കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

മദ്യപിച്ചും തെറിപ്പാട്ട് പാടിയും ക്ഷേത്രത്തിൽ പ്രവേശിക്കരുത്; ഹൈക്കോടതി

ചേർത്തല കാർത്ത്യായിനി ദേവീ ക്ഷേത്രത്തിലെ വാര്‍ഷികോത്സവത്തിന്റെ ഭാഗമായി നൃത്തം ചവിട്ടി പാട്ടിനൊപ്പിച്ച് ക്ഷേത്ര മണി അടിക്കാനോ പാടില്ലെന്നും കോടതി ഉത്തരവിട്ടു

ചേർത്തല കാർത്ത്യായിനി ദേവീ ക്ഷേത്രത്തിലെ വാർഷികോത്സവത്തില്‍ മദ്യപിച്ച് തെറിപ്പാട്ട് പാടി ക്ഷേത്രാങ്കണത്തിൽ പ്രവേശിക്കരുതെന്ന് ഹൈക്കോടതി. വാര്‍ഷികോത്സവത്തിന്റെ ഭാഗമായി നൃത്തം ചവിട്ടി പാട്ടിനൊപ്പിച്ച് ക്ഷേത്ര മണി അടിക്കാനോ പാടില്ലെന്നും കോടതി ഉത്തരവിട്ടു.

ക്ഷേത്രത്തിന്റെ വാർഷികോത്സവത്തിന് ആചാരമെന്ന തരത്തിൽ ഇത്തരം പ്രവൃത്തികൾ അരങ്ങേറുന്നത് തടയണമെന്നും സ്ത്രീകളടക്കമുള്ള ഭക്തർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ചേർത്തല സ്വദേശി ഇ കെ സിനിൽകുമാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഉത്സവത്തിന്റെ ഭാഗമായുള്ള പൂരം വേലതുള്ളൽ, ആയില്യം മഹോത്സവം, മകം മഹോത്സവം എന്നിവ നടക്കുമ്പോൾ ഇത്തരം പ്രവൃത്തികൾ നടക്കുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രോപദേശക സമിതിയും ഉറപ്പാക്കണം.

മദ്യപിച്ചും ചെരിപ്പ് ധരിച്ചും ക്ഷേത്രാങ്കണത്തിൽ പ്രവേശിക്കുന്നില്ലെന്നും ആനപ്പന്തലിലും നാലമ്പലത്തിന് മുന്നിലും തെറിപ്പാട്ട് പാടി നൃത്തം ചവിട്ടുന്നില്ലെന്നും പോലീസ് ഉറപ്പാക്കാക്കുകയും വേണം. ഇതിനായി ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ട് മതിയായ പോലീസിനെ നിയോഗിച്ച് ക്ഷേത്രപരിസരത്ത് സുരക്ഷ ഉറപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

logo
The Fourth
www.thefourthnews.in