മുഖ്യമന്ത്രി പദത്തിനായുള്ള അടി കഴിഞ്ഞു; കോണ്‍ഗ്രസില്‍  ഇനി 'അങ്കം' പ്രവർത്തക സമിതി അംഗത്വത്തിനായി

മുഖ്യമന്ത്രി പദത്തിനായുള്ള അടി കഴിഞ്ഞു; കോണ്‍ഗ്രസില്‍ ഇനി 'അങ്കം' പ്രവർത്തക സമിതി അംഗത്വത്തിനായി

പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തുമെന്ന ആത്മവിശ്വാസത്തിലാണ് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിപദത്തെ ചെല്ലിയുള്ള തർക്കങ്ങള്‍ അവസാനിച്ചതിന് പിന്നാലെ പ്രവര്‍ത്തകസമിതിയിലേക്ക് സംസ്ഥാന കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. 25 അംഗങ്ങള്‍ അടങ്ങിയ പ്രവർത്തക സമിതിയില്‍ 11 പേരെ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യുകയാണ് പതിവ്. 12 പേരെ തിരഞ്ഞെടുക്കും. 25 വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

1997ന് ശേഷം എല്ലാക്കാലത്തും അംഗങ്ങളെ നിശ്ചയിക്കാന്‍ അധ്യക്ഷനെ ചുമതലപ്പെടുത്തുന്ന പതിവു രീതി ഇത്തവണ ഉണ്ടാകാന്‍ സാധ്യതയില്ല. ഫെബ്രുവരി മാസത്തിലാണ് പ്ലീനറി സമ്മേളനം. പ്രവര്‍ത്തകസമിതിയിലേക്ക് മത്സരം വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ താല്പര്യം. ഗാന്ധി കുടുംബം ഇക്കാര്യത്തിന് അനുവാദം നല്‍കിയതായാണ് സൂചന. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കായി പ്രചാരണത്തിനിറങ്ങിയ ചെന്നിത്തല പ്രവര്‍ത്തകസമിതിയില്‍ തന്നെ ഉള്‍പ്പെടുത്തുമെന്ന ആത്മവിശ്വാസത്തിലാണ്.

സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിയതും പഴയ പ്രതാപം നഷ്ടപ്പെട്ടതും ചെന്നിത്തലക്ക് തിരിച്ചടിയാണ്

മത്സരം വന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് അദ്ദേഹം കളത്തിലിറങ്ങുമെന്നാണ് സൂചന. സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിയതും പഴയ പ്രതാപം നഷ്ടപ്പെട്ടതും ചെന്നിത്തലക്ക് തിരിച്ചടിയാണ്. എങ്കിലും ഗാന്ധി കുടുംബവുമായുള്ള അടുത്ത ബന്ധം തുണയാകുമെന്നാണ് ചെന്നിത്തലയുടെ പ്രതീക്ഷ. ആന്റണിയും ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലുമാണ് കഴിഞ്ഞ പ്രവര്‍ത്തകസമിതിയിലെ മലയാളി അംഗങ്ങള്‍.

ഡല്‍ഹി ജീവിതം അവസാനിപ്പിച്ച ആന്റണിയും, ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും പ്രവര്‍ത്തകസമിതിയില്‍ നിന്ന് ഒഴിയുമ്പോള്‍ സംസ്ഥാനത്തു നിന്നുള്ള മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ചെന്നിത്തലയ്ക്ക് അവസരം നല്‍കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍ എന്നിവരും സമിതിയില്‍ അംഗത്വം ആഗ്രഹിക്കുന്നുണ്ട്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കെ.സി.വേണുഗോപാല്‍ സ്വഭാവികമായി സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടും.

സംഘടനാ സംവിധാനത്തെ ദുര്‍ബലമാക്കുന്ന തരത്തിലുള്ള വണ്‍മാന്‍ഷോ നടത്തുന്ന തരൂരിന് പാര്‍ട്ടി പദവികള്‍ നല്‍കി അംഗീകരിക്കുന്നതില്‍ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്

പ്രവര്‍ത്തകസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ശശി തരൂരും. എന്നാല്‍ സംഘടനാ സംവിധാനത്തെ ദുര്‍ബലമാക്കുന്ന തരത്തിലുള്ള വണ്‍മാന്‍ഷോ നടത്തുന്ന തരൂരിന് പാര്‍ട്ടി പദവികള്‍ നല്‍കി അംഗീകരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഒരു കൂട്ടം സംസ്ഥാന നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. ഇത് തരൂരിന് വെല്ലുവിളിയാണ്. എ ഗ്രൂപ്പിന്റെ പരോക്ഷ പിന്തുണയില്‍ അംഗത്വം ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് തരൂര്‍.

പ്രവർത്തകസമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള എഐസിസി അംഗങ്ങളെ ഇതുവരെ കോൺഗ്രസ് അധ്യക്ഷൻ തിരഞ്ഞെടുത്തിട്ടില്ല

നിലവിലെ സമവാക്യങ്ങള്‍ അനുസരിച്ച് എ ഗ്രൂപ്പ് തരൂരിന് വേണ്ടി രംഗത്ത് വരാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ല. ഉമ്മന്‍ചാണ്ടി തന്നെ നേരിട്ട് തരൂരിനെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്ന് ശശി തരൂരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു. അപ്പോഴും ഗ്രൂപ്പിന് പുറത്തുള്ള ഒരാളെ കൊണ്ടുവന്ന് തങ്ങള്‍ക്ക് നിലവിലുള്ള മേധാവിത്വം ത്യജിക്കാന്‍ എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് താല്‍പര്യമില്ല. പ്രവർത്തകസമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള എഐസിസി അംഗങ്ങളെ ഇതുവരെ കോൺഗ്രസ് അധ്യക്ഷൻ തിരഞ്ഞെടുത്തിട്ടില്ല. തരൂർ ഇന്ന് ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെയും സോണിയാ ഗാന്ധിയെയും കാണും. പ്രവർത്തക സമിതി പ്രവേശനം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം എന്നാണ് വിലയിരുത്തുന്നത്. സംസ്ഥാനത്തെ വിവാദങ്ങള്‍ കൂടിക്കാഴ്ചയില്‍ ചർച്ചയാകാനിടയില്ലെങ്കിലും വിവാദവിഷയങ്ങളില്‍ തരൂർ വിശദീകരണം നല്‍കിയേക്കും.

logo
The Fourth
www.thefourthnews.in