാത്സംഗം നിയമവിധേയമാക്കുമെന്നും കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള വഴി നൽകുമെന്നും വാദമുന്നയിച്ചു. എന്നാൽ സെക്ഷൻ 482 CrPC പ്രകാരമുള്ള അധികാരത്തിൽ ഇത്തരം കേസ് റദ്ദാക്കുന്ന കാര്യത്തിൽ പ്രത്യേകമായ വ്യവസ്ഥകളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിവാഹിതയായ ഒരു സ്ത്രീ പുരുഷനുമായി ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെടുകയോ അല്ലെങ്കിൽ അവിവാഹിതയായ സ്ത്രീ വിവാഹവാഗ്ദാനം നൽകിയെന്ന പേരിൽ വിവാഹിതനാണെന്ന് അറിഞ്ഞുകൊണ്ട് ലൈംഗിക ബന്ധത്തിലേർപ്പെടുകയോ ചെയ്താൽ, ബലാത്സംഗം കുറ്റം നിലനിൽക്കുന്നതല്ല

ഈ വിഷയത്തിൽ സുപ്രീം കോടതിയുടെയും നിരവധി ഹൈക്കോടതികളുടെയും വിവിധ വിധികളിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതും ഹൈക്കോടതി പരിശോധിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടുന്ന അന്വേഷണ/ക്രിമിനൽ നടപടികളിൽ ഹൈക്കോടതി സാധാരണഗതിയിൽ ഇടപെടാൻ പാടില്ല. എന്നാൽ ഒത്തുതീർപ്പായ കേസിൽ അസാധാരണമായ അധികാരം പ്രയോഗിക്കുന്നതിൽ തെറ്റില്ല.

വ്യത്യസ്തമായ വീക്ഷണങ്ങൾ ഇക്കാര്യത്തിലുണ്ടാകണമെന്നും കോടതി നീരീക്ഷിച്ചു.

(i) കുറ്റകൃത്യത്തിന്റെ സ്വഭാവവും അത് സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം

(ii) ഇരയ്ക്കുണ്ടായ പരിക്കിന്റെ ഗൗരവം

(iii) പ്രതിയും ഇരയും തമ്മിലുള്ള വിട്ടുവീഴ്ചയുടെ സാഹചര്യം

(iv) കുറ്റാരോപിതരായ വ്യക്തികളുടെ പെരുമാറ്റം, ഇത്തരം കാര്യങ്ങൾ പരിശോധിക്കണമെന്നാണ് കോടതി നിലപാടെടുത്തത്.

വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയെന്ന കേസുകളിൽ പലപ്പോഴും ബലാത്സംഗം കുറ്റം നിലനിൽക്കുന്നതല്ല. ഇത്തരം കേസുകളിൽ പിന്നീട് വിവാഹം ചെയ്തുകഴിഞ്ഞാൽ പിന്നെ ബലാത്സംഗക്കുറ്റം നിലനിൽക്കില്ല. വിവാഹിതയായ ഒരു സ്ത്രീ പുരുഷനുമായി ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെടുകയോ അല്ലെങ്കിൽ അവിവാഹിതയായ സ്ത്രീ വിവാഹവാഗ്ദാനം നൽകിയെന്ന പേരിൽ വിവാഹിതനാണെന്ന് അറിഞ്ഞുകൊണ്ട് ലൈംഗിക ബന്ധത്തിലേർപ്പെടുകയോ ചെയ്താൽ, ബലാത്സംഗം കുറ്റം നിലനിൽക്കുന്നതല്ല.

കേസ് ഒത്തുതീർപ്പാക്കുന്നതിന് ഇര നൽകുന്ന സമ്മതം സ്വമേധയാ ഉള്ളതാണെന്ന് കോടതിക്ക് എല്ലായ്പ്പോഴും ഉറപ്പുനൽകാനാവില്ല

വിവാഹിതനുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്ന് സ്ത്രീക്ക് അറിവുണ്ടായിരിക്കെ ഇത്തരം കേസ് നിലനിൽക്കുന്നതല്ലെന്ന കോടതി വ്യക്തമാക്കി. എന്നാൽ പ്രതിയോടുള്ള പ്രണയത്തെ തുടർന്ന് പെൺകുട്ടി ലൈംഗിക ബന്ധത്തിന് സമ്മതിക്കുകയും പിന്നീട് വിവാഹത്തിൽ നിന്ന് പുരുഷൻ പിൻമാറുകയും ചെയ്താൽ കുറ്റം നിലനിൽക്കുകയും ചെയ്യും. അതിനാൽ കേസ് റദ്ദാക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടികാട്ടി.

പല കേസുകളിലും പ്രതികൾ വിവാഹം കഴിക്കാൻ വിസമ്മതിച്ചതുകൊണ്ടാണ് ബലാത്സംഗ ആരോപണം ഉന്നയിക്കപ്പെട്ടതെന്ന് ഇര സമ്മതിക്കുന്ന സാഹചര്യമുണ്ട് . പിന്നീട് വിവാഹം കഴിക്കാൻ തീരുമാനമെടുക്കുമ്പോൾ കേസ് തുടരുന്നത് അവരുടെ സന്തോഷകരമായ കുടുംബജീവിതത്തെ അസ്വസ്ഥമാക്കും. മറിച്ച്, അത്തരമൊരു കേസ് അവസാനിപ്പിക്കുന്നത് അവരുടെ കുടുംബജീവിതത്തിന് വഴിയൊരുക്കകും ചെയ്യും. ഒത്തുതീർപ്പിന് ഇരയായത് സ്വമേധയാ ഉള്ളതാണെന്നും കേസിന്റെ എല്ലാ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് കോടതി തൃപ്തരായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം കേസുകൾ അവസാനിപ്പിക്കണം.

സെക്ഷൻ 376 ഐപിസി പ്രകാരം, പ്രായപൂർത്തിയായ രണ്ട് പേർ തമ്മിലുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ലെന്നും, എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ, ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ച് ഇര പരാതി നൽകുന്നുണ്ട്. അത്തരത്തിലുള്ള കേസുകൾ ഇരയുടെ മൊഴിയും അന്വേഷണത്തിൽ ശേഖരിച്ച വസ്തുക്കളും സത്യവാങ്മൂലവും പരിശോധിച്ചാൽ ഉഭയകക്ഷി സമ്മതപ്രകാരമാണോ ലൈഗിക ബന്ധത്തിലേർപ്പെട്ടതെന്ന് കണ്ടെത്താനാകും. ഇത്തരം കേസുകളും തുടരേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.

കൗമാരക്കാർ പോക്സോ കേസിൽ ഉൾപെടുന്നത് ആശങ്കാജനകം

കൗമാരക്കാർ പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് ഇരകളാകുന്ന സംഭവങ്ങൾ വർധിക്കുന്നത് ആശങ്കാജനകമായ മറ്റൊരു വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം പ്രണയബന്ധങ്ങൾ പരസ്പര സമ്മതത്തോടെയുള്ള സഹവാസത്തിലേക്ക് നയിക്കും. പിന്നീട് കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദം മൂലമോ സമൂഹത്തോടുള്ള ഭയം മൂലമോ ആൺകുട്ടി വിവാഹം കഴിക്കാൻ വിസമ്മതിക്കും, പ്രായപൂർത്തിയാകാത്തവർക്കെതിരായ ഇത്തരം ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കാനാകുമോ എന്ന് കോടതി പരിശോധിച്ചു.

സെക്ഷൻ 320(4) CrPC പ്രകാരം പ്രായപൂർത്തിയാകാത്ത വ്യക്തിക്കോ മാനസികനില തെറ്റിയ വ്യക്തിക്കോ വേണ്ടി കരാർ ചെയ്യാൻ കഴിവുള്ള ഏതൊരാൾക്കും അവരുടെ പേരിൽ അത്തരം കുറ്റകൃത്യം അടിച്ചേൽപിക്കാനുമുള്ള സാഹചര്യമുണ്ടെന്നതും കോടതി ചൂണ്ടികാട്ടി. ഇത്തരത്തിലുള്ള കേസുകളിലൊക്കെ ഒത്തുതീർപ്പുണ്ടാകുമ്പോൾ പ്രഥമദൃഷ്ട്യാ ആരോപണങ്ങൾ കുറ്റകൃത്യത്തിന്റെ പരിധിയിലുള്ളതാണോ, ഒത്തുതീർപ്പ് പ്രായപൂർത്തിയാകാത്ത ഇരയുടെ താൽപ്പര്യത്തിനാണോ, പ്രതികൾക്കെതിരായ നടപടികൾ തുടരുന്നത് ഇരയെ പ്രതികൂലമായി ബാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം. പലപ്പോഴും അടുത്ത ബന്ധുക്കളിൽ നിന്നാണ് കുട്ടികൾ ലൈംഗിക ചൂഷണത്തിനിരയാകുന്നത്.

ഇത്തരം കേസുകളിൽ കുട്ടികൾ മാനസിക പ്രശ്നത്തിലേക്ക് എത്തുന്നുണ്ട്. സ്വന്തം അച്ഛനോ രണ്ടാനച്ഛനോ അടുത്ത ബന്ധുവോ ലൈംഗികമായി ദുരുപയോഗം ചെയ്യുമ്പോഴെല്ലാം നിസ്സഹായയായ കുട്ടി അനുഭവിച്ച മാനസിക ആഘാതവും വേദനയും ഒത്തുതീർപ്പെന്ന പേരിൽ കേസ് റദ്ദാക്കണമെന്ന് ഹർജി പരിഗണിക്കുമ്പോൾ കോടതിക്ക് കാണാതിരിക്കാനാവില്ല.

കേസ് ഒത്തുതീർപ്പാക്കുന്നതിന് ഇര നൽകുന്ന സമ്മതം സ്വമേധയാ ഉള്ളതാണെന്ന് കോടതിക്ക് എല്ലായ്പ്പോഴും ഉറപ്പുനൽകാനാവില്ല. അതിനാൽ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് ഇരയും കുറ്റവാളിയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടികൾ റദ്ദാക്കുന്നതിന് പ്രത്യേക മാനദണ്ഡമുണ്ടാക്കാൻ കഴിയില്ല. അതിനാൽ ഓരോ കേസിലെയും പ്രത്യേക വസ്തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കണമെന്ന് കോടതി നിരീക്ഷിച്ചു.

logo
The Fourth
www.thefourthnews.in