കാട്ടാക്കട കോളേജ് എസ്എഫ്ഐ ആൾമാറാട്ടത്തില്‍ കേസെടുത്തു; പ്രിൻസിപ്പൽ ഒന്നാംപ്രതി, വിദ്യാർഥി നേതാവും പ്രതിപ്പട്ടികയില്‍

കാട്ടാക്കട കോളേജ് എസ്എഫ്ഐ ആൾമാറാട്ടത്തില്‍ കേസെടുത്തു; പ്രിൻസിപ്പൽ ഒന്നാംപ്രതി, വിദ്യാർഥി നേതാവും പ്രതിപ്പട്ടികയില്‍

ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കാട്ടാക്കട പോലീസ് കേസെടുത്തിരിക്കുന്നത്

തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച പാനലില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ ജി ജെ ഷൈജുവിനെ ഒന്നാം പ്രതിയും ആള്‍മാറാട്ടം നടത്തിയ ഒന്നാം വര്‍ഷ ബിഎസ്‍സി വിദ്യാര്‍ഥി എ വിശാഖിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തത്. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കാട്ടാക്കട പോലീസ് കേസെടുത്തിരിക്കുന്നത്. സര്‍വകലാശാല പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി.

ഡോ.ഷൈജുവിനെ സർവീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിനോട് കഴിഞ്ഞ ദിവസം സര്‍വകലാശാല ആവശ്യപ്പെട്ടിരുന്നു. സര്‍വകലാശാലയെ കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കാൻ നിർദേശിച്ചത്. വീണ്ടും യു യു സി തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യത്തില്‍ ചെലവാകുന്ന മുഴുവന്‍ തുകയും അധ്യാപകനില്‍ നിന്ന് ഈടാക്കാനും കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗം നിർദേശിച്ചിരുന്നു.

അതേസമയം, സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം ആവശ്യപ്പെട്ട് സിപിഎം എംഎല്‍എമാരായ ഐ ബി സതീഷ്, ജി സ്റ്റീഫന്‍ എന്നിവർ ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കി. നേതാക്കള്‍ അറിയാതെ ആള്‍മാറാട്ടം നടക്കില്ലെന്ന് ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് എംഎല്‍എമാർ പാർട്ടി നേതൃത്വത്തിന് മുന്നില്‍ പരാതിയുമായി എത്തുന്നത്.

ഡിസംബര്‍ 12ന് നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി (യു യു സി) തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനിയെ മാറ്റി പകരം തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിശാഖിന്റെ പേരാണ് കോളേജില്‍നിന്ന് കേരള സർവകലാശാലയ്ക്ക് നല്‍കിയത്.

ആള്‍മാറാട്ടം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് എ വിശാഖിനെതിരെ എസ്എഫ്ഐ സംഘടനാ തലത്തിൽ നടപടിയെടുത്തിരുന്നു. തിരഞ്ഞെടുക്കപ്പെടാത്ത തന്റെ പേരാണ് കോളേജില്‍ നിന്ന് സർവകലാശാലയിലേക്ക് അയച്ച ലിസ്റ്റില്‍ ഉള്ളതെന്നറിഞ്ഞിട്ടും അത് തിരുത്താനോ ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കാനോ തയാറാകാതിരുന്നതിനാണ് വിശാഖിനെതിരെ നടപടി സ്വീകരിച്ചതെന്നാണ് എസ്എഫ്ഐ നൽകുന്ന വിശദീകരണം.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in