''അവധി ദിവസത്തിലും പുറത്തിറങ്ങാന്‍ അനുമതി വേണം''; പെൺകുട്ടികള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി മുട്ടില്‍ ഡബ്യുഎംഒ കോളേജ്

''അവധി ദിവസത്തിലും പുറത്തിറങ്ങാന്‍ അനുമതി വേണം''; പെൺകുട്ടികള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി മുട്ടില്‍ ഡബ്യുഎംഒ കോളേജ്

കഴിഞ്ഞ മാസം 15ന് പ്രിൻസിപ്പൽ പുറത്തിറക്കിയ സർക്കുലർ പ്രകാരം രാത്രി 10 മണിക്ക് മുൻപായി ഹോസ്റ്റൽ മേട്രന്റെ പക്കൽ മൊബൈൽ ഫോൺ ഏൽപ്പിക്കണം

ലിംഗസമത്വവും സ്ത്രീ സ്വാതന്ത്ര്യവും നിരന്തരം ചര്‍ച്ചയാകുമ്പോഴും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവേചനങ്ങള്‍ തുടരുന്നു. ഹോസ്റ്റലില്‍ രാത്രി 10 മണിക്ക് കയറണമെന്ന നിയന്ത്രണമായിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധത്തിന് കാരണം. ഇതിന് പിന്നാലെ വയനാട് മുട്ടിലിലെ ഡബ്യുഎംഒ കോളേജിലെ ഹോസ്റ്റലില്‍ നിന്നും സമാനമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം കേട്ടതിലും വലിയ പ്രാകൃത നിയന്ത്രണങ്ങളാണ് ഇവിടെ നടപ്പാക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ക്യാമ്പസിനുള്ളില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഹോസ്റ്റലിനുള്ളില്‍ വൈകിട്ട് 5.30നുള്ളില്‍ കയറണമെന്നതാണ് ചട്ടം. വൈകിട്ട് ക്ലാസുകള്‍ക്ക് ശേഷം എവിടെയെങ്കിലും പോകാനോ അല്ലെങ്കില്‍ ക്യാമ്പസിനുള്ളില്‍ ഇരിക്കാനോ സാധിക്കാത്ത സ്ഥിതിയാണ് കോളേജില്‍ ഉള്ളതെന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനി 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

സർക്കുലർ
സർക്കുലർ

വൈകിട്ട് 5.30 ന് ശേഷം വിദ്യാർത്ഥിനികൾക്ക് ഹോസ്റ്റൽ വിട്ട് പുറത്തുപോകാനോ ലൈബ്രറി, അക്കാദമിക് പ്രവർത്തനങ്ങൾ, എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് എന്നിവയിൽ ഏർപ്പെടാനോ പോലും അനുവാദമില്ല

കഴിഞ്ഞ മാസം 15ന് പ്രിൻസിപ്പൽ പുറത്തിറക്കിയ സർക്കുലറിൽ രാത്രി 10 മണിക്ക് മുൻപായി ഹോസ്റ്റൽ മേട്രന്റെ പക്കൽ മൊബൈൽ ഫോൺ ഏൽപ്പിക്കണമെന്ന് നിർദേശിക്കുന്നു. മൊബൈൽ ഫോണിന്റെ ഉപയോഗം കുറയ്ക്കാനുള്ള നടപടിയെന്നാണ് സർക്കുലറിൽ തന്നെ ചൂണ്ടിക്കാട്ടുന്ന വിശദീകരണം. ഇതിന് പുറമെ, വൈകിട്ട് 5.30 ന് ശേഷം വിദ്യാർത്ഥിനികൾക്ക് ഹോസ്റ്റൽ വിട്ട് പുറത്തുപോകാനോ ലൈബ്രറി, അക്കാദമിക് പ്രവർത്തനങ്ങൾ, എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് എന്നിവയിൽ ഏർപ്പെടാനോ പോലും അനുവാദമില്ല. ഒരു ദിവസം രാത്രിയോടെയാണ് സർക്കുലർ പുറത്തുവരുന്നത്.

മറ്റ് വിദ്യാർത്ഥികളെ ആരെയും അറിയിക്കാതെ ഗേൾസ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് മാത്രമായി വാട്സാപ്പിലൂടെയാണ് സർക്കുലർ നൽകിയതെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അഭിനവ് പറഞ്ഞു. സർക്കുലറിലെ നിർദേശങ്ങൾക്കെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനെ തുടർന്ന് അടുത്ത ദിവസം തന്നെ മൊബൈൽ ഫോണിന് മേൽ ഏർപ്പെടുത്തിയ നിയന്ത്രണം മാത്രം താത്കാലികമായി പിൻവലിക്കുകയായിരുന്നു. എന്നാൽ ഹോസ്റ്റലിൽ തിരികെ കയറാനുള്ള സമയപരിധി ഇപ്പോഴും തുടരുകയാണെന്നും അഭിനവ് ചൂണ്ടിക്കാട്ടി.

"അവധി ദിനങ്ങളിൽ പോലും പുറത്തിറങ്ങണമെങ്കിൽ ഹോസ്റ്റൽ മേട്രന്റെ അനുവാദം വാങ്ങണം. ഒരാഴ്ച പുറത്തിറങ്ങിയാൽ പിന്നെ അതിനടുത്ത ആഴ്ച പുറത്തിറങ്ങാൻ പറ്റില്ല. 4.30ന് മുൻപ് തന്നെ തിരികെ എത്തണം എന്നിങ്ങനെ വേറെയുമുണ്ട് നിയമങ്ങൾ."

അതേസമയം ഇങ്ങനെയൊരു സർക്കുലർ ഇല്ല എന്ന ഉത്തരമാണ് കോളേജ് പ്രിൻസിപ്പൽ ഡോ. ടി പി മുഹമ്മദ് ഫരീദ് 'ദ ഫോർത്തി'ന് നൽകിയത്.

"അവധി ദിനങ്ങളിൽ പോലും പുറത്തിറങ്ങണമെങ്കിൽ ഹോസ്റ്റൽ മേട്രന്റെ അനുവാദം വാങ്ങണം. ഒരാഴ്ച പുറത്തിറങ്ങിയാൽ പിന്നെ അതിനടുത്ത ആഴ്ച പുറത്തിറങ്ങാൻ പറ്റില്ല. 4.30ന് മുൻപ് തന്നെ തിരികെ എത്തണം എന്നിങ്ങനെ വേറെയുമുണ്ട് നിയമങ്ങൾ." പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വിദ്യാർത്ഥിനി പറയുന്നു.

കോളേജ് അധികൃതരോട് എത്രയൊക്കെ ആവശ്യപ്പെട്ടിട്ടും നിയന്ത്രണം മാറ്റാൻ തയ്യാറായിട്ടില്ല. ദൂരെ നിന്ന് വന്ന് താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെയേറെ ബുദ്ധിമുട്ടുകളാണ് ഈ നിയന്ത്രണങ്ങൾ ഉണ്ടാക്കുന്നത്. ക്യാമ്പസിലേക്കെങ്കിലും ഇറങ്ങാൻ അനുവദിക്കണമെന്ന് പറഞ്ഞപ്പോൾ സ്ട്രീറ്റ് ലൈറ്റും ക്യാമറകളും സ്ഥാപിച്ചതിന് ശേഷം പരിഗണിക്കാമെന്നായിരുന്നു അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ച മറുപടി എന്നും വിദ്യാർത്ഥിനി പറയുന്നു.

കോളേജ് യൂണിയന്റെ സത്യപ്രതിജ്ഞ അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുകയാണ്. അത് കഴിഞ്ഞാലുടൻ വിദ്യാർത്ഥികളുടെ ഭൂരിപക്ഷ അഭിപ്രായം എന്താണെങ്കിലും അത് കണക്കിലെടുത്ത് സംഭവത്തിൽ ഇടപെടുമെന്ന് ഡബ്യുഎംഒ കോളേജിലെ എംഎസ്എഫ് യൂണിറ്റ് എക്സ്ക്യൂട്ടീവ് അംഗവും നിലവിലെ യുയുസിയുമായ സൈനുൽ ആബിദ് പറഞ്ഞു.

ഭൂരിപക്ഷം വിദ്യാർത്ഥിനികളുടെയും മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് ഇത്തരത്തിലൊരു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് കോളേജ് അധികൃതരുടെ മറുപടി

വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധ പോസ്റ്റർ
വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധ പോസ്റ്റർ

എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ പുതിയതല്ലെന്നും വർഷങ്ങളായി കോളേജിൽ ഇത്തരം പിന്തിരിപ്പൻ നിബന്ധനകൾ തുടർന്ന് പോരുന്നതാണെന്നുമാണ് എസ്എഫ്ഐ നേതാക്കളുടെ നിലപാട്. ഭൂരിപക്ഷം വിദ്യാർത്ഥിനികളുടെയും മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് ഇത്തരത്തിലൊരു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് കോളേജ് അധികൃതര്‍ വിഷയത്തില്‍ നല്‍കാറുള്ള മറുപടി. വിഷയത്തിൽ മാതാപിതാക്കളുടെ യോഗം ഉടൻ തന്നെ ചേരുമെന്ന് കോളേജിൽ നിന്ന് അറിയിച്ചിട്ടുണ്ട്. അതിന് ശേഷം ആവശ്യമെങ്കിൽ മറ്റ് പ്രതിഷേധ നടപടികളിലേക്ക് കടക്കുമെന്നും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അഭിനവ് പറഞ്ഞു.

logo
The Fourth
www.thefourthnews.in