'സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് സതീശനാണ്'; പ്രതിപക്ഷ നേതാവിനെതിരെ സുകുമാരൻ നായർ

'സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് സതീശനാണ്'; പ്രതിപക്ഷ നേതാവിനെതിരെ സുകുമാരൻ നായർ

പ്രസ്താവന തിരുത്തിയില്ലെങ്കിൽ അത് സതീശന്റെ ഭാവിക്ക് ​ഗുണകരമല്ലെന്നും സുകുമാരന്‍ നായര്‍

മത, സാമുദായിക നേതാക്കന്മാരുടെ തിണ്ണ നിരങ്ങുന്ന സമ്പ്രദായം ഇല്ലെന്ന വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മറുപടി. തിരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുണ അഭ്യര്‍ഥിച്ച ആളാണ് സതീശന്‍. എന്നാൽ ജയിച്ചതിന് ശേഷം ഒരു സമുദായ സംഘടനയുടെയും പിന്തുണയോടെയല്ല ജയിച്ചതെന്നാണ് സതീശൻ പറഞ്ഞത്. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് സതീശനാണ്. പ്രസ്താവന തിരുത്തിയില്ലെങ്കിൽ അത് സതീശന്റെ ഭാവിക്ക് ​ഗുണകരമല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസ് നോര്‍ത്ത് പറവൂര്‍ താലൂക്ക് യൂണിയന്റെ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു സതീശനെ സുകുമാരന്‍ നായര്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് ഒന്നര മണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന്, ജയിപ്പിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടിരുന്നുവെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. അപ്പോള്‍ തന്നെ, എല്ലാ വീടുകളിലും പോകണം എന്ന് മറുപടി നല്‍കി. ഒരു നായരല്ലേ... ജയിച്ചോട്ടെയെന്നും കരുതി. എന്നാൽ, ജയിച്ച് കഴിഞ്ഞപ്പോൾ ‘‘ഒരു സമുദായ സംഘടനയുടെയും പിന്തുണയിൽ അല്ല ജയിച്ചതെന്ന് സതീശൻ പറഞ്ഞു. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് സതീശനാണ്. പ്രസ്താവന സതീശൻ തിരുത്തണം. തിരുത്തിയില്ലെങ്കിൽ സതീശന്റെ ഭാവിക്ക് ഗുണകരമാകില്ല’’– സുകുമാരൻ നായർ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സതീശന്‍ നടത്തിയ പ്രതികരണത്തിനാണ് സുകുമാരന്‍ നായര്‍ പറവൂരിലെത്തി മറുപടി പറഞ്ഞത്. വോട്ടിനുവേണ്ടി കോണ്‍ഗ്രസ് ആരുടെയും തിണ്ണ നിരങ്ങിയിട്ടില്ലെന്നും അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നുമായിരുന്നു സതീശന്റെ പ്രതികരണം. പിന്നാലെ സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനം ഉറപ്പായതോടെ, മത-സാമുദായിക സംഘടനകളെ എതിര്‍ക്കുന്ന നിലപാടാണ് സതീശന് എന്നായിരുന്നു അന്നത്തെ പ്രതികരണം.

logo
The Fourth
www.thefourthnews.in