തൊഴിലാളി വര്‍ഗബോധം വെറും വാക്ക്? സ്‌പെഷ്യലിസ്റ്റ് അധ്യാപക സമരം ഒത്തുതീര്‍പ്പായില്ല

500 രൂപ അധികമായി നല്‍കാമെന്ന് സര്‍ക്കാര്‍. തൊഴിലാളി വര്‍ഗ സര്‍ക്കാരില്‍ നിന്നും നേരിടുന്നത് അങ്ങേയറ്റം തൊഴില്‍ ചൂഷണമാണെന്ന് അധ്യാപകര്‍

സംസ്ഥാനത്തെ സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ മാന്യമായ തൊഴില്‍ വേതനത്തിനായി നടത്തുന്ന രാപ്പകല്‍ സമരം ഇരുപത് ദിവസം പിന്നിട്ടു. ഏറ്റവുമൊടുവില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ച കൂടി ഫലം കാണാതായതോടെ നിസ്സഹായരാവുകയാണ് ഇവര്‍. 12,500 രൂപ ശമ്പളമായി നല്‍കാമെന്ന ഉപാധിയാണ് സമരക്കാര്‍ക്ക് മുൻപിൽ സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. എന്നാല്‍ വാഗ്ദാനം ചെയ്ത ശമ്പളം നല്‍കുമെന്ന ഉറപ്പ് ലഭിക്കാതെ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍.

സമഗ്ര ശിക്ഷാ അഭിയാന്‍ ആസ്ഥാനത്തിന് മുന്നില്‍ സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരം ഇതിനകം മൂന്നുവട്ട ചര്‍ച്ചകള്‍ കഴിഞ്ഞു. ജനുവരി 25 ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നടത്തിയ ചര്‍ച്ചയില്‍ 13,000 രൂപ ശമ്പളം നല്‍കാമെന്നായിരുന്നു ആദ്യ ഉപാധി. അന്ന് വൈകിട്ട് വീണ്ടും മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയപ്പോള്‍ 13,000 എന്നത് കുറഞ്ഞ് 12,000 ആയി. സമരം ശക്തമായി തന്നെ തുടര്‍ന്ന സാഹചര്യത്തിലാണ് ഇന്നലെ വീണ്ടും അധ്യാപകരുമായി ചര്‍ച്ച നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ കേന്ദ്ര വിഹിതത്തില്‍ വന്ന കുറവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് സര്‍ക്കാര്‍ വാദം. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരെ സര്‍ക്കാര്‍ കൈവിടുകയാണോ എന്ന മറുചോദ്യം ഉന്നയിക്കുകയാണ് ഈ അധ്യാപകര്‍. തൊഴിലാളി വര്‍ഗ സര്‍ക്കാരില്‍ നിന്നും നേരിടുന്നത് അങ്ങേയറ്റം തൊഴില്‍ ചൂഷണമാണെന്നും അധ്യാപകര്‍ പ്രതിഷേധ സ്വരത്തില്‍ പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in