അയോധ്യ: 'സംഘപരിവാറിനുവേണ്ടി ഗുരുധർമത്തെ വളച്ചൊടിക്കുന്നു';  
വെള്ളാപ്പള്ളിക്കെതിരെ ശ്രീനാരായണ മാനവധർമം ട്രസ്റ്റ്

അയോധ്യ: 'സംഘപരിവാറിനുവേണ്ടി ഗുരുധർമത്തെ വളച്ചൊടിക്കുന്നു'; വെള്ളാപ്പള്ളിക്കെതിരെ ശ്രീനാരായണ മാനവധർമം ട്രസ്റ്റ്

രാമക്ഷേത്ര പ്രതിഷ്ഠ ഓരോ ഭാരതീയന്റെയും അഭിമാനമുയർത്തുന്ന ആത്മീയമുഹൂർത്തമാണെന്നും ജാതി, മത ഭേദമെന്യേ എല്ലാവരും വീടുകളിൽ ദീപം തെളിച്ച് ലോകനന്മയ്ക്കായി പ്രാർഥിക്കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആഹ്വാനം

അയോധ്യ പ്രതിഷ്ഠാദിനം സംബന്ധിച്ച എസ്‍എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീനാരായണ മാനവധർമം ട്രസ്റ്റ്. സംഘപരിവാർ അജണ്ടയനുസരിച്ച് ശ്രീനാരായണ ധർമത്തെ വളച്ചൊടിക്കാനും സമുദായത്തെ വഴിതെറ്റിക്കാനും ലക്ഷ്യമിട്ടുള്ള വെള്ളാപ്പള്ളിയുടെ ആഹ്വാനം ഗുരുദർശനത്തിനെതിരാണെന്നും ട്രസ്റ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

അയോധ്യയിൽ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ കർമം ഓരോ ഭാരതീയന്റെയും അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്നും ജാതി, മത ഭേദമെന്യേ എല്ലാവരും വീടുകളിൽ ദീപം തെളിച്ച് ലോകനന്മയ്ക്കായി പ്രാർഥിക്കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആഹ്വാനം.

'ഹിന്ദുമതം എന്നൊരു മതമേയില്ലല്ലോ' എന്നുള്ള ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ ചൂണ്ടിക്കാണിച്ചാണ് വെള്ളാപ്പള്ളിക്കെതിരായ ട്രസ്റ്റിന്റെ വിമർശനം. വെള്ളാപ്പള്ളിയുടെ ശ്രമത്തിനെതിരെ ഈഴവ സമുദായത്തിനകത്തുതന്നെ ശക്തമായ പ്രതിഷേധമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

അയോധ്യ: 'സംഘപരിവാറിനുവേണ്ടി ഗുരുധർമത്തെ വളച്ചൊടിക്കുന്നു';  
വെള്ളാപ്പള്ളിക്കെതിരെ ശ്രീനാരായണ മാനവധർമം ട്രസ്റ്റ്
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ തീയതിയായി ജനുവരി 22 തിരഞ്ഞെടുത്തത് എന്തുകൊണ്ട്? ഇതാണ് ആ കാരണം

''മറ്റൊരു മതത്തിന്റെ പുണ്യസ്ഥലം നിയമവിരുദ്ധവും ഹിംസാപരവുമായി തകർത്താണ് രാമക്ഷേത്രം നിർമിക്കുന്നത് എന്നാണെന്നാണ് ബാബരി മസ്ജിദ്-രാമജന്മഭൂമി കേസിൽ 2019 നവംബർ 19ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പോലും ഏകകണ്ഠമായി അംഗീകരിക്കുന്നത്. ബാബരി മസ്ജിദ് നിയമവിരുദ്ധമായി തകർത്തിട്ട് അവിടെ ഒരു ക്ഷേത്രം പണിയുന്നത് നിയമത്തിന്റെ കണ്ണിൽ ശരിയാണെങ്കിലും (ഞങ്ങളുടെ അഭിപ്രായത്തിൽ തെറ്റാണ്) ഗുരുവീക്ഷണത്തിൽ തെറ്റാണ്, അധർമമാണ്. കോടതിവിധിയുടെ സാങ്കേതികക്കപ്പുറത്ത് നീതിയുടെയും ന്യായത്തിന്റെയും ധാർമികതയുടെയും വിഷയം കൂടിയാണിത്. സുപ്രീംകോടതിയുടെ ഈ വിധി നിയമപരമായി തെറ്റാണെന്ന് ട്രസ്റ്റ് വിശ്വസിക്കുന്നു. ഭാവിയിൽ സുപ്രീംകോടതി തന്നെ ഈ വിധിയെ തള്ളിക്കളയുമെന്നാണു വിശ്വസിക്കുന്നത്, (എഡിഎം ജബൽപൂർ കേസ് പോലുള്ളവ ഉദാഹരണം),'' പ്രസ്താവനയില്‍ ട്രസ്റ്റ് കൂട്ടിച്ചേർത്തു.

ക്ഷേത്രനിർമാണത്തെ പ്രോത്സാഹിപ്പിക്കരുത്, ക്ഷേത്രം ജാതി വ്യത്യാസത്തെ അധികമാക്കുന്നു, പ്രധാന ദേവാലയങ്ങള്‍ വിദ്യാലയമായിരിക്കണം, ജനങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കാനാണ് ശ്രമിക്കേണ്ടത് തുടങ്ങിയ ശ്രീനാരായണഗുരുവിന്റെ ആഹ്വാനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രസ്റ്റിന്റെ പ്രസ്താവന. രാമക്ഷേത്രത്തിന്റെ നിർമാണച്ചെലവ് 18,000 കോടി രൂപയാണെന്നാണ് ഇന്നത്തെ കണക്ക്. ഏകദേശം 18 വർഷത്തെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ബജറ്റിനു തുല്യമാണ് ഈ തുക. ഇത് വെള്ളാപ്പള്ളി നടേശൻ പൂർണമായി മറന്നുവെന്നത് ഖേദകരമാണെന്നും വിമർശനമുണ്ട്.

അയോധ്യ: 'സംഘപരിവാറിനുവേണ്ടി ഗുരുധർമത്തെ വളച്ചൊടിക്കുന്നു';  
വെള്ളാപ്പള്ളിക്കെതിരെ ശ്രീനാരായണ മാനവധർമം ട്രസ്റ്റ്
'ഇത് ആചാരലംഘനം'; ശങ്കരാചാര്യന്മാര്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നത് എന്തുകൊണ്ട്?

"ഇന്ത്യയിലെ സവർണർക്ക് രാമക്ഷേത്രം അവരുടെ ദൈവത്തിനുള്ള മഹത്തായ ആദരാഞ്ജലിയാണ്. അവരുടെ ദൈവത്തെ ആഘോഷിക്കുന്നതിനെ ഞങ്ങൾ എതിർക്കുന്നില്ല. എന്നാൽ, രാമായണത്തിൽ, വർണാശ്രമ അധർമ്മത്തിനു കീഴിൽ മനുഷ്യരല്ലാത്തവരായി കണക്കാക്കുന്ന സമുദായങ്ങൾ, വർണാശ്രമ അധർമത്തെ വാഴ്ത്തുന്ന ഈ ക്ഷേത്രം ഭയത്തോടെയാണു കാണുന്നത്.

വെള്ളാപ്പള്ളി നടേശന്റെ സന്ദേശം സൂചിപ്പിക്കുന്നത് അദ്ദേഹം 'ശ്രീനാരായണ ധർമപരിപാലന യോഗ'ത്തെ, 'വർണാശ്രമ ധർമപരിപാലന യോഗം' ആക്കി മാറ്റിയെന്നാണ്. എസ് എൻ ഡി പി യോഗത്തിന്റെ നിയന്ത്രണം നാഗ്‌പൂറിന് കൈമാറണമെന്നാണ് വെള്ളാപ്പള്ളിയുടെ ആഗ്രഹമെന്ന് ഈ പ്രവൃത്തിയിലൂടെ തെളിഞ്ഞിരിക്കുകയാണ്. വെള്ളാപ്പള്ളിയുടെ ആഹ്വാനം അവജ്ഞയോടെ ഈഴവ സമുദായം തള്ളിക്കളയുമെന്നും പ്രസ്താവനയില്‍ ട്രസ്റ്റ് പറഞ്ഞു.

logo
The Fourth
www.thefourthnews.in