'അങ്ങനെയെങ്കിൽ രാജ്യ തലസ്ഥാനം ഡൽഹിയിൽ നിന്ന് നാഗ്പൂരിലേക്ക് മാറ്റേണ്ടിവരും'; ഹൈബി ഈഡനെ പരിഹസിച്ച് ശശി തരൂർ

'അങ്ങനെയെങ്കിൽ രാജ്യ തലസ്ഥാനം ഡൽഹിയിൽ നിന്ന് നാഗ്പൂരിലേക്ക് മാറ്റേണ്ടിവരും'; ഹൈബി ഈഡനെ പരിഹസിച്ച് ശശി തരൂർ

ഹൈബി അവതരിപ്പിച്ച ബില്ലിന്മേല്‍ സംസ്ഥാനത്തോട് നിലപാട് തേടിയ കേന്ദ്ര സർക്കാർ നടപടി വിചിത്രമെന്ന് തരൂർ

കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യത്തിൽ എറണാകുളം എംപി ഹൈബി ഈഡനെ തള്ളി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ഹൈബിയുടെ ആവശ്യം അസംബന്ധമാണെന്ന് തരൂർ പറഞ്ഞു. ബിൽ സംബന്ധിച്ച് ഒരു ചർച്ചയും പാർട്ടിക്കുള്ളിൽ നടന്നിട്ടില്ല. ഹൈബി പാർലമെന്റിൽ അവതരിപ്പിച്ചത് സ്വകാര്യ ബില്ലാണ്. അതുകൊണ്ടുതന്നെ വ്യക്തിപരമായ നിലപാടായി മാത്രം അതിനെ കണ്ടാൽ മതിയെന്നും തരൂർ വ്യക്തമാക്കി.

''സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രമാണ് ഓരോ നാടിന്റേയും തലസ്ഥാനം തിരഞ്ഞെടുക്കുന്നതിന് പിന്നിൽ. അത് കേവലം ഭൂമിശാസ്ത്രപരമായി മാത്രം നിശ്ചയിക്കേണ്ടതല്ല. ചെന്നൈ, മുംബൈ, കൊൽക്കത്ത തുടങ്ങിയവയെല്ലാം ഓരോ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളായി തുടരുന്നത് ചരിത്രപരമായ സവിശേഷതകളുടെ അടിസ്ഥാനത്തിലാണ്. ഹൈബിയുടെ ലോജിക് പ്രകാരം രാജ്യതലസ്ഥാനം ഡൽഹിയിൽനിന്ന് നാഗ്പൂരിലേക്ക് മാറ്റേണ്ടി വരും'' - തരൂർ പരിഹസിച്ചു.

ഹൈബി അവതരിപ്പിച്ച ബില്ലിന്മേല്‍ സംസ്ഥാനത്തോട് നിലപാട് തേടിയ കേന്ദ്ര സർക്കാർ നടപടി വിചിത്രമാണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. നേരത്തെ തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് അനുവദിക്കണമെന്ന ആവശ്യം ബില്ലായി അവതരിപ്പിച്ചിരുന്നു. അന്ന് സംസ്ഥാന സർക്കാരിനോടോ ചീഫ് ജസ്റ്റിസിനോടോ കേന്ദ്ര സർക്കാർ അഭിപ്രായം തേടിയില്ല. തലസ്ഥാനം മാറ്റണമെന്ന ബിൽ മാത്രം സംസ്ഥാന സർക്കാരിന് അയച്ചതിന് പിന്നിൽ കേന്ദ്രത്തിന്റെ കൗശലബുദ്ധിയാണെന്ന് തരൂർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാർച്ചിൽ ലോക്സഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യം ഹൈബി ഈഡൻ ഉന്നയിച്ചത്. തുടർന്ന് കേന്ദ്ര സർക്കാർ കേരളത്തോട് അഭിപ്രായം തേടിയിരുന്നു. തലസ്ഥാനം മാറ്റേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി.

കേരളത്തിന്റെ ഭൂപ്രദേശം കണക്കിലെടുത്ത് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ജില്ല എന്ന നിലയിൽ എറണാകുളത്തേക്ക് തലസ്ഥാനം മാറ്റണമെന്നായിരുന്നു ഹൈബി ഈഡൻ ബില്ലിൽ സൂചിപ്പിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ളവർക്ക് തിരുവന്തപുരത്ത് വന്നുപോകുന്നത് വലിയ ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in