കേരളത്തിലെ ആദ്യ 
സോഷ്യല്‍ വെല്‍നെസ് സെൻ്റർ; 'സോഷ്യോ കെയര്‍'  തിരുവനന്തപുരത്ത്

കേരളത്തിലെ ആദ്യ സോഷ്യല്‍ വെല്‍നെസ് സെൻ്റർ; 'സോഷ്യോ കെയര്‍' തിരുവനന്തപുരത്ത്

കുട്ടികളുടെയും യുവജനങ്ങളുടെയും സാമൂഹിക-വൈകാരിക-ബൗദ്ധിക മേഖലയെ പരിപോഷിപ്പിക്കുക എന്നതാണ് ലക്ഷ്യം

കേരളത്തിലെ ആദ്യ സോഷ്യല്‍ വെല്‍നെസ് സെന്ററായ 'സോഷ്യോ കെയര്‍' തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. കുട്ടികളുടെയും യുവജനങ്ങളുടെയും സാമൂഹിക-വൈകാരിക-ബൗദ്ധിക മേഖലയെ പരിപോഷിപ്പിക്കുക എന്നതാണ് സോഷ്യോ കെയര്‍ എന്ന പേരിലുള്ള സംരംഭത്തിന്റെ ലക്ഷ്യം. പത്ത് വര്‍ഷത്തിലധികമായി ഈ രംഗത്ത് ഗവേഷണം നടത്തുകയും നിരവധി ശില്‍പ്പശാലകളും ബോധവല്‍ക്കരണ പരിപാടികളും നടത്തി വരുകയും ചെയ്യുന്ന ബെംഗളൂരു ആസ്ഥാനമായുള്ള സോഷ്യോ ഇന്ത്യ എന്ന സംഘടനയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി 16-ന് വൈകീട്ട് 5-ന് തിരുവനന്തപുരത്തെ വനിതാ ഡോക്ടേഴ്സ് വിങ് പ്രസിഡന്റ് ഡോ. സിമി ഹാരിസ് (ഗൈനക്കോളജിസ്റ്റ് എസ് യു ടി ഹോസ്പിറ്റല്‍ പട്ടം) കൊച്ചുള്ളൂരിലുള്ള പുതിയ ഓഫീസ് കെട്ടിടത്തില്‍ വെച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. സിബിഎസ്ഇ സിറ്റി കോര്‍ഡിനേറ്ററും മാസ്റ്റര്‍ ട്രെയിനറും റിസോഴ്‌സ് പേഴ്‌സണുമായ ഡോ ഷൈനി മാത്യു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കോവിഡിന് ശേഷം കുട്ടികളുടെയും യുവജനങ്ങളുടെയും മാനസിക വൈകാരിക തലങ്ങള്‍ക്ക് വളരെ അധികം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കൗമാരക്കാരും യുവാക്കളും പുതിയ കാലത്ത് നേരിടുന്ന വെല്ലുവിളികള്‍ വലുതാണ്. ജീവിതത്തിന്റെ മുന്നോട്ടുള്ള പാതയില്‍ പിന്തുണ നല്‍കാന്‍ പലപ്പോഴും സംവിധാനങ്ങളില്ലെന്നതാണ് ഇന്നത്തെ സമൂഹത്തിൻ്റെ അപര്യാപ്തത. കൃത്യമായ ഇടപെടലുകളും മാര്‍ഗ നിര്‍ദേശങ്ങളും ഉണ്ടെങ്കില്‍ ആരോഗ്യകരമായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്നും ചടങ്ങില്‍ സംഘാടകർ പറഞ്ഞു.

കുടുംബാംഗങ്ങള്‍, സമപ്രായക്കാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് സമയോചിതമായ ഇടപെടലുകളോ പിന്തുണയോ നല്‍കാന്‍ പലപ്പോഴും കഴിയുന്നില്ല. ആരോഗ്യപരമായ രക്ഷകര്‍തൃത്വം, മാനസിക ആരോഗ്യം എന്നിവയെല്ലാം പുതിയ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. തലമുറകള്‍ തമ്മിലുള്ള വ്യത്യാസം പലപ്പോഴും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇത് മാതാപിതാക്കളും മക്കളും സഹോദരങ്ങളും തമ്മിലുള്ള ബന്ധത്തെ വഷളാക്കുന്നു. ഇത് കൂടാതെ പഠന ഭാരം, പരീക്ഷാഭീതി എന്നിവ നല്‍കുന്ന മാനസിക സമ്മര്‍ദ്ദം വേറെയും. കൗമാരക്കാരുടെയും യുവാക്കളുടേയും വൈകാരിക അസ്വസ്ഥതകള്‍, ഗാഡ്ജറ്റുകളോടുള്ള അമിതമായ ആസക്തി, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍, കൗമാര കാലത്തെ അക്രമ വാസനകള്‍, ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത തുടങ്ങി എണ്ണമറ്റ പ്രശ്നങ്ങളാണ് നിലവില്‍ ഉള്ളത്. ഇതിന് സമയോചിതമായ ഇടപെടലുകള്‍ നടത്താനാണ് സോഷ്യോ ഈ പുതിയ കാല്‍വെല്‍പ്പിലൂടെ ഉന്നമിടുന്നത്.

വളര്‍ന്നുവരുന്ന ഘട്ടത്തില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും സാമൂഹികവും വൈകാരികവുമായ ആരോഗ്യ മേഖലകളില്‍ പിന്തുണയും പരിചരണവും നല്‍കുന്നതിനായി ഈ മേഖലയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍, പഠന വിദഗ്ധര്‍, ടോക്ക് തെറാപ്പിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍, മനഃശാസ്ത്രജ്ഞര്‍ എന്നിവരുടെ സഹായം സോഷ്യോയിലൂടെ ലഭിക്കും. സാമൂഹിക തലത്തില്‍ സംഭവിച്ചിട്ടുള്ള വ്യതിയാനങ്ങളുടെ ഫലമായി കൗമാരക്കാര്‍ക്കിടയിലെ സാമൂഹിക-വൈകാരിക-ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മനസിലാക്കിയാണ് കേരളത്തില്‍ വെല്‍നസ് കെയര്‍ സെന്ററുകള്‍ക്ക് സോഷ്യോ തുടക്കമിടുന്നത്. തുടക്കത്തില്‍ തിരുവനന്തപുരത്തും തുടര്‍ന്ന് കൊച്ചിയും കോഴിക്കോടും കേന്ദ്രീകരിച്ച് കേരളം മുഴുവന്‍ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. സമഗ്ര ലൈംഗിക വിദ്യാഭ്യാസവും സോഷ്യല്‍ റെഡിനെസ് പ്രോഗ്രാമും പേരന്റിങ് സപ്പോര്‍ട്ടും ഈ സംവിധാനത്തിലൂടെ ജനങ്ങളിലേക്കെത്തിക്കാനാണ് സോഷ്യോ ശ്രമിക്കുന്നത്.

വൈകാരിക അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്ന ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ മറികടക്കാന്‍ ആവശ്യമായ സംഭാഷണങ്ങള്‍, കൗണ്‍സിലിങുകള്‍, തെറാപ്പികള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെയാണ് സോഷ്യോയുടെ ടീം പ്രവര്‍ത്തിക്കുക. സോഷ്യോ കെയറിലെ ടോക്കിങ് ക്യൂബ് സംവിധാനമാണ് പ്രധാന ആകര്‍ഷണീയത. ടോക്ക് തെറാപ്പിയിലൂടെ മാനസിക-വൈകാരിക പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ ആശ്വാസമുണ്ടാക്കാനാകുമെന്നാണ് ലോകാരോഗ്യ സംഘടനകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വനിതാ ശിശുവികസന വകുപ്പ്, കുടുംബശ്രീ, ടെക്നോപാര്‍ക്ക്, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ആന്റ് എജ്യൂക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ (സിആര്‍ഇഎസ്ടി), യുണിസെഫ് എന്നീ സംഘടനകളുമായി സഹകരിച്ചാണ് സോഷ്യോ പ്രവര്‍ത്തിക്കുന്നത്.

എന്താണ് സോഷ്യോ?

2010 ല്‍ ബെംഗളൂരു ആസ്ഥാനമായാണ് സോഷ്യോ എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. 13 വര്‍ഷമായി സാമൂഹിക-വൈകാരിക മേഖലല്‍ നിരന്തരമായ ഇടപെടലുകളും ഗവേഷണങ്ങളും നടത്തി വരുന്നു. കോളമിസ്റ്റും എജ്യൂക്കേഷണലിസ്റ്റും സ്പീക്കറുമായ അപര്‍ണ വിശ്വനാഥൻ്റെ നേതൃത്വത്തിലാണ് സോഷ്യോ പ്രവര്‍ത്തിക്കുന്നത്. 2018ല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സും ചായ്പാനി മീഡിയയും ചേര്‍ന്ന് ഒരുക്കിയ ചെയ്ഞ്ച് മേക്കേര്‍സ് ഓഫ് കര്‍ണാടകയില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വ്യക്തികളില്‍ ഒരാളാണ് അപര്‍ണ. 2021ല്‍ സിഐഎംഎസ്എംഇയും ഗ്ലോബല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഫോര്‍ ഇന്റര്‍നാഷല്‍ ട്രെയ്ഡും ചേര്‍ന്ന് തിരഞ്ഞെടുത്ത 100 ഗ്ലോബല്‍ വിമന്‍ ഇന്‍ ലീഡര്‍ഷിപ്പിലെ ഏക മലയാളിയുമാണ് ഇവർ.

logo
The Fourth
www.thefourthnews.in