മലബാറില്‍നിന്ന് ഗള്‍ഫിലേക്ക് കപ്പല്‍ സര്‍വീസ്: മന്ത്രിയെ എയറില്‍ പറത്തി സോഷ്യല്‍മീഡിയ

മലബാറില്‍നിന്ന് ഗള്‍ഫിലേക്ക് കപ്പല്‍ സര്‍വീസ്: മന്ത്രിയെ എയറില്‍ പറത്തി സോഷ്യല്‍മീഡിയ

'മലബാറില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ പരിഗണനയില്‍' എന്ന പദ്ധതിക്കെതിരെ രൂക്ഷപരിഹാസവുമായി സോഷ്യല്‍മീഡിയ

കേരള സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന 'മലബാറില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍' എന്ന പദ്ധതിക്കെതിരെ രൂക്ഷപരിഹാസവുമായി സോഷ്യല്‍മീഡിയയും ഈ മേഖലയിലുള്ളവരും. എന്താണ് ഈ കപ്പല്‍ യാത്രയുടെ ഉദ്ദേശ്യമെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. യാത്രാ ചാര്‍ജ് കുറയ്ക്കുകയാണോ? കുറച്ച് പണം ലാഭിക്കാൻ ദിവസങ്ങളോളം യാത്രയ്ക്കായി കളയുന്ന എത്ര പേര്‍ ഗള്‍ഫില്‍ കാണും?...എന്നിങ്ങനെ പദ്ധതിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പരക്കെ വിമര്‍ശനങ്ങളാണുയരുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവാസികളുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 15 കോടി രൂപ ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്

തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങള്‍ എങ്ങിനെയെന്ന് നോക്കാം.

പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പല്‍ സര്‍വീസ് ആരംഭിക്കുവാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുന്നതിനായി മലബാര്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തുവെന്ന് മന്ത്രി. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് വിമാന കമ്പനികള്‍ ഉത്സവ സീസണുകളില്‍ ഭീമമായ തുകയാണ് യാത്രയ്ക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രയ്ക്കായി മാറ്റിവയ്ക്കേണ്ട ദുരവസ്ഥയാണ് പ്രവാസികള്‍ക്ക് നിലവിലുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവാസികളുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 15 കോടി രൂപ ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതുകൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വീസ് ആരംഭിക്കുവാനാണ് ആലോചന. യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും പറയുന്നു.

വിമാനക്കമ്പനികള്‍ നാലും അഞ്ചും ഇരട്ടി ഫ്ളൈറ്റ് ചാര്‍ജ് ഈടാക്കുന്നതിന് ഒരു പരിഹാരം കാണുകയാണ് വേണ്ടതെന്ന ആവശ്യമാണുയരുന്നത്

ഇന്നത്തെ സാഹചര്യത്തില്‍ ഗള്‍ഫ് കേരള യാത്രാകപ്പല്‍ ചെലവ് ചുരുങ്ങുന്നതെങ്ങനെ? 30 വര്‍ഷം മുന്‍പ് ഷാര്‍ജ - കൊച്ചി യാത്രാകപ്പല്‍ വന്‍ നഷ്ടത്തോടെ ആരംഭിച്ച് ആദ്യട്രിപ്പോടെ തന്നെ അവസാനിപ്പിച്ചതിനെ കുറിച്ച് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. അന്നത്തെ കാലത്ത് കൊച്ചിയില്‍നിന്ന് ഗള്‍ഫിലേക്ക് ഇരുപതിനായിരത്തോളം രൂപയായിരുന്നു യാത്രാ ചെലവ്. കൊച്ചിയിലേക്ക് കന്നിയാത്രയ്ക്ക് 15 ശതമാനത്തോളം യാത്രക്കാരെയാണ് ലഭിച്ചത്. എന്നാല്‍, കൊച്ചിയില്‍ നിന്ന് തിരിച്ച് മതിയായ യാത്രക്കാരില്ലാത്ത അവസ്ഥയായി. ഗള്‍ഫ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ അതോടെ കപ്പല്‍ മറ്റൊരു കമ്പനിക്ക് വിറ്റ് ഉദ്യമം അവസാനിപ്പിച്ചു. ഇതുപോലെ പദ്ധതി നടപ്പിലാക്കുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍, സാങ്കേതിക പരിമിതികള്‍...ഇവയെല്ലാം അക്കമിട്ട് മന്ത്രിയുടെ തന്നെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകളായി നിറയുകയാണ്.

നാല് മീറ്റര്‍ മീറ്റര്‍ മാത്രം ഡ്രാഫ്റ്റുള്ള ബേപ്പൂരില്‍ ചളി വാരിയാല്‍ പോലും ഏഴ് മീറ്ററേ ആഴം ലഭിക്കൂ. എന്നാലും സാങ്കേതികമായി വലിയ കപ്പലുകള്‍ക്ക് അടുക്കാന്‍ ബുദ്ധിമുട്ടാകും. ലക്ഷദ്വീപില്‍ നിന്ന് വരുന്ന കൊച്ചുകപ്പലുകളായിരിക്കില്ല ഗള്‍ഫ് രാജ്യങ്ങളിലൂടെ വരാനിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിമാനക്കമ്പനികള്‍ നാലും അഞ്ചും ഇരട്ടി ഫ്ളൈറ്റ് ചാര്‍ജ് ഈടാക്കുന്നതിന് ഒരു പരിഹാരം കാണുകയാണ് വേണ്ടതെന്ന ആവശ്യമാണുയരുന്നത്.

പല കാരണങ്ങള്‍ കൊണ്ടും കപ്പല്‍ സര്‍വീസ് വിജയിക്കാന്‍ സാധ്യത കാണുന്നില്ലെന്ന് പ്രവാസികള്‍ പറയുന്നു

മുന്‍പത്തേത് പോലെ 150ഉം 200ഉം കിലോ ലഗേജുമായി പ്രവാസികള്‍ വന്നിരുന്ന കാലം മാറി. അന്ന് കൊണ്ടുവന്ന സാധനങ്ങള്‍ വിറ്റാല്‍ ഇരട്ടി വിലകിട്ടുമായിരുന്നു. ഇന്ന് നാട്ടില്‍ പകുതിവിലയ്ക്ക് സാധനം കിട്ടാനുള്ളതിനാല്‍ പ്രവാസിയുടെ പെട്ടിയില്‍ 30കിലോയില്‍ കൂടില്ല. കപ്പല്‍ സര്‍വീസ് പ്രധാനമായും പ്രവാസികളെ ആകര്‍ഷിക്കുക ലഗേജ് 300കിലോ എന്നൊക്കെ പറയുമ്പോഴാണ്. ഇന്ന് അതില്ല. പിന്നെ ഉപയോഗിച്ചതോ പുതിയതോ ആയ വീട്ടുപകരണങ്ങള്‍, ആയിരമോ അതിലധികമോ കിലോ ലഗേജ് കൂടെ കൊണ്ടുവരാന്‍ സാധിക്കുമെങ്കില്‍ വേറിട്ടൊരു യാത്രാനുഭവമാകുമെന്ന നിലയില്‍ പ്രവാസം മതിയാക്കുന്ന കുടുംബങ്ങള്‍ ഉപയോഗപ്പെടുത്തിയേക്കുമെന്ന് മാത്രമാണ് പ്രവാസികള്‍ തന്നെ ഇതിനെക്കുറിച്ച് പറയുന്നത്. പല കാരണങ്ങള്‍ കൊണ്ടും കപ്പല്‍ സര്‍വീസ് വിജയിക്കാന്‍ സാധ്യത കാണുന്നില്ലെന്നും പ്രവാസികള്‍ പറയുന്നു.

ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യുവര്‍ക്ക് ചാര്‍ട്ടേര്‍ഡ് സര്‍വീസ് നടത്താനാണ് തീരുമാനം

സാധാരണക്കാര്‍ക്ക് ഉത്സവസീസണ്‍ സമയത്ത് മലബാറിലേക്ക് വരുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് ഉദ്ദേശ്യമെന്ന് പദ്ധതിയെ പിന്തുണക്കുന്ന മലബാര്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി ഇ ചാക്കുണ്ണി പറഞ്ഞു. ചികിത്സയ്ക്ക് വരുന്നവര്‍ക്കും ജോലി ഉപേക്ഷിച്ച് വരുന്നവര്‍ക്കും ചികിത്സയ്ക്കായി വരുന്നവര്‍ക്കുമെല്ലാം കപ്പല്‍ സര്‍വീസ് ഗുണം ചെയ്യുമെന്നാണ് പദ്ധതിയെ പിന്തുണയ്ക്കുന്നവരുടെ വാദം. സീസണ്‍ സമയത്തേക്കാള്‍ അഞ്ചില്‍ ഒന്ന് ചെലവ് മതിയാകും, ഫ്‌ളൈറ്റില്‍ 20 കിലോഗ്രാം കൊണ്ടുവരാമെങ്കില്‍ കപ്പലില്‍ ഇത് 100 വരെയാകാം, ആഢംബര കപ്പലിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താം ഇങ്ങിനെ നീളുന്നു കപ്പല്‍ യാത്രയെ പിന്തുണയ്ക്കുന്നവരുടെ വാദങ്ങള്‍. ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യുവര്‍ക്ക് ചാര്‍ട്ടേര്‍ഡ് സര്‍വീസ് നടത്താനാണ് തീരുമാനം.

logo
The Fourth
www.thefourthnews.in