സ്‌പീക്കർ എ.എൻ ഷംസീർ
സ്‌പീക്കർ എ.എൻ ഷംസീർ

'അധികാരം ആര്‍ക്കുമേലും കുതിരകയറാനുള്ളതല്ല '; പോലീസില്‍ ചില കള്ളനാണയങ്ങളുണ്ടെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍

തെറ്റ് ചെയ്യുന്നവരെ സേന സംരക്ഷിക്കേണ്ടതില്ലെന്ന് സ്പീക്കര്‍

ജനങ്ങളുടെ സേവകരായി മാറേണ്ട പോലീസുകാര്‍ക്കിടയില്‍ ചില കള്ളനാണയങ്ങളുണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. അത് പോലീസിനെതിരെ വിമര്‍ശനങ്ങളുയരുന്നതിന് കാരണമാകുന്നു. ചില പോലീസുകാര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് മുഴുവന്‍ സേനയും പഴികേള്‍ക്കേണ്ടി വരികയാണെന്നും സ്പീക്കര്‍ പറഞ്ഞു. തെറ്റ് ചെയ്യുന്നവരെ സേന സംരക്ഷിക്കേണ്ടതില്ല. തിരുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങൾക്ക് ഇപ്പോഴും പോലീസിനെ ഭയമാണ്. അധികാരം കൊണ്ട് ആർക്കുമേലും കുതിര കയറാമെന്ന് കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അധികാരം ദുരുപയോഗം ചെയ്യുന്നവരെ സേനയിൽ തുടരാൻ അനുവദിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. പൊതു പ്രവര്‍ത്തകരെ പോലെ ഉത്തരവാദിത്വം പോലീസിനുമുണ്ട്. കൂട്ടത്തിലുള്ളവര്‍ തെറ്റുചെയ്താല്‍ സംരക്ഷിക്കേണ്ടതില്ല. ജനങ്ങളോടുള്ള സേനയുടെ പെരുമാറ്റത്തില്‍ മാറ്റംവരണമെന്നും സ്പീക്കര്‍ വ്യക്തമാക്കി. കോഴിക്കോട്ട് പൊലീസ് അസോസിയേഷന്‍ സംഘടിപ്പിച്ച അനുമോദന പരിപാടിയിലായിരുന്നു സ്പീക്കറുടെ പരാമര്‍ശം.

പോലീസിനെതിരെ നിരന്തരം പരാതികളുയരുന്ന സാഹചര്യത്തിലാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കിളികൊല്ലൂരില്‍ സൈനികനും സഹോദരനും പോലീസിന്റെ ക്രൂരമായ മര്‍ദനമേറ്റത് വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനിലെ സിഐ ആണ് കൂട്ടബലാത്സംഗ കേസില്‍ അറസ്റ്റിലായത്.

കിളികൊല്ലൂര്‍ സംഭവത്തിന് ശേഷം പോലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രിയും രംഗത്ത് എത്തിയിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഒറ്റപ്പെട്ട സംഭവങ്ങള്‍ സമൂഹം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശനങ്ങളില്‍ അസ്വസ്ഥത കാണിക്കേണ്ടതില്ല. പക്ഷെ, വിമര്‍ശനം പോലീസ് സേനയുടെ യശസ്സിനെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. തെറ്റ് ചെയ്യുന്നവർ പോലീസ് സേനയുടെ ഭാഗമായി തുടരേണ്ടതുണ്ടോ എന്ന് ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പോലീസിന്റെ മോശം പെരുമാറ്റത്തിനെതിരെ മുന്നറിയിപ്പുമായി ഹൈക്കോടതിയും രംഗത്തുവന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത മേലുദ്യോഗസ്ഥരും ഉത്തരവാദികളാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തിയിരുന്നു. കിളികൊല്ലൂരിലെ വിവാദവും സമാനമായ വിവിധ കേസുകളും ചര്‍ച്ചയായ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി ഇടപെടല്‍.

logo
The Fourth
www.thefourthnews.in