കേന്ദ്ര നയങ്ങൾ രാജ്യത്തെ തകർക്കുന്നു; ഇന്ത്യ എന്നാൽ മോദി എന്നല്ല: സീതാറാം യെച്ചൂരി

കേന്ദ്ര നയങ്ങൾ രാജ്യത്തെ തകർക്കുന്നു; ഇന്ത്യ എന്നാൽ മോദി എന്നല്ല: സീതാറാം യെച്ചൂരി

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിലാണ് യെച്ചൂരി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.

കേന്ദ്ര നയങ്ങൾ രാജ്യത്തെ തകർക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൊതുമുതല്‍ കൊള്ളയടിക്കുന്നവര്‍ക്ക് ഒത്താശ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തെയും ഇടത് സര്‍ക്കാരിനെയും നിരന്തരം ആക്ഷേപിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കുമുള്ള മറുപടിയാണ് സംസ്ഥാനത്തെ പ്രശംസിച്ചുകൊണ്ടുള്ള രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പരാമര്‍ശങ്ങളെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളെ ജനങ്ങളോട് ബോധ്യപ്പെടുത്താൻ ജനകീയ പ്രതിരോധ ജാഥയ്ക്ക് കഴിഞ്ഞുവെന്നും സീതാറാം യെച്ചൂരി അവകാശപ്പെട്ടു.

രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളെ ജനങ്ങളോട് ബോധ്യപ്പെടുത്താൻ ജനകീയ പ്രതിരോധ ജാഥയ്ക്ക് കഴിഞ്ഞു

സീതാറാം യെച്ചൂരി

ഇന്ദിര ​ഗാന്ധിയുടെ കാലത്ത് നിന്നും മാറ്റങ്ങളൊന്നും തന്നെ രാജ്യത്തിന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അരോപിച്ചു. ഇന്ദിരാ ഗാന്ധി രാജ്യം ഭരിച്ചിരുന്നപ്പോൾ ഇന്ദിരയാണ് ഇന്ത്യയെന്നും ഇന്ത്യയാണ് ഇന്ദിരയെന്നും പറഞ്ഞിരുന്നു, മോദിയുടെ കാലത്ത് ഇന്ത്യ എന്നാൽ മോദി അദാനി എന്ന രീതിയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്ദിരാ ഗാന്ധിയോ, മോദിയോ, അദാനിയോ അല്ല അത് ഇന്ത്യയിലെ ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ ഉപയോ​ഗിച്ച് നിരന്തരം വേട്ടയാടുകയാണ്

ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ രാജ്യ വിരുദ്ധരാക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അദാനിയെ വിമർശിച്ചാലും ദേശവിരുദ്ധരാക്കുന്ന സ്ഥിതിയാണ് രാജ്യത്തുളളത്. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ ഉപയോ​ഗിച്ച് നിരന്തരം വേട്ടയാടുകയാണ്. ​ഗുജറാത്ത് കലാപത്തെക്കുറിച്ച് ഡോക്യുമെന്ററി തയാറാക്കിയ ബിബിസിയെപ്പോലും ദേശവിരുദ്ധർ ആക്കിയവരാണ് കേന്ദ്രം ഭരിക്കുന്നവർ. ഹിൻഡൻബർ​ഗ് റിപ്പോർട്ട് പുറത്ത് വന്നപ്പോൾ അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ മോദി മടിക്കുന്നതെന്ത്‌ കൊണ്ടാണെന്നും യെച്ചൂരി ചോദിച്ചു. ചോദ്യം ചെയ്താല്‍ അവരെ ദേശവിരുദ്ധരാക്കുന്ന സമീപനത്തിനെതിരെയുള്ള പോരാട്ടമാണ് ജാഥ മുന്നോട്ടുവച്ചതെന്നും യെച്ചൂരി വ്യക്തമാക്കി.

മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

രാജ്യത്തെ 140 കോടി ജനങ്ങൾ കൂടെ ഉണ്ടെന്ന് പ്രധാനമന്ത്രി നുണ പറയുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരില്‍ 37% മാത്രമാണ് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തത്. സബ്‌സിഡി ഇനത്തില്‍ ഭക്ഷ്യധാന്യം കേന്ദ്രം വെട്ടിക്കുറച്ചു. മോദി ഇക്കാര്യത്തിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ സംവിധാനങ്ങളെ ഉപയോ​ഗിച്ച് കൊണ്ട് രാജ്യത്ത് പ്രതിപക്ഷ നേതാക്കളെയും മന്തിമാരെയും വേട്ടയാടുന്നത് തുടരുന്നു. കുതരിക്കച്ചവടത്തിന് പുറമെ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാനായി ഗവര്‍ണര്‍മാരെ ഉപയോ​ഗിച്ച് വരികയാണ് കേന്ദ്രമെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in