സുപ്രീംകോടതി
സുപ്രീംകോടതി

കടല്‍ക്കൊലക്കേസ്: ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേരും നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് സുപ്രീംകോടതി

ബോട്ടുടമയ്ക്ക് ലഭിച്ച തുകയില്‍ അവകാശവാദം ഉന്നയിച്ചാണ് ഏഴ് മത്സ്യത്തൊഴിലാളികള്‍ രംഗത്തുവന്നത്

ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേര്‍ക്കും അഞ്ച് ലക്ഷം രൂപ വീതം നല്‍കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.

ഇറ്റലി നല്‍കിയ നഷ്ടപരിഹാര തുകയില്‍ ബോട്ടുമ ഫ്രെഡിക്ക് ലഭിച്ച രണ്ടു കോടിയില്‍ നിന്ന് തങ്ങള്‍ക്കും വിഹിതം കിട്ടണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.

മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രെഡിക്കിന് 2 കോടി രൂപയുമാണ് ഇറ്റാലിയന്‍ ഗവണ്‍മെന്റ് നഷ്ടപരിഹാരമായി നല്‍കിയത്. ഇതില്‍ ബോട്ടുടമയ്ക്ക് ലഭിച്ച തുകയില്‍ അവകാശവാദം ഉന്നയിച്ചാണ് ഏഴ് മത്സ്യത്തൊഴിലാളികള്‍ രംഗത്തുവന്നത്. ഈ ആവശ്യമാണിപ്പോള്‍ കോടതി ശരിവെച്ചത്.

2012 ഫെബ്രുവരി 15നാണ് ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലില്‍ മലയാളികളടക്കം രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായത്. എന്റിക്ക ലെക്‌സി എന്ന എണ്ണകപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന സല്‍വത്തോറെ ജെറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവരാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

സെയ്ന്റ് ആന്റണി ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവരാണ് വെടിവെയ്പ്പില്‍ മരിച്ചത്. യാതൊരു മുന്നറിയിപ്പില്ലാതെയായിരുന്നു നാവികര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവെച്ചത്. കടല്‍ക്കൊള്ളക്കാരാണെന്ന് കരുതിയാണ് വെടിവെച്ചത് എന്നായിരുന്നു നാവികരുടെ വാദം.

കൊല്ലപെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ 2020 മെയ് 21 നാണ് അന്താരാഷ്ട്ര ട്രിബ്യൂണല്‍ വിധിച്ചത്

ഫെബ്രുവരി 19ന് ഇവരെ പോലീസ് അറസ്റ്റു ചെയ്യുകയും കേസ് എന്‍ഐഎ ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് പ്രതികളെ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിലേക്ക് മാറ്റുകയുമായിരുന്നു. 2013 ല്‍ ഇറ്റലിക്ക് പോകാന്‍ പ്രതികള്‍ക്ക് അനുമതി നല്‍കി. പിന്നീട് പ്രതികള്‍ ഇറ്റലിയില്‍ നിന്ന് മടങ്ങിവന്നെങ്കിലും ഒരാളെ ഇറ്റലിക്കു കൈമാറി. വിചാരണ ഒഴിവാക്കി രജ്യാന്തര ട്രിബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ 2020 മെയ് 21 നാണ് അന്താരാഷ്ട്ര ട്രിബ്യൂണല്‍ വിധിച്ചത്. നീണ്ട ഒമ്പത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവിലാണ് എന്റിക്ക കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.

ബോട്ടുടമയും പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടെ 12 മത്സ്യത്തൊഴിലാളികളാണ് സംഭവ ദിവസം 'സെന്റ് ആന്റണി' എന്ന ബോട്ടില്‍ ഉണ്ടായിരുന്നത്. വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് പേര്‍ക്ക് പുറമെ ബോട്ടിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിന്നീട് ജീവനൊടുക്കുകയും മറ്റൊരു മത്സ്യത്തൊഴിലാളി ജോണ്‍സണ്‍ നടപടിക്രമങ്ങള്‍ തുടരുന്നതിനിടെ മരിച്ചക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in