കടുത്ത നടപടിക്ക് വത്തിക്കാന്‍ വിട്ടുകൊടുക്കാതെ വിമതരും; സീറോ-മലബാർ സഭയിൽ പ്രതിസന്ധി കനക്കുന്നു

കടുത്ത നടപടിക്ക് വത്തിക്കാന്‍ വിട്ടുകൊടുക്കാതെ വിമതരും; സീറോ-മലബാർ സഭയിൽ പ്രതിസന്ധി കനക്കുന്നു

ഡിസംബർ 25 മുതൽ ജനാഭിമുഖ കുർബാന തുടർന്നാൽ പള്ളികൾ പൂട്ടി താക്കോൽ വാങ്ങാൻ അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തി, ഏതെങ്കിലും വൈദികനെതിരെ നടപടി വന്നാൽ മുഴുവൻ വൈദികരും അവധിയിൽ പ്രവേശിക്കുമെന്ന് വിമത വിഭാഗം

ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സീറോ-മലബാര്‍ സഭ പിളര്‍പ്പിലേക്കെന്ന് ഏറെക്കുറേ ഉറപ്പായി. പ്രശ്‌നപരിഹാരത്തിന് മാര്‍പാപ്പയുടെ പ്രതിനിധിയായി എത്തിയ പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ ഈ മാസം 20 ന് വത്തിക്കാനിലേക്ക്‌ മടങ്ങും. അന്തിമ റിപ്പോർട്ട് മാർപാപ്പാക്ക് കൈമാറും. ഡിസംബർ 25 മുതൽ നടപ്പിൽ വരുത്തേണ്ട ഉത്തരവുകൾ അഡ്മിനിസ്ടേറ്റർ ബിഷപ്പ് പുത്തുരിന് കൈമാറും. ഡിസംബർ 25 ന് ഏതെങ്കിലും ഒരു കുർബാന മാത്രം സിനഡ് കുർബാന ചൊല്ലാമെന്ന നിലപാടിലാണ് എറണാകുളത്തെ വൈദികർ. എന്നാൽ ഇത് റോം അംഗീകരിക്കില്ല. ഈ സാഹചര്യത്തിൽ സിറിൽ വാസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏതാനും വൈദികർക്കെതിരെ യുള്ള നടപടി മാർപാപ്പാ വീഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിക്കുമെന്നാണ് സഭാ നേതൃത്വം നൽകുന്ന സൂചന.

എന്നാൽ ഇത്തരത്തിൽ നടപടി ഉണ്ടായാലും , ജനാഭിമുഖ കുർബാന ചൊല്ലാൻ കഴിയാത്ത സാഹചര്യം വന്നാലും , ചെറുക്കാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം. നടപടി ഉണ്ടായാൽ അതിരൂപതയിലെ വൈദികർ അവധിയിൽ പ്രവേശിക്കും. പ്രശ്നം പരിഹരിക്കുന്നതു വരെ പള്ളികൾ അടച്ചിടാനാണ് വൈദിക നേതൃത്വത്തിന്റെ തീരുമാനം. വിട്ടുവീഴ്ചക്കില്ലന്ന നിലപട് റോം കൂടി സ്വീകരിക്കുന്ന തോടെ സീറോ - മലബാർ സഭ ഏതാണ്ട് പിളർപ്പിന്റെ വക്കിലെത്തും.

ഇതിനിടെ എറണാകുളം - അങ്കമാലി അതിരുപതയുടെ പദവി മാറ്റാനുള്ള നടപടികൾ പൂർത്തിയായി.മേജർ അതിരൂപത എന്ന പേര് ഇനി ഉണ്ടാകില്ല. സ്വതന്ത്ര അതിരൂപതയായി എറണാകുളം മാറും. ഫാ. ഡോ. വർഗീസ് പൊട്ടക്കൽ ആകും പുതിയ അതിരൂപത ആർച്ച് ബിഷപ്പ്. പ്രഖ്യാപനം ഉടൻ ഉണ്ടാകും.

സീറോ - മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായി സഭാതലന്റെ സ്ഥാനാരോഹണം എറണാകുളം കത്തീഡ്രൽ ബസലിലിക്കയ്ക്ക്‌ പുറത്ത് നടക്കും. സഭാതലവന്റെ അതിരൂപതയായി കൊടുങ്ങല്ലൂർ സ്ഥാനീക മേജർ അതിരൂപത നിലവിൽ വരും . നിലവിലെ 35 രൂപതകളിൽ നിന്ന് ഒരു ഇടവ വീതം ഈ മേജർ അതിരുപതക്ക് കീഴിൽ വരുന്ന രീതിയിൽ അധികാര പരിധിയോടെയാണ് കൊടുങ്ങല്ലൂർ അതിരൂപത പ്രഖ്യാപിക്കുക.

മാർത്തോമ്മ ശ്ലീഹായാൽ സ്ഥാപിതമായതെന്ന് വിശ്വസിക്കുന്നതും , നിലവിൽ സി.എം. ഐ. സഭയുടെ കൈവശമുള്ളതുമായ കൊടുങ്ങല്ലുരിലെ അഴിക്കോടുള്ള മാർത്തോമ്മ പൊന്തിഫിക്കൽ തീർത്ഥാടന കേന്ദ്രം "പ്രോ കത്തീഡ്രലായി " പ്രഖ്യാപിക്കും. പിന്നീട് സഭാ ആസ്ഥാനത്ത് സ്ഥിരം കത്തീഡ്രൽ നിർമ്മിക്കും. സഭാ ആസ്ഥാനമായി കാക്കനാടുള്ള മൗണ്ട് സെന്റ് തോമസ് തുടരും.

logo
The Fourth
www.thefourthnews.in