അരുംകൊലകള്‍ തുടര്‍ക്കഥകളായ വർഷം; നരബലി നടുക്കിയ 2022

അരുംകൊലകള്‍ തുടര്‍ക്കഥകളായ വർഷം; നരബലി നടുക്കിയ 2022

മനുഷ്യ മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച കൊലപാതകങ്ങള്‍ക്കാണ് 2022 സാക്ഷിയായത്

ഒരു പൂവിറുക്കുന്ന ലാഘവത്തോടെ മനുഷ്യ ജീവന്‍ കവര്‍ന്നെടുക്കുക. അതിനായി സ്‌നേഹത്തെയും, വിശ്വാസത്തേയും കൂട്ടുപിടിക്കുക. ഇങ്ങനെ ഹീനമായ കൊലപാതകങ്ങള്‍ക്കാണ് 2022 സാക്ഷിയായത്. പല മരണങ്ങള്‍ക്കും പിന്നിലെ യാഥാര്‍ത്ഥ്യം ഇപ്പോഴും കാണാമറയത്താണെന്നതാണ് മറ്റൊരു വസ്തുത.

സ്‌നേഹത്തോടെ കാമുകി വെച്ച് നീട്ടിയ കഷായവും, ജ്യൂസും കുടിച്ച് യുവാവ് കൊല്ലപ്പെട്ടതും, ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ രണ്ട് യുവതികളെ ബലി നല്‍കിയതും ഞെട്ടലോടെയാണ് കേരളം കേട്ടത്. പിന്നാലെ, ശ്രദ്ധാ വാള്‍ക്കര്‍ എന്ന പെണ്‍കുട്ടിയെ കൊന്ന് 35 കഷ്ണങ്ങളാക്കി 18 ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഡൽഹിയുടെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചെന്ന വാര്‍ത്ത രാജ്യത്തെയാകെ പിടിച്ച് കുലുക്കി.

മനഃസാക്ഷിയെ ഒന്നാകെ ഞെട്ടിച്ച കൊലപാതകങ്ങള്‍ക്കാണ് 2022 സാക്ഷിയായത്

ഇലന്തൂരിലെ നരഭോജികള്‍

സമ്പദ് സമൃദ്ധിക്കും, ഐശ്വര്യത്തിനും വേണ്ടി കൊച്ചിയില്‍ നിന്നും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലി നല്‍കി. ഒക്ടോബർ 10ന് പുറത്തുവന്ന വാർത്തകേട്ട് സാക്ഷരകേരളം നടുങ്ങി. കേസില്‍ തിരുവല്ല സ്വദേശിയായ ഭഗവല്‍ സിങ്, ഭാര്യ ലൈല, ഇരുവരുടെയും സഹായിയായ മുഹമ്മദ് ഷാഫി എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ദുര്‍മന്ത്രവാദത്തിൻ്റെ ഭാഗമായിട്ടായിരുന്നു നരബലി.

ഐശ്വര്യപൂജക്കിടെ യുവതികളെ തലയ്ക്കടിച്ച് കൊല്ലുകയും അവരുടെ മാംസം ഭക്ഷിക്കുകയും ചെയ്തു. കൊലപാതകത്തിന് ഇരകളായ ഇരുവരും ലോട്ടറിവില്‍പ്പനക്കാരായിരുന്നു. സ്ത്രീകളെ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച ഏജന്‍റാണ് മുഹമ്മദ് ഷാഫി. കടവന്ത്ര സ്റ്റേഷന്‍പരിധിയില്‍ വരുന്ന പഞ്ചവടി കോളനി നിവാസിയാണ് 52കാരിയായ പത്മം. കാലടി സ്വദേശിയാണ് കൊല്ലപ്പെട്ട 50 കാരിയായ റോസ്‌ലി. ഇരുവരെയും കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരും കൊലയുടെ ചുരുളഴിഞ്ഞത്.

സ്‌നേഹത്തില്‍ വിഷം കലര്‍ത്തിയ കാമുകി

നരബലിക്കു പിന്നാലെ കഷായത്തിലും, ജ്യൂസിലും കീടനാശിനി നല്‍കി യുവാവിനെ കാമുകി കൊലപ്പെടുത്തിയെന്ന വാര്‍ത്തയും കേരളത്തെ ഞെട്ടിച്ചു. പാറശ്ശാല സ്വദേശിയായ ഷാരോണാണ് കൊല്ലപ്പെട്ടത്. പിന്നാലെ കാമുകിയായ ഗ്രീഷ്മ പിടിയിലാവുകയായിരുന്നു. ഒക്ടോബര്‍ 14 ന് രാവിലെ ഷാരോണ്‍രാജും സുഹൃത്ത് റെജിനും ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടില്‍ എത്തിയിരുന്നു. അവിടെ നിന്നും മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാരോണിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങള്‍ രൂപപ്പെട്ട് വെള്ളംപേലും കുടിക്കാനാവാതെ ഷാരോണ്‍ അവശതയിലായി. തുടര്‍ന്ന് 17ന് മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ പരിശോധനയില്‍ വൃക്കകളുടെ പ്രവര്‍ത്തനശേഷി കുറഞ്ഞതായി കണ്ടെത്തിയ. പതിയെ പതിയെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ഒന്‍പത് ദിവസത്തിനിടെ അഞ്ച് തവണ ഡയാലിസിസ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ ഒക്ടോബര്‍ 25 ന് ഷാരോണ്‍ മരിച്ചു

തുടര്‍ന്ന് നടത്തിയ അന്വേഷണം ഗ്രീഷ്മയിലത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ പറഞ്ഞ കള്ളങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. ഷാരോണിന് കഷായത്തില്‍ കീടനാശിനി കലക്കി നല്‍കിയതാണെന്നും, മുന്‍പ് ജ്യൂസിൽ വേദനസംഹാരി ഗുളികകള്‍ അമിതമായ അളവില്‍ കലര്‍ത്തി നല്‍കിയിട്ടുണ്ടെന്നും ഗ്രീഷ്മ അന്വേഷണ ഉദ്യോസ്ഥരോട് വ്യക്തമാക്കി.ഇതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. സ്ലോ പോയ്സനിങ്ങിനെ കുറിച്ച് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായും, അങ്ങനെയാണു ചില വേദനസംഹാരികള്‍ അമിതമായ അളവില്‍ ഉള്ളില്‍ ചെല്ലുന്നത് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കുമെന്ന് മനസിലായതെന്നും ഗ്രീഷ്മ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

പ്രണയനൈരാശ്യത്തിന്റെ തീരാപ്പക

പാനൂര്‍ മൊകേരിയില്‍ ഒക്ടോബര്‍ 22 നാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണുപ്രിയയെ പ്രതിയായ ശ്യാംജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട ആസൂത്രത്തിന്റെ ബാക്കിയായിരുന്നു കൊലപാതകം. പ്രണയനൈരാശ്യമാണ് ശ്യാംജിത്തിനെ കൊലപാതകത്തിലേക്ക് നയിച്ചത്. സീരിയല്‍ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയാണ് കൊലപാതകത്തിന് ശ്യാംജിത്തിന് പ്രചോദനമായത്.

വീട്ടില്‍ കയറി പെണ്‍കുട്ടിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം പ്രതി വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വിഷ്ണുപ്രിയയുടെ ഫോണിലേക്ക് വന്ന കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിന്നാലെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം കഴുത്തറുത്ത്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. നേരത്തെ പ്രണയത്തിലായിരുന്നുവെന്നും പ്രണയത്തില്‍ നിന്ന് പിന്മാറിയതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ശ്യാംജിത്ത് പൊലീസിനോട് സമ്മതിച്ചു.

കാല്‍ നൂറ്റാണ്ട് കാത്തിരുന്ന പക

2022ഒക്ടോബര്‍ 1 നാണ് തിരുവനന്തപുരം മടവൂരില്‍ ദമ്പതികളെ വീട്ടില്‍ കയറി തീകൊളുത്തി കൊലപ്പെടുത്തിയത്. ആക്രമണത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ പ്രതിയായ വിമുക്തഭടന്‍ പനപ്പാംകുന്ന് സ്വദേശി ശശിധരനും രണ്ടു ദിവസത്തിനു ശേഷം മരിച്ചു. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ശശിധരന്‍ നായര്‍ ചുറ്റിക ഉപയോഗിച്ച് പ്രഭാകര കുറുപ്പിനെയും ഭാര്യ വിമലയെയും തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച്  തീ കൊളുത്തുകയായിരുന്നു.

25വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഭാകരക്കുറുപ്പ് ബഹ്‌റിനിലേക്ക് കൊണ്ടുപോയ ശശിധരന്‍നായരുടെ മകന്‍ അവിടെവെച്ച് ആത്മഹത്യ ചെയ്തിരുന്നു. മകന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ശശിധരന്‍ നായര്‍ നല്‍കിയ കേസില്‍ പ്രഭാകര കുറുപ്പിനെ  കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതേത്തുടര്‍ന്നുള്ള പകയാണ് ദമ്പതികളെ ചുട്ടുകൊല്ലാനുള്ള കാരണം.

ഫ്‌ളാറ്റിലെ കൊലപാതകം

ഓഗസ്റ്റ് 16നാണ് മലപ്പുറം സ്വദേശിയായ സജീവ് കൃഷ്ണയെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ടോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. തലയിലും കഴുത്തിലുമടക്കം 20 ലേറെ മുറിവുകളും സജീവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു.

സംഭവത്തിന് തൊട്ടുപിന്നാലെ പ്രതിയായ അര്‍ഷാദ് പോലീസിന്റെ പിടിയിലായി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ലഹരി ഇടപാടുമായി ബന്ധപ്പട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. കൊലപാതകത്തിന് ശേഷം കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാസര്‍കോട് വെച്ചാണ് അര്‍ഷാദ് പിടിയിലായത്. പോലീസിന്റെ പിടിയിലാകുന്ന സാഹചര്യത്തിലും അര്‍ഷാദിന്റെ കൈവശം ലഹരി പദാര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നു. കൊല്ലപ്പെട്ട സജീവ് കൃഷ്ണയും, പ്രതിയായ അര്‍ഷാദും ലഹരിമരുന്നിന് അടിമകളായിരുന്നെന്നും പോലീസ് കണ്ടെത്തി

11 വർഷങ്ങള്‍ക്ക് ശേഷം ചുരുളഴിഞ്ഞ ഊരൂട്ടമ്പലം കൊലപാതകം

2011 ആഗസ്റ്റ് 18നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ദിവ്യയേയും കുഞ്ഞിനേയും പ്രതിയായ മാഹീന്‍ കൊലപ്പെടുത്തിയത്. ഇരുവരെയും പിറകില്‍ നിന്നും കലിലേക്ക് മാഹീന്‍ തള്ളിയിടുകയായിരുന്നു. പൂവാര്‍ സ്വദേശി മാഹിന്‍ കണ്ണുമായുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെ ദിവ്യ മാഹിന്‍കണ്ണിനൊപ്പം മലയിന്‍കീഴിനടുത്ത് വാടകവീട്ടില്‍ താമസം തുടങ്ങിയിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും മാഹിന്‍കണ്ണ് ഒഴിഞ്ഞുമാറി. ദിവ്യ ഗര്‍ഭിണിയായതോടെ മാഹിന്‍കണ്ണ് വിദേശത്തേക്ക് കടന്നു. 2009 മാര്‍ച്ച് 14ല്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ഒന്നര വര്‍ഷത്തിന് ശേഷം വിദേശത്ത് നിന്നും മാഹിന്‍കണ്ണ് തിരിച്ചെത്തി. അതിനിടെയാണ് ഇയാള്‍ക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് ദിവ്യ അറിയുന്നത്. ഇതേ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഡല്‍ഹിയെ നടുക്കിയ അരുംകൊല

ശ്രദ്ധാ വാള്‍ക്കറെന്ന 29 കാരിയെ കാമുകനായ അഫ്താബ് അമീന്‍ പൂനവാല കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നാലെ പ്രതിയായ അഫ്താബ് അറസ്റ്റിലായതോടെയാണ് അരുംകൊലയുടെ ചുരുളഴിഞ്ഞു. ശ്രദ്ധയെ കൊന്ന് 35 കഷ്ണങ്ങളാക്കിയ ശേഷം മൂന്നാഴ്ചയോളം അഫ്താബ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പിന്നീട് 18 ദിവസമെടുത്ത് ശരീരഭാഗങ്ങള്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിച്ചു. ദിവസങ്ങളോളം മകളെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്രദ്ധയുടെ അച്ഛന്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം

logo
The Fourth
www.thefourthnews.in