'യേശുക്രിസ്തുവിന് ശേഷം ആര്?; ചോദ്യത്തിന് ഉത്തരം കിട്ടി', സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരന്‍ തമ്പി

'യേശുക്രിസ്തുവിന് ശേഷം ആര്?; ചോദ്യത്തിന് ഉത്തരം കിട്ടി', സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരന്‍ തമ്പി

ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരന്‍! ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'ക്ലീഷേ', ശ്രീകുമാരന്‍ തമ്പി പറഞ്ഞു

സാഹിത്യ അക്കാദമിയിലെ വിവാദങ്ങളില്‍ പ്രതികരണം നടത്തിയ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദനെ പരിഹസിച്ച് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ''ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു'' എന്നാണ് ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നേരത്തെ, ''തികഞ്ഞ നിസംഗതയോടെ തനിക്ക് പങ്കില്ലാത്ത പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു'' എന്ന് സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു.

''ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. 'മഹത് പ്രവൃത്തി'കള്‍ക്ക് ഉത്തമമാതൃക! തത്ക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയില്‍ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരന്‍! ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'ക്ലീഷേ'. പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് 'അദ്ധ്യാത്മരാമായണം കിളിപ്പാട്ട്'എന്നാണല്ലോ'', ശ്രീകുമാരന്‍ തമ്പി കുറിപ്പില്‍ പറഞ്ഞു.

'യേശുക്രിസ്തുവിന് ശേഷം ആര്?; ചോദ്യത്തിന് ഉത്തരം കിട്ടി', സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരന്‍ തമ്പി
'നിസംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു', സാഹിത്യ അക്കാദമി വിവാദങ്ങളില്‍ സച്ചിദാനന്ദൻ

സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പങ്കെടുത്തതിനു നല്‍കിയ യാത്രാ ബത്ത കുറഞ്ഞുപോയെന്ന കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തുറന്ന പറച്ചിലായിരുന്നു വിവാദങ്ങള്‍ക്ക് വഴിവച്ചത്. പിന്നാലെ ശ്രീകുമാരന്‍ തമ്പിയും സാഹിത്യ അക്കാദമിയില്‍ നിന്നും ദുരനുഭവമുണ്ടായെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇരു വിവാദങ്ങളിലും മറുപടി നല്‍കിയ സച്ചിദാനന്ദന്‍ കുറ്റം ഏറ്റെടുക്കുകയാണെന്ന് വ്യക്തമാക്കി ഇന്ന് വീണ്ടും രംഗത്തെത്തുകയായിരുന്നു.

''മറ്റുള്ളവരുടെ തെറ്റുകള്‍, അഥവാ തെറ്റുകള്‍ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശില്‍ ഏറുക ഒരു മഹത്പ്രവൃത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടേതായാലും, പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥന്‍ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്‌കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും. ഞാന്‍ തികഞ്ഞ നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു. സെന്‍ ബുദ്ധിസം എന്നെ പഠിപ്പിച്ചത് അതാണ്, ബൈബിളും'', സച്ചിദാനന്ദന്‍ പറഞ്ഞു.

കുമാരനാശാനെക്കുറിച്ചുള്ള രണ്ടര മണിക്കൂര്‍ നീണ്ട പ്രഭാഷണത്തിന് യാത്രാബത്ത അടക്കം പ്രതിഫലമായി നല്‍കിയത് 2400 രൂപ മാത്രമായിരുന്നെന്നും കേരള ജനത തനിക്ക് നല്‍കുന്ന വില എത്രയാണെന്ന് മനസിലായെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് സുഹൃത്തുക്കള്‍ക്കായി പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും പ്രതിഫലം നല്‍കുന്ന മലയാളികളേ, സാഹിത്യ അക്കാദമിവഴി തനിക്കു നിങ്ങള്‍ കല്‍പ്പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നായിരുന്നു ചുള്ളിക്കാടിന്റെ പ്രതികരണം.

ചുള്ളിക്കാടിന്റെ വിഷയത്തില്‍ പ്രതിഫല പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അഡ്മിനിസ്‌ട്രേഷന്‍ ഭാഗത്ത് നിന്നുണ്ടായ വിഷയമാണിതെന്നുമായിരുന്നു അന്ന് സച്ചിദാനന്ദന്‍ നല്‍കിയ പ്രതികരണം. ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്നു വരെ തൃശൂരില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ ഭാഗമായി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ച് സംസാരിക്കാനാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ അക്കാദമി ക്ഷണിച്ചത്.

പിന്നാലെയാണ് അക്കാദമിയില്‍ നിന്ന് തനിക്കും ദുരനുഭവമുണ്ടായെന്ന തരത്തിലുള്ള പ്രതികരണം ശ്രീകുമാരന്‍ തമ്പിയില്‍ നിന്നുമുണ്ടാകുന്നത്. അക്കാദമിയുടെ കേരളഗാനമായി തന്റെ കവിത ആവശ്യപ്പെടുകയും, പലതവണ തിരുത്തിക്കുകയും ചെയ്തിട്ടും ആ പാട്ട് ഉപയോഗിക്കാതെ തന്നെ അപമാനിച്ചു എന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ആരോപണം.

എന്നാല്‍ ശ്രീകുമാരന്‍ തമ്പിയുടെ ഗാനം നിരസിച്ചത് അതിലെ വരികള്‍ ക്ലീഷേ ആയതുകൊണ്ടാണെന്ന് സച്ചിദാനന്ദന്‍ മറുപടി നല്‍കിയിരുന്നു. ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് ഒരു സമിതിയാണ് നിരസിച്ചതെന്നും ശേഷം ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍ എഴുതിയ ഗാനമാണ് ചില തിരുത്തലുകളോടെ സമിതി അംഗീകരിച്ചത് എന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in