ഷൊര്‍ണൂരില്‍ സ്‌റ്റോപ്പ്; 
മലപ്പുറം ട്രാക്കിന് പുറത്ത്; വ്യാഴാഴ്ച വണ്ടിയില്ല:
വന്ദേഭാരതിന്റെ സമയക്രമം പുറത്തിറക്കി

ഷൊര്‍ണൂരില്‍ സ്‌റ്റോപ്പ്; മലപ്പുറം ട്രാക്കിന് പുറത്ത്; വ്യാഴാഴ്ച വണ്ടിയില്ല: വന്ദേഭാരതിന്റെ സമയക്രമം പുറത്തിറക്കി

കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷോര്‍ണൂര്‍. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങനെയാണ് സ്‌റ്റോപ്പുകള്‍. എട്ട് മണിക്കൂര്‍ 5 മിനിറ്റാണ് വന്ദേഭാരതിന്റെ റണ്ണിങ് ടൈം

ഏപ്രില്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമം റെയില്‍വെ പുറത്തിറക്കി. തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് വരെ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് രാവിലെ 5.20ന് തിരുവനന്തപുരത്തുനിന്നും സര്‍വീസ് ആരംഭിക്കും. പുതുതായി അനുവദിച്ച ഷൊര്‍ണൂര്‍ അടക്കം എട്ട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പുള്ളത്. എംപിമാരടക്കമുള്ളവര്‍ സമ്മര്‍ദം ചെലുത്തിയതോടെയാണ് ഷൊർണൂരില്‍ സ്‌റ്റോപ് അനുവദിക്കാനുള്ള റെയില്‍വെയുടെ തീരുമാനം. എന്നാല്‍, നേരത്തേ തിരൂരില്‍ സ്റ്റോപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും വിജ്ഞാപനം വന്നതോടെ മലപ്പുറം ജില്ല വന്ദേഭാരതിന്റെ ട്രാക്കിന് പുറത്തായി.

രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസര്‍കോട്ട് എത്തും. തിരിച്ച് ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10. 35ന് തിരുവനന്തപുരത്ത് എത്തും. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍,കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങനെയാണ് സ്‌റ്റോപ്പുകള്‍. എട്ട് മണിക്കൂര്‍ 5 മിനിറ്റാണ് വന്ദേഭാരതിന്റെ റണ്ണിങ് ടൈം. വ്യാഴാഴ്ച വന്ദേഭാരത് സർവീസ് നടത്തില്ല.

ഉദ്ഘാടന ദിവസം വന്ദേഭാരതിന് കൂടുതൽ സ്റ്റോപ്പുകൾ.സ്ഥിരം സ്റ്റോപ്പുകൾക്ക് പുറമേ കായംകുളം, ചെങ്ങന്നൂർ, തിരുവല്ല,ചാലക്കുടി,തിരൂർ,തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിൽ ഏപ്രിൽ 25 ന് സ്റ്റോപ്പുണ്ടാകും.

78 സീറ്റുകളുള്ള 12 ഇക്കോണമി കോച്ചുകളും, 54 സീറ്റുകളുള്ള രണ്ട് എക്സിക്യൂട്ടീവ് കോച്ചുകളും, ഏറ്റവും മുന്നിലും പിന്നിലുമായി 44 സീറ്റുകളുള്ള രണ്ട് ഇക്കോണമി കോച്ചുകളും അടങ്ങിയതാണ് വന്ദേഭാരത് എക്സ്പ്രസ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം 1400 രൂപയാണ് ഇക്കോണമി ക്ലാസ് ടിക്കറ്റ് ചാര്‍ജ്. എക്സിക്യൂട്ടീവ് സീറ്റില്‍ കണ്ണൂര്‍ വരെ യാത്ര ചെയ്യാന്‍ 2400 രൂപയാകും.

logo
The Fourth
www.thefourthnews.in