സീറോ-മലബാര്‍ സഭ പുതിയ തലവന്‍ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം; നടപടിക്രമങ്ങള്‍ ഇങ്ങനെ

സീറോ-മലബാര്‍ സഭ പുതിയ തലവന്‍ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം; നടപടിക്രമങ്ങള്‍ ഇങ്ങനെ

നിയമ പ്രകാരം സീറോ-മലബാര്‍ സഭാസിനഡ് അംഗങ്ങള്‍ക്കാണ് സിനഡില്‍ വോട്ടവകാശമുള്ളത്. നിലവില്‍ 66 ബിഷപ്പുമാരാണ് സീറോ മലബാര്‍ സഭയില്‍ ഉള്ളത്

പൗരസ്ത്യ കത്തോലിക്ക സഭയുടെ കാനോന്‍ നിയമം അനുസരിച്ചാണ് സീറോ മലബാര്‍ സഭയുടെ തലവനെ തിരഞ്ഞെടുക്കേണ്ടത്. കാനോന 63 മുതലുള്ള പാത്രിയര്‍ക്കീസ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ച കാനോനകള്‍ തന്നെയാണ് നിലവിലെ സഭാതലവന്റെ സ്ഥാനമായ മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്ഥാനത്തിനും ബാധകമാവുക. കാനോന്‍ 153/3 മാത്രമാണ് മേജര്‍ ആര്‍ച്ച്ബിഷപ്പ് തിരഞ്ഞെടുപ്പിലെ പ്രത്യേക നിയമം .

നിയമ പ്രകാരം സീറോ-മലബാര്‍ സഭാസിനഡ് അംഗങ്ങള്‍ക്കാണ് സിനഡില്‍ വോട്ടവകാശമുള്ളത്. നിലവില്‍ 66 ബിഷപ്പുമാരാണ് സീറോ മലബാര്‍ സഭയില്‍ ഉള്ളത്. എന്നാല്‍ മാര്‍പാപ്പാ നിയമം പരിഷ്‌കരിച്ചതോടെ പൗരസ്ത്യസഭകളുടെ സിനഡില്‍ 80 വയസിന് മുകളില്‍ പ്രായമുള്ള വിരമിച്ച മെത്രാന്‍മാര്‍ക്ക് വോട്ടവകാശമില്ല. അതിനാല്‍ വോട്ടവകാശമുള്ള പ്രായപരിധിയില്‍ വരുന്ന മെത്രാന്‍മാരുടെ എണ്ണം 54 ആണ്.

പുതിയ സഭാതലവന്റെ തിരത്തെടുപ്പില്‍ കര്‍ദ്ദിനാള്‍ അടക്കം വിരമിച്ച ഒന്‍പത് ബിഷപ്പുമാര്‍ക്ക് തിരഞ്ഞെടുക്കപ്പെടാനും തിരഞ്ഞെടുക്കുവാനും അവകാശമുണ്ട്. ഇതില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സിനഡില്‍നിന്ന് വിട്ടു നിന്നേക്കും. സന്യാസജീവിതം നയിക്കുന്ന പാലാ മുന്‍ സഹായ മെത്രാന്‍ ജേക്കബ് മുരിക്കന്‍ പങ്കെടുക്കുമോ എന്നുറപ്പില്ല. കോട്ടയം രൂപത സഹായ മെത്രാന്‍ അപ്രേം സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പിന് കീഴിലാണെങ്കിലും അംഗത്വം സീറോ- മലങ്കര സഭ സിനഡിലാണ്. വത്തിക്കാന്‍ നിര്‍ബന്ധിത രാജിയിലൂടെ പുറത്താക്കിയ ആര്‍ച്ച്ബിഷപ്പ് കരിയിലിന് സിനഡില്‍ പ്രവേശനം ഉണ്ടാകുമെന്നുറപ്പില്ല. ഈ സാഹചര്യത്തില്‍ സിനഡ് സമ്മേളിക്കാന്‍ വോട്ടവകാശമുള്ള മെത്രാന്‍മാരുടെ മൂന്നില്‍ രണ്ട് അംഗസംഖ്യയായ 35 വോട്ടുകള്‍ വേണം.

സീറോ-മലബാര്‍ സഭ പുതിയ തലവന്‍ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം; നടപടിക്രമങ്ങള്‍ ഇങ്ങനെ
തിരഞ്ഞെടുക്കേണ്ടത് പാത്രിയര്‍ക്കീസിനെയോ മേജര്‍ ആര്‍ച്ച്ബിഷപ്പിനെയോ? പുതിയ ആസ്ഥാനം എവിടെ? വ്യക്തത ഇല്ലാതെ സീറോ മലബാര്‍ സഭ

കാനോന്‍ 72 പ്രകാരം മൂന്നു തവണ വോട്ടിനിടുകയും അതില്‍ മൂന്നില്‍ രണ്ട് വോട്ട് കിട്ടാതെ വരികയും ചെയ്താല്‍ നാലാമത് നടക്കുന്ന വോട്ടില്‍ കേവല ഭൂരിപക്ഷം ലഭിക്കുന്ന ആള്‍ സഭാതലവനായി മാറും. എന്നാല്‍ ഇത്തവണയും ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലങ്കില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ട് പേരിലേക്ക് തിരഞ്ഞെടുപ്പ് ചുരുക്കണം. അഞ്ചാം വോട്ടെടുപ്പില്‍ ഇവര്‍ രണ്ടു പേരെ മല്‍സരിക്കാവൂ. ഇത്തവണയും തീരുമാനമാകുന്നില്ലങ്കില്‍ തീരുമാനം മാര്‍പാപ്പാക്ക് വിടും. എന്നാല്‍ സീറോ - മലബാര്‍ സഭയുടെ പ്രത്യേക നിയമം അനുസരിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി അഞ്ച് തവണ വോട്ടെടുപ്പ് നടത്തണം.

സിനഡ് വിളിച്ച് ചേര്‍ക്കുന്നത് സീറോ മലബാര്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ ആണ്. എന്നാല്‍ സിനഡില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടത് അദ്ദേഹം അല്ല. പകരം സിനഡ് നിശ്ചയിക്കുന്ന ഒരു മെത്രാനാണ്. സാധാരണ സിനഡിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് ആ ചുമതലയില്‍ എത്തുക. ഈ ചുമതലയിലുള്ളവര്‍ സാധാരണ മല്‍സരത്തിലുണ്ടാവില്ല. കഴിഞ്ഞ സീറോ മലബാര്‍ തിരഞ്ഞെടുപ്പ് സിനഡില്‍ ഈ ചുമതല അന്നത്തെ തലശേരി ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് വലിയ മറ്റമാണ് നിര്‍വഹിച്ചത്. ഇത്തവണ സിനഡില്‍ പങ്കെടുക്കുന്നവരില്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മുതിര്‍ന്ന ആള്‍ കാഞ്ഞിരപ്പള്ളി മുന്‍ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലാണ്. എന്നാല്‍ മെത്രാന്‍ സ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ സീനിയര്‍ മെത്രാന്‍ കല്യാണ്‍ രൂപത മെത്രാനായ തോമസ് ഇലവനാലാണ്. മല്‍സര രംഗത്തില്ലങ്കില്‍ തോമസ് ഇലവനാലാകും ഈ ചുമതല നിര്‍വഹിക്കുക.

സിനഡിന്റെ ഒന്നാം ദിവസമായ 8-ാം തീയതി ധ്യാനമാണ്. ഒന്‍പതിനാണ് വോട്ടെടുപ്പ് ആരംഭിക്കുക. ഉച്ചയ്ക്ക് മുന്‍പായി രണ്ട് വോട്ടെടുപ്പ് ഉണ്ടാകും. ഇതില്‍ തീരുമാനം ഉണ്ടായില്ലങ്കില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് വോട്ടെടുപ്പുകൂടി നടക്കും. ഇതിലും തീരുമാനമായില്ലെങ്കില്‍ രാത്രി ഒരു വോട്ടെടുപ്പും നടക്കും. ഇതിലും തീരുമാനമാകുന്നില്ലങ്കില്‍ 10-ാം തീയതി കേവല ഭൂരിപക്ഷം ലക്ഷ്യംവച്ച് തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന ആളുടെ സമ്മതം തിരഞ്ഞെടുപ്പ് നടത്തുന്ന ആള്‍ തേടും. സീറോ - മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് പദവിയില്‍തന്നെ തുടരുകയാണെങ്കില്‍ തിരഞ്ഞെടുപ്പിന് സ്ഥിരീകരണം മാര്‍പാപ്പ നല്‍കണം. പാത്രിയര്‍ക്കീസ് പദവിയിലാണെങ്കില്‍ കാനോന്‍ 75 പ്രകാരം ഇത് വേണ്ട. പാത്രിയര്‍ക്കീസിനെ അന്നുതന്നെ പ്രഖ്യാപിക്കാന്‍ കഴിയും. എന്നാല്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനെയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ കാനോന്‍ 153 പ്രകാരം നടപടികള്‍ പൂര്‍ത്തിയാകണം. അതിനായി തിരഞ്ഞെടുപ്പ് നടപടികള്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ കാര്യാലയം മുഖേന പൗരസ്ത്യസഭകള്‍ക്കായുള്ള മെത്രാന്‍ സംഘത്തെയും തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേയും അറിയിക്കണം. ഇവരാണ് ഈ വിവരം മാര്‍പാപ്പക്ക് കൈമാറുക.

സീറോ-മലബാര്‍ സഭ പുതിയ തലവന്‍ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം; നടപടിക്രമങ്ങള്‍ ഇങ്ങനെ
കുര്‍ബാന തര്‍ക്കം: വത്തിക്കാന് അന്ത്യശാസനവുമായി എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം; ജനാഭിമുഖ കുര്‍ബാന തുടരും

തിരഞ്ഞെടുപ്പ് നടപടികള്‍ 10 നാണ് പൂര്‍ത്തിയാകുന്നതെങ്കില്‍ സ്ഥിരീകരണം അടക്കമുള്ള കാര്യങ്ങള്‍ 11 ലേക്ക് മാറും. കാരണം 10 ബുധനാഴ്ച വത്തിക്കാന്‍ കാര്യാലയങ്ങള്‍ അവധിയാണ്. കാനോന്‍ 153 പ്രകാരം മാര്‍പാപ്പായുടെ അംഗീകാരം ലഭിക്കുന്നതോടെ തിരഞ്ഞെടുക്കപ്പെട്ട ആള്‍ സിനഡിനു മുന്‍പാകെ വിശ്വാസ പ്രഖ്യാപനം നടത്തും. എന്നാല്‍ അന്നു മുതല്‍ തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് അധികാരം ലഭിക്കുന്നില്ല. സഭാ തലവന്റെ സ്ഥാനാരോഹണ ചടങ്ങ് വരെ ചുമതലകള്‍ തുടര്‍ന്നും അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍വഹിക്കും. സ്ഥാനാരോഹണ ചടങ്ങിലെ മുഖ്യ കാര്‍മികനും അഡ്മിനിസ്‌ട്രേറ്റര്‍ ആയിരിക്കും. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ സഭയിലെ മുതിര്‍ന്ന മെത്രാന്‍ അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയിലേക്ക് വരും. കാനോന്‍ 77 പ്രകാരം സ്ഥാനാരോഹണം നടന്നാല്‍ മാത്രമേ സഭാതലവന് സിനഡ് വിളിച്ചു ചേര്‍ക്കല്‍ അടക്കം ഔദ്യോഗിക സ്ഥാനം സാധുവായി ഉപയോഗിക്കാന്‍ കഴിയു.

logo
The Fourth
www.thefourthnews.in