'യുഎപിഎ, മാവോയിസ്റ്റ് ബന്ധമുള്ള കേസുകളിൽ മാത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു', വിധിക്കെതിരെ അപ്പീൽ പോകും: ഷുക്കൂർ വക്കീൽ

'യുഎപിഎ, മാവോയിസ്റ്റ് ബന്ധമുള്ള കേസുകളിൽ മാത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു', വിധിക്കെതിരെ അപ്പീൽ പോകും: ഷുക്കൂർ വക്കീൽ

പ്രതികളെ വെറുതെ വിട്ട കോടതി വിധിയിലുള്ളത് യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണെന്നും കേസില്‍ റിയാസ് മൗലവിയുടെ ഭാര്യയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ: ഷുക്കുര്‍

റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ കഴിഞ്ഞ ദിവസമാണ് കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്. കേസില്‍ യുഎപിഎ ചുമത്തണമെന്ന് പ്രൊസിക്യൂഷനും റിയാസിന്റെ കുടുംബവും നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. കേസില്‍ യുഎപിഎ ചുമത്താതിരുന്നത് സര്‍ക്കാര്‍ നിലപാട് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞതായി റിയാസ് മൗലവിയുടെ ഭാര്യയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ: സി ഷുക്കൂര്‍. കേസിലെ സര്‍ക്കാര്‍ നിലപാടുകളെക്കുറിച്ചും, നിലവിലെ സ്ഥിതികളെക്കുറിച്ചും ഷുക്കൂര്‍ വക്കീല്‍ ദ ഫോര്‍ത്തിനോട് സംസാരിക്കുന്നു.

റിയാസ് മൗലവി കേസില്‍ യുഎപിഎ ചുമത്താതിരുന്നത് എന്തുകൊണ്ടാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് ?

ഇത്തരം ക്രൈമുകളില്‍ പൊതുവെ യുഎപിഎ ചുമത്തുന്ന പതിവ് ഇല്ല. യുഎപിഎ എന്ന നിയമത്തിന് സംസ്ഥാന സര്‍ക്കാരിന് അനുകൂല നിലപാട് അല്ല ഉള്ളത്. നിലവിലെ ഐപിസി വകുപ്പുകള്‍ വച്ച് തന്നെ പ്രതികളെ ശിക്ഷിക്കാന്‍ കഴിയുന്ന രീതി ഉണ്ടെന്നായിരുന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. യുഎപിഎ ചുമത്തണമെന്ന് ചൂണ്ടിക്കാട്ടി സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിപ്പോയി. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തു, വാദം കേട്ടു. കേസിലെ വിചാരണ പൂര്‍ത്തിയായ ശേഷം യു എ പി എ ചുമത്താന്‍ ഉള്ള ഘടകങ്ങള്‍ ഉണ്ടെങ്കില്‍ അത് ചുമത്താന്‍ വേണ്ടി ഹൈക്കോടതി സെഷന്‍സ്‌ കോടതിയെ ചുമതലപ്പെടുത്തി.

'യുഎപിഎ, മാവോയിസ്റ്റ് ബന്ധമുള്ള കേസുകളിൽ മാത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു', വിധിക്കെതിരെ അപ്പീൽ പോകും: ഷുക്കൂർ വക്കീൽ
റിയാസ് മൗലവി വധം: കോടതിയെയും പോലീസിനെയും വിമർശിച്ച് സുപ്രഭാതം, 'ആര്‍എസ്എസുകാര്‍ പ്രതികളാകുന്ന കേസുകളില്‍ നിരന്തരം വീഴ്ച'

പ്രധാനപ്പെട്ട തെളിവുകള്‍ അടക്കം ചൂണ്ടിക്കാട്ടി യു എ പി എ ചുമത്താനുള്ള ഘടകം ഉണ്ടെന്ന് വ്യക്തമാക്കി വീണ്ടും സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ സെഷന്‍സ് കോടതിവിധി പ്രസ്താവിച്ചില്ല, പകരം കേസിലെ വിധിക്കൊപ്പം യുഎപിഎ സംബന്ധിച്ച വിധിയും വരുമെന്ന് വ്യക്തമാക്കി.

ഇത് കൂടാതെ ഐഎസ് അനുകൂല പ്രസംഗം നടത്തിയെന്ന് കാണിച്ച് മുസ്‌ലിം പണ്ഡിതര്‍ക്കെതിരെ ചുമത്തിയ യുഎപിഎ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന കേസുകളില്‍ അല്ലാത്ത ഒരു കേസിലും യുഎപിഎ വേണ്ട എന്നതാണ് സ്റ്റേറ്റ് പോളിസി. കേരളത്തിലെ ഒരുമാതിരിപ്പെട്ട പാര്‍ട്ടികളൊക്കെ ഈ നിലപാടിനോട് അനുകൂലമാണ്.

ഇതിന് മുമ്പും സമാനമായ കേസുകളില്‍ എല്ലാം ഐപിസി ഓഫന്‍സ് ആയിരുന്നു ഉണ്ടായിരുന്നത്. ആ കേസുകളില്‍ ഒന്നും യുഎപിഎ വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നില്ല. റിയാസ് മൗലവി കേസില്‍ മാത്രമാണ് യുഎപിഎ വേണമെന്ന ആവശ്യം ഞങ്ങള്‍ പരാതിയായി ഉന്നയിച്ചത്.

'യുഎപിഎ, മാവോയിസ്റ്റ് ബന്ധമുള്ള കേസുകളിൽ മാത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു', വിധിക്കെതിരെ അപ്പീൽ പോകും: ഷുക്കൂർ വക്കീൽ
റിയാസ് മൗലവി വധത്തില്‍ യുഎപിഎ ചുമത്താത്തതിനെയും അന്വേഷണത്തെയും ന്യായീകരിച്ച് മുഖ്യമന്ത്രി,'നല്ല രീതിയില്‍ അന്വേഷിച്ചു'

സംസ്ഥാന സര്‍ക്കാരിന്റെ പോളിസി മുഖ്യമന്ത്രി വ്യക്തമായി പറയുകയും ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അത് വ്യക്തമാക്കുകയും ചെയ്തു. 151 എ, 301 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. കുറ്റവാളികള്‍ രക്ഷപ്പെടുന്നത് ഇത്തരം വകുപ്പുകളിലൂടെ തടയാന്‍ സാധിക്കുമെന്നാണ് സ്റ്റേറ്റ് ഗവണ്‍മെന്റ് വിശ്വസിക്കുന്നത്. അതുകൊണ്ട് ഈ ഒരു കേസില്‍ മാത്രം തീരുമാനം മാറ്റാന്‍ സാധിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

'യുഎപിഎ, മാവോയിസ്റ്റ് ബന്ധമുള്ള കേസുകളിൽ മാത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു', വിധിക്കെതിരെ അപ്പീൽ പോകും: ഷുക്കൂർ വക്കീൽ
റിയാസ് മൗലവി വധക്കേസ്: മൂന്ന് ആർ എസ് എസ് പ്രവർത്തകരെയും വെറുതെവിട്ടു

യുഎപിഎ ചുമത്താനുള്ള എന്തൊക്കെ ഘടകങ്ങളാണ് കേസില്‍ ഉള്ളത് ?

നിയമപ്രകാരം ഒരു കമ്യൂണിറ്റിക്ക് അകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കണമെന്നും ഭയപ്പെടുത്തണമെന്നും തീരുമാനിച്ച് നടത്തുന്ന ക്രിമിനല്‍ ആക്ടിവിറ്റി ചെയ്താല്‍ അവിടെ യുഎപിഎ ചുമത്താം എന്നാണ് നിയമം പറഞ്ഞുവെക്കുന്നത്. മുസ്‌ലിം കമ്മ്യൂണിറ്റിയെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ കൊലപാതകം നടത്തിയത്, അതുകൊണ്ട് യുഎപിഎ ചുമത്തണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. ആ വാദം കോടതിയും അംഗീകരിച്ചില്ല സര്‍ക്കാരും അംഗീകരിച്ചില്ല.

കേസിലെ ജഡ്ജ്‌മെന്റ് വായിച്ചാല്‍ തന്നെ എത്രത്തോളം നിലനില്‍ക്കാത്തത് ആണെന്ന് മനസിലാകും. ജഡ്ജ്‌മെന്റില്‍ ഒരു ഭാഗത്ത് പള്ളിയുടെ ചുമരില്‍ കല്ലെറിഞ്ഞതായി പറയുന്നുണ്ട്. ചുമര്‍ ടൈല്‍സ് ഒട്ടിച്ചതാണെന്നും കല്ലെറിഞ്ഞിട്ടും എന്താണ് ടൈല്‍സ് പൊട്ടത്താതെന്നും കോടതി വിധി ന്യായത്തില്‍ ചോദിക്കുന്നുണ്ട്. മറ്റൊന്ന് റിയാസ് മൗലവി ഉടുത്ത മുണ്ട് വച്ചുള്ള ചോദ്യമാണ്. ലുങ്കി അരയ്ക്കു താഴെ ഉപയോഗിക്കുന്ന വസ്ത്രമായത് കൊണ്ട് അരയ്ക്കുമുകളില്‍ കൊല്ലാന്‍ വന്നയാള്‍ കുത്തിയാല്‍ ലുങ്കിക്കു എങ്ങിനെ കുത്തു കൊള്ളുക എന്നൊക്കെയാണ് ചോദിച്ചിരിക്കുന്നത്.

അത്തരം ബാലിശമായ നിരീക്ഷണങ്ങളാണ് ജഡ്ജ്‌മെന്റില്‍ പറയുന്നത്. നമ്മുടെ ഒരു നിയമവ്യവസ്ഥയില്‍ തെളിവുകള്‍ ശേഖരിക്കുന്നത് കേസ് അന്വേഷിക്കുന്നവരാണ്. ആ തെളിവുകള്‍ ശരിവെക്കുന്നത് സാക്ഷികളും തെളിവ് കോടതിയില്‍ ഹാജരാക്കുന്നത് പ്രൊസിക്യൂഷനുമാണ്. റിയാസ് മൗലവി കൊലപാതക കേസില്‍ പോലീസ് സാധാരണ രീതിയില്‍ നടത്താവുന്ന ഏറ്റവും നല്ല രീതിയില്‍ കേസ് അന്വേഷിക്കുകയും തെളിവ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ കേസില്‍ ജഡ്ജ് പറയുന്ന ഒരു കാര്യം ഒന്നാം പ്രതിയുടെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴും ഡ്രസ് എടുക്കുമ്പോഴും മുഖംമൂടിയിട്ടാണ് കൊണ്ടുപോയത് എന്നാണ്. എവിഡന്‍സ് ആക്ട് 27 പ്രകാരം പോലീസ് കസ്റ്റഡിയില്‍ ആയി 24 മണിക്കൂറിനുള്ളില്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് ഹാജരാക്കും. ആ സമയത്ത് അവരെ എക്‌സ്‌പോസ് ചെയ്യുന്ന രീതിയില്‍ മുഖം പുറത്തുവരാതിരിക്കാനാണ് മുഖം മൂടിയിടുന്നത്. മുഖം മൂടി എന്ന് പറയുന്നത് കണ്ണ് കാണുന്ന മുഖം മൂടിയാണ്. അതുവച്ചാണ് മുഖം മൂടിയിട്ട ആള്‍ക്ക് എങ്ങനെയാണ് തിരിച്ചറിയാന്‍ സാധിക്കുകയെന്നു കോടതി ചോദിച്ചത്. അതിനൊക്കെ മറുപടി പറയുക ബുദ്ധിമുട്ടാണ്.

ജഡ്ജി മറുപടി പറയേണ്ട ഒരുകാര്യം. കേസില്‍ ഹാജരാക്കിയ ടവര്‍ ലൊക്കേഷനില്‍ 800 മീറ്റര്‍, 200 മീറ്റര്‍ ചുറ്റളവില്‍ പ്രതികള്‍ എത്തിയിട്ടുണ്ട്. ഈ പ്രദേശത്തേക്ക് പ്രതികള്‍ക്ക് വരേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. ചുറ്റുവട്ടങ്ങളില്‍ എല്ലാം മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. പ്രതികള്‍ ഒന്നര രണ്ട് കിലോമീറ്റര്‍ ദൂരത്ത് താമസിക്കുന്ന ആളുകളാണ്. മുസ്‌ലിങ്ങളായ ആളുകളെ ഭയപ്പെടുത്തുന്നതിനായി മുസ്‌ലിം വ്യക്തിയെ കൊലപ്പെടുത്തിയെന്നതാണ് പ്രൊസിക്യൂഷന്‍ കേസ്.

ഇതിന് പുറമെ കുത്തിയ കത്തി ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. രണ്ട് തഹസില്‍ദാര്‍മാരെ സാക്ഷിയാക്കിയിട്ടാണ് കത്തി കണ്ടെടുത്തത്. മുസ്‌ലിം മതവിശ്വാസികള്‍ അല്ലെന്ന് ഉറപ്പാക്കി കൊല്ലത്ത് നിന്നുള്ള രണ്ട് തഹസില്‍ദാര്‍മാരെയാണ് ഹാജരാക്കിയത്. കാസര്‍ഗോഡ് ഇങ്ങനെയുള്ള കേസുകളില്‍ സാക്ഷിയാകാന്‍ പോലും ആരും തയാറാവുന്നില്ല. സാക്ഷികള്‍ സ്വാധീനിക്കപ്പെടാനും കൂറുമാറാനും ഇടയാവരുതെന്ന് ഉറപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പ്രത്യേക അപേക്ഷ നല്‍കി തഹസില്‍ദാര്‍മാരെ സാക്ഷിയാക്കി കൊണ്ടുവന്നത്. പ്രതി കണ്ടെത്തിയ കത്തി അപ്പോള്‍ തന്നെ സീല്‍ ചെയ്യുകയാണ്. ആ കത്തിയാണ് ഫോറന്‍സിക് വിഭാഗം പരിശോധിക്കുന്നത്.

അതേപോലെയാണ് ഒന്നാം പ്രതിയുടെ വീട്ടിലുള്ള അയലില്‍ നിന്ന് പ്രതിയുടെ വസ്ത്രങ്ങള്‍ കണ്ടെടുക്കുന്നതും ആ വസ്ത്രത്തില്‍ നിന്ന് റിയാസ് മൗലവിയുടെ രക്തത്തിന്റെ അംശവും അതിന്റെ ഡിഎന്‍എയും കണ്ടെത്തുന്നത്. ശാസ്ത്രീയമായി കണ്ടെത്തിയ പ്രധാനപ്പെട്ട രണ്ട് തെളിവുകളില്‍ കോടതി മൗനം പാലിക്കുകയാണ്. അദ്ദേഹം അത് വിശ്വസിക്കുന്നില്ല.

ശാസ്ത്രീയ തെളിവുകളും പ്രൊസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷികളുമൊന്നും പരിഗണിക്കുന്നില്ല. പ്രൊസിക്യൂഷന്‍ ഹാജരാക്കിയ പ്രധാന സാക്ഷികളില്‍ ഒരാളാണ് റിയാസ് മൗലവി കൊല്ലപ്പെട്ട പള്ളിയിലെ ഇമാം. അദ്ദേഹം റിയാസിന്റെ സഹപ്രവര്‍ത്തകനാണ്. അയാള്‍ രണ്ടാം പ്രതിയെ കാണുന്നുണ്ട്. തൊട്ടപ്പുറത്ത് താമസിക്കുന്ന ഹമീദ് എന്ന സാക്ഷി ഒന്നും രണ്ടും പ്രതികളെ കാണുന്നുണ്ട്. ഈ സാക്ഷികള്‍ എല്ലാം കോടതിയില്‍ നിന്ന് പ്രതികളെ തിരിച്ചറിയുന്നുണ്ട്. ഇവര്‍ക്ക് ആര്‍ക്കും പ്രതികളെ മുന്‍പരിചയം ഇല്ല, ശത്രുക്കളല്ല. ഒരു തരത്തിലുമുള്ള പരസ്പര ബന്ധമില്ല. കൊല്ലപ്പെട്ട റിയാസ് മൗലവിയും പ്രതികളും തമ്മില്‍ ഒരു ശത്രുതയും ഇല്ല. ഒരാള്‍ മുസ്ലിം കമ്മ്യൂണിറ്റിയില്‍ ജനിച്ചത് കൊണ്ടും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വിദ്വേഷം ചെറുപ്പം മുതല്‍ ഉള്ളില്‍ പേറുന്നവരായതുകൊണ്ടും ഒരു മുസ്ലിമിനെ കൊല്ലാന്‍ തീരുമാനിക്കുന്നു.

ഇതിന് കൊല്ലപ്പെട്ട വ്യക്തി മുസ്ലിം ആണെന്നും പ്രതികള്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും തെളിയിക്കുന്ന രേഖകള്‍ കൈമാറിയിട്ടുണ്ട്. പ്രതികള്‍ ആര്‍എസ്എസ് ആണെന്ന് തെളിയിക്കുന്നതിനുള്ള ചില സാക്ഷികളെയും ഹാജരാക്കിയിരുന്നു. എന്നാല്‍ കേസിന്റെ വിചാരണക്കിടയില്‍ ഇവര്‍ കൂറുമാറി. കാരണം സാക്ഷി പറഞ്ഞവര്‍ ആര്‍എസ്എസുകാരായിരുന്നു. അവരല്ലാതെ മറ്റൊരു പാര്‍ട്ടിക്കാരും കാസര്‍ഗോഡ് സാക്ഷി പറയില്ല. അവരെ വിശദമായി പ്രൊസിക്യൂഷന്‍ ക്രോസ് വിസ്താരം നടത്തിയിരുന്നു. പ്രതികളില്‍ ഒരാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ആര്‍ എസ് എസുമായി ബന്ധപ്പെട്ട വീഡിയോ കണ്ടെത്തിയിട്ടുണ്ട്. ഇതൊന്നും കോടതി പരിഗണിച്ചിട്ടില്ല. ഇത്തരം കേസുമായി ബന്ധപ്പെട്ട നുറോളം വിധി ന്യായങ്ങളാണ് പ്രൊസിക്യൂഷന്‍ ഹാജരാക്കിയത്. എന്നാല്‍ ഇതിനെ കുറിച്ചൊന്നും വിധിന്യായത്തില്‍ പറയുന്നില്ല.

ഇക്കാര്യങ്ങള്‍ എല്ലാം മേല്‍ക്കോടതിയില് ബോധ്യപ്പെടുത്തും. കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കേസില്‍ ഹര്‍ജി നല്‍കി കഴിഞ്ഞാല്‍ പ്രതികള്‍ക്ക് ആദ്യം നോട്ടീസ് അയക്കും അത് കഴിഞ്ഞാല്‍ എത്രയും പെട്ടന്ന് കേസില്‍ വിധിയുണ്ടാകാനുള്ള നടപടിയുണ്ടാകാന്‍ പ്രൊസിക്യൂഷന്‍ നടപടി സ്വീകരിക്കും.

logo
The Fourth
www.thefourthnews.in