എസ് എഫ്‌ ഐയുടെ തിരഞ്ഞെടുപ്പ് അട്ടിമറി: പ്രിന്‍സിപ്പലിനെതിരെ നടപടിക്ക് സര്‍വകലാശാല

എസ് എഫ്‌ ഐയുടെ തിരഞ്ഞെടുപ്പ് അട്ടിമറി: പ്രിന്‍സിപ്പലിനെതിരെ നടപടിക്ക് സര്‍വകലാശാല

കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ പി സി ടി എയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ പ്രിൻസിപ്പൽ ജി ജെ ഷൈജുവിനെ തൽസ്ഥാനത്തുനിന്ന് സംഘടന നീക്കി

തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ പ്രിന്‍സിപ്പൽ ജി ജെ ഷൈജുവിനെതിരെ നടപടിക്കൊരുങ്ങി കേരള സര്‍വകലാശാല. പ്രിന്‍സിപ്പലിന്റേത് ഗുരുതര വീഴ്ചയെന്നാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍.

ശനിയാഴ്ച വൈസ് ചാന്‍സലര്‍ക്ക് മുന്‍പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും പ്രിൻസിപ്പലിന് സര്‍വകലാശാല നിർദേശം നൽകി. ഷൈജുവിനെ പ്രിന്‍സിപ്പൽ സ്ഥാനത്തുനിന്ന് നീക്കുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍വകലാശാല കടന്നേക്കുമെന്നാണ് വിവരം.

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിൽനിന്ന് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി (യു യു സി) തിരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരം എസ് എഫ് ഐ ഏരിയാസെക്രട്ടറി വിശാഖിനെ ഉള്‍പ്പെടുത്തി സർവകലാശാലയിലേക്ക് ലിസ്റ്റ് അയച്ചുവെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തയാളാണ് വിശാഖ്.

വിവാദമായതോടെ വിശാഖിനെ എല്ലാ സ്ഥാനങ്ങളില്‍നിന്ന് എസ് എഫ് ഐ നീക്കിയിരുന്നു. വിഷയത്തില്‍ സിപിഎമ്മും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കോവളം ഏരിയ സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല.

അതിനിടെ, പ്രിൻസിപ്പൽ ഷൈജുവിനെതിരെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ പി സി ടി എ നടപടിയെടുത്തു. കെ പി സി ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ഷൈജുവിനെ തൽസ്ഥാനത്തുനീക്കി. സംഭവത്തില്‍ ഷൈജുവിനോട് വിശദീകരണം തേടിയിട്ടുമുണ്ട്.

യു യു സിയായി തിരഞ്ഞെടുക്കപ്പെട്ട അനഘ രാജിവച്ചാണ് വിശാഖിന് അവസരമൊഴുക്കിയത്. വിശാഖിനെ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കുന്നതിനുവേണ്ടിയായിരുന്നു ഈ നീക്കമെന്നാണ് പുറത്തുവന്ന വിവരം. അനഘ രാജിവച്ച ഒഴിവിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുക്കുക. വിവാദത്തിന്റെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in