പിന്നാക്ക വിദ്യാർഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ്; ആനുകൂല്യം കേരളത്തിന് പുറത്ത് പ്രവേശനം നേടുന്നവർക്ക്

പിന്നാക്ക വിദ്യാർഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ്; ആനുകൂല്യം കേരളത്തിന് പുറത്ത് പ്രവേശനം നേടുന്നവർക്ക്

രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫീസ് മുന്‍കൂട്ടി അടയ്ക്കാതെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഫ്രീഷിപ്പ് കാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തും

പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പുമായി സംസ്ഥാന സര്‍ക്കാര്‍. രാജ്യത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനായി പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിലവിലെ ചട്ടങ്ങള്‍ പുതുക്കിക്കൊണ്ടുള്ള ഉത്തരവ് പട്ടിക ജാതി- പട്ടിക വര്‍ഗ വികസന വകുപ്പ് പുറത്തിറക്കി. സംസ്ഥാനത്തിന് പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ വിദ്യാർഥികള്‍ക്ക് മെച്ചപ്പെട്ട അവസരമൊരുക്കുന്നതാണ് സ്‌കോളര്‍ഷിപ്പ്.

വിദ്യാഭ്യാസ ആനുകൂല്യം ഉറപ്പാക്കി പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ഉയര്‍ത്തുകയാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പട്ടിക ജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മാത്രമാണ് പിന്നാക്കം നില്‍ക്കുന്ന ജനതയെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി അഭിപ്രായപ്പെട്ടു. 2009ലാണ് സമാനതരത്തിലുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച് അവസാനമായി ഉത്തരവിറങ്ങിയത്.

ഈ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫീസ് മുന്‍കൂട്ടി അടയ്ക്കാതെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഫ്രീഷിപ്പ് കാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി ഇ ഗ്രാന്റ്സ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കണം. ഒരു അക്കാദമിക് വർഷം ഒരു കോഴ്സിന് മാത്രമേ സ്കോളർഷിപ്പ് ലഭിക്കൂ. സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ലപ്സം ഗ്രാന്റ്, സ്റ്റൈപ്പന്റ്, പോക്കറ്റ് മണി എന്നിവ സ്റ്റേറ്റ് അക്കാദമിക് അലവന്‍സ് എന്ന പേരില്‍ ഒറ്റത്തവണയായി ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന നല്‍കും. ഡേ സ്കോളര്‍, ഹോസ്റ്റലര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ മാത്രമായി വിദ്യാര്‍ഥികളെ തരം തിരിക്കും.

ആർക്കെല്ലാം, ഏതെല്ലാം കോഴ്സുകള്‍

ഐഐടികള്‍, കല്പിത സര്‍വകലാശാലകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കാണ് സർക്കാർ തീരുമാനത്തിന്‍റെ ആനുകൂല്യം ലഭിക്കുക. കേരളത്തിന് പുറത്ത് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയവര്‍ക്കും, രാജ്യത്തെ സര്‍ക്കാര്‍ അംഗീകാരമുള്ള സ്വകാര്യ യൂണിവേഴ്‌സിറ്റികളിലും വൊക്കേഷണല്‍ ട്രെയിനിങ് സ്ഥാപനങ്ങളിലും പ്രവേശനം നേടുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കും. ഇതിനൊപ്പം വിദൂര ഓണ്‍ലൈന്‍ പാര്‍ട് ടൈം കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് ട്യൂഷന്‍ പരീക്ഷാ സ്‌പെഷ്യല്‍ ഫീസുകള്‍ അനുവദിക്കും.

പിഎച്ച്ഡി, എംഫില്‍, എം ടെക്, എംലിറ്റ് എന്നീ കോഴ്സുകള്‍ പഠിക്കുന്ന യുജിസി ഗേറ്റ് പാസ്സാകാത്തവർക്ക് യുജിസി നല്‍കുന്ന തുകയുടെ 75 ശതമാനം ഫെലോഷിപ്പും കണ്ടിജന്റ് ഗ്രാന്റ് ഇനത്തില്‍ ലഭിക്കും. ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി മുതലയായ കോഴ്സുകൾ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികള്‍ക്കും അനുകൂല്യം ലഭ്യമാകും. ഒരു കോഴ്സിന് ഒരിക്കല്‍ മാത്രം വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

logo
The Fourth
www.thefourthnews.in