കണ്ണൂർ ദിനേശ്; ബീഡിയിൽനിന്ന് ലോകോത്തര ബ്രാൻഡിലേക്ക്
സാധാരണക്കാരന്റെ ബ്രാൻഡായ കണ്ണൂരിലെ ദിനേശിന് പറയാനുള്ളത് ഒരു ബീഡി കഥ മാത്രമല്ല. ദിനേശ് ബ്രാൻഡിന്റെ വസ്ത്രങ്ങൾക്ക് വിദേശരാജ്യങ്ങളിൽ വരെ ആവശ്യക്കാരേറെയാണ്.1968-69 കാലഘട്ടത്തിൽ സർക്കാർ ബീഡി തൊഴിലാളികൾക്കുള്ള സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കിയപ്പോൾ ഉത്തര കേരളത്തിലെ സ്വകാര്യ ബീഡിക്കമ്പനികൾ കർണാടകത്തിലേക്ക് പറിച്ചുനട്ടു. അതോടെ 12,000 തൊഴിലാളികളായിരുന്നു ഒറ്റ രാത്രിയിൽ വഴിയാധാരമായത്.
തൊഴിൽരഹിതരായവർ സംസ്ഥാന സർക്കാർ സഹായത്തോടെ 1969ൽ കണ്ണൂർ ആസ്ഥാനമായി കെട്ടിപ്പടുത്ത സ്ഥാപനമാണ് കേരള ദിനേശ് ബീഡിത്തൊഴിലാളി കേന്ദ്ര സഹകരണ സംഘം. തൊഴിൽ നഷ്ടപ്പെട്ടവരുടെ അതിജീവനത്തിനായി തുടങ്ങിയ ബ്രാൻഡ് വൈവിധ്യവത്കരണത്തിന്റെ വിശാലതയിലേക്കാണ് പടർന്നു പന്തലിച്ചത്.
2007ലാണ് ദിനേശ് അപ്പാരൽസ് തുടങ്ങിയത്. കണ്ണൂർ താണയിലായിരുന്നു ആദ്യ ഫാക്ടറി. ദിനേശ് ഷർട്ടുകൾക്കും ബെഡ്ഷീറ്റുകൾക്കും വൻ ഡിമാൻഡ് ആണ്. ഉത്പാദനത്തിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യുകയാണ് ഇവിടെ. റെഡിമെയ്‌ഡ് ഗാർമെന്റ്‌സ് യൂണിറ്റിൽനിന്ന് റിലയൻസിനും വി സ്റ്റാറിനുമായി വസ്‌ത്രങ്ങൾ നിർമ്മിക്കാറുണ്ട്. കേരളത്തിന് അകത്തും പുറത്തുമുള്ള സ്വകാര്യ ഗാർമെന്റ് യൂണിറ്റുകൾക്കായും ദിനേശ് വസ്‌ത്രമൊരുക്കുന്നുണ്ട്.