'സാമ്പത്തിക ഞെരുക്കത്തിനിടയിലും ധൂര്‍ത്ത്'; ക്ഷേമപെന്‍ഷന്‍ വിഷയത്തില്‍ നിയമസഭ പ്രക്ഷുബ്ധം, പ്രതിപക്ഷ വാക്കൗട്ട്‌

'സാമ്പത്തിക ഞെരുക്കത്തിനിടയിലും ധൂര്‍ത്ത്'; ക്ഷേമപെന്‍ഷന്‍ വിഷയത്തില്‍ നിയമസഭ പ്രക്ഷുബ്ധം, പ്രതിപക്ഷ വാക്കൗട്ട്‌

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരേ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്

ക്ഷേമപെന്‍ഷന്‍ വിഷയത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പ്പോര്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോഴും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ധൂര്‍ത്താണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ബഹളമുണ്ടാക്കി. ക്ഷേമ പെന്‍ഷനുകളുടെ വിതരണം മുടങ്ങിയ സംഭവം സഭനിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതിതേടി പ്രതിപക്ഷം നല്‍കിയ നോട്ടീസ് സ്പീക്കര്‍ തള്ളി. തുടര്‍ന്ന് സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തിയ പ്രതിപക്ഷം നിയമസഭാ കവാടത്തിനുമുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ഇന്ന് രാവിലെ സഭചേര്‍ന്നതു മുതല്‍ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങള്‍ ബഹളം ആരംഭിച്ചിരുന്നു. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരേ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. സംസ്ഥാനത്ത് അഞ്ചു മാസമായി ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിയിരിക്കുകയാണെന്നും ബുദ്ധിയുള്ള സര്‍ക്കാര്‍ കുടിശിക തീര്‍ക്കാനാണ് ആദ്യം ശ്രമിക്കുകയെന്നും ചൂണ്ടിക്കാട്ടി എന്‍ ഷംസുദ്ദീന്‍ എംഎല്‍എയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്.

ക്ഷേമപെന്‍ഷന്‍ സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും അവകാശമാണെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടു പിസി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ കൊടുക്കാനെന്നു പറഞ്ഞ് പലതരത്തില്‍ ജനങ്ങളില്‍ നിന്ന് പണം പിരിച്ചെടുക്കുകയാണെന്നും എന്നാല്‍ അത് നവകേരളാ സദസ് പോലുള്ള ധൂര്‍ത്ത് നടത്താനാണ് ഉപയോഗിക്കുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു. പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്നാണ് കോഴിക്കോട് ഒരാള്‍ ആത്മഹത്യ ചെയ്തതെന്നും ജനങ്ങളുടെ ക്ഷേമത്തിനായാണ് ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നതെന്നും അല്ലാതെ സര്‍ക്കാര്‍ പരിപാടികള്‍ ആഡംബരത്തില്‍ നടത്താനല്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.

എന്നാല്‍ കോഴിക്കോട്ടെ ആത്മഹത്യയ്ക്ക് കാരണം പെന്‍ഷന്‍ വൈകിയതല്ലെന്നും ജോസഫ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ പെന്‍ഷന്‍ വാങ്ങിയിട്ടുണ്ടെന്നും ക്ഷേമപെന്‍ഷന്‍ കിട്ടാത്തതുകൊണ്ടാണ് ജോസഫിന്റെ ആത്മഹത്യയെന്ന് തെളിയിക്കുന്ന ഒന്നും പുറത്തു വന്നിട്ടില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മറുപടി നല്‍കി. കഴിഞ്ഞ വര്‍ഷം 24,400 രൂപ പെന്‍ഷന്‍ ഇനത്തില്‍ ജോസഫ് വാങ്ങിയിട്ടുണ്ടെന്നും 28,000 രൂപ തൊഴിലുറപ്പ് കൂലിയായി ലഭിച്ചെന്നും ജോസഫിന് സ്വന്തമായി ഒന്നര ഏക്കര്‍ ഭൂമിയുണ്ടെന്നും സാമ്പത്തിക ഞെരുക്കമല്ല ആത്മഹത്യയ്ക്ക് കാരണമെന്നും ധനമന്ത്രി പറഞ്ഞു.

യുഡിഎഫ് ഭരണകാലമാണെന്നു തെറ്റിദ്ധരിച്ചാണ് പ്രതിപക്ഷ ബഹളമെന്നും ധനമന്ത്രി പരിഹസിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 മാസം ക്ഷേമപെന്‍ഷന്‍ വിതരണം മുടങ്ങിയിട്ടുണ്ടെന്നും 78 ഇന്‍സ്റ്റാള്‍മെന്റായാണ് കുടിശിക തീര്‍ത്തതെന്നും ധനമന്ത്രി തിരിച്ചടിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ ബഹളവുമായി നടുത്തളത്തിലേക്കിറങ്ങി.

യുഡിഎഫ് കാലത്ത് കുടിശിക ഉണ്ടായിട്ടുണ്ടെങ്കില്‍ അതു തെളിയിക്കുന്ന രേഖ സഭയില്‍ വയ്ക്കണമെന്ന് വിഷ്ണുനാഥ് ധനമന്ത്രിയോട് ആവശ്യപ്പെട്ടു. 50 ലക്ഷം പേര്‍ പെന്‍ഷനില്ലാതെ ദുരിതമനുഭവിക്കുമ്പോള്‍ എസിയുടെ സുഖശീതളിമയില്‍ സ്വസ്ഥമായി ഇരിക്കാന്‍ കഴിയില്ലെന്നും വിഷയം സഭനിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം ആരംഭിച്ചു. ധനമന്ത്രി പറഞ്ഞത് തെറ്റായ വിവരങ്ങളാണെന്നും ജോസഫിന്റെ ആത്മത്യ പെന്‍ഷന്‍ കിട്ടാത്തത് മൂലമാണെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരാഞ്ഞു. യുഡിഎഫ് കാലത്ത് 18 മാസം പെന്‍ഷന്‍ മുടങ്ങിയെന്നത് ഗീബല്‍സിയന്‍ നരേറ്റീവ് ആണെന്നും ഒരുനുണ ആയിരംവട്ടം പറഞ്ഞ് വിശ്വസിപ്പിച്ചത് ചീട്ട്‌കൊട്ടാരം പോലെ തകര്‍ന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷം സഭാകവാടത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

അതിനിടെ പ്രതിപക്ഷ ബഹളത്തിനിടെ കേരളീയം വീണ്ടും സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. കേരളീയം സംസ്ഥാനത്തിന് ആവശ്യമായതാണെന്നും അതൊരു ധൂര്‍ത്തല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഇതേവരെ ഇത്തരമൊരു പരിപാടി നടത്താന്‍ കഴിഞ്ഞില്ലല്ലോയെന്ന ചിന്തയാണ് നാട്ടുകാര്‍ക്കുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കേരളീയം വന്‍ വിജയമായിരുന്നുവെന്നും വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ ലഭിച്ചുവെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി വരും വര്‍ഷങ്ങളില്‍ പ്രതിപക്ഷ സഹകരണം പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in