പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; 
എസ്എസ്എല്‍സി മാര്‍ച്ച് ഒന്‍പത് മുതല്‍, പ്ലസ് ടു മാര്‍ച്ച് 10 മുതല്‍

പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എല്‍സി മാര്‍ച്ച് ഒന്‍പത് മുതല്‍, പ്ലസ് ടു മാര്‍ച്ച് 10 മുതല്‍

മെയ് 10നകം എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടത്താനാകുമെന്ന് പ്രതീക്ഷ

2022-23 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് ഒന്‍പത് മുതല്‍ 29 വരെ നടക്കും . പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 10ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും.നാലര ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്.

മെയ് 10നകം എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടത്താനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. 70 മൂല്യനിര്‍ണയ ക്യാമ്പുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്നുവരെയാകും എസ്എസ്എല്‍സി മാതൃകാ പരീക്ഷകള്‍ നടക്കുക.

മാര്‍ച്ച് 10 മുതല്‍ 30 വരെ നടക്കുന്ന ഹയര്‍സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം മെയ് 25നകം പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ മൂന്നിന് മൂല്യ നിര്‍ണയം ആരംഭിക്കും. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്നുവരെയാകും മാതൃകാ പരീക്ഷകള്‍. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ജനുവരി 25നും ആരംഭിക്കും.

ഒമ്പത് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഒന്നും രണ്ടും വർഷ ഹയർ സെക്കന്‍ഡറി പൊതുപരീക്ഷകളും 60,000ത്തോളം വിദ്യാർഥികൾ വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പൊതുപരീക്ഷയും എഴുതും. ഹയര്‍സെക്കന്‍ഡറി മൂല്യ നിര്‍ണയത്തിനായി 82 ക്യാമ്പുകള്‍ സജ്ജമാക്കും. ഇരുപത്തിനാലായിരത്തോളം അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 8 മൂല്യനിർണയ ക്യാമ്പുകൾ ഉണ്ടാവും.

logo
The Fourth
www.thefourthnews.in