രാഹുല്‍ ഗാന്ധിയെ ജോക്കറെന്ന് വിളിച്ച മുസ്തഫ; ചെന്നിത്തലയെ വെറുതേവിടാത്ത കരുണാകരന്റെ 'പോരാളി'

രാഹുല്‍ ഗാന്ധിയെ ജോക്കറെന്ന് വിളിച്ച മുസ്തഫ; ചെന്നിത്തലയെ വെറുതേവിടാത്ത കരുണാകരന്റെ 'പോരാളി'

പതിനാറാം വയസില്‍ രാഷ്ട്രീയ ജീവിതമാരംഭിച്ച മുസ്തഫയുടെ യാത്രയില്‍ വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നിട്ടുണ്ട്.

ജീവിതാവസാനം വരെ കെ കരുണാകരന്റെ വിശ്വസ്തനായിരുന്നു ടി എച്ച് മുസ്തഫ. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പല പ്രതികരണങ്ങളും മുസ്തഫയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയേയും ആന്റണിയയും വിമര്‍ശിച്ച അതേ തീഷ്ണതയോടെ സ്വന്തം ഗ്രൂപ്പുകാരനായ രമേശ് ചെന്നിത്തലയേയും വിമര്‍ശിച്ചിട്ടുണ്ട് അദ്ദേഹം. ഒരുപടികൂടി കടന്ന്, കരുണാകരന്‍ ഗ്രൂപ്പിനെ ചെന്നിത്തല ഹൈജാക്ക് ചെയ്‌തെന്നും ഐ ഗ്രൂപ്പ് 'കെട്ടിപ്പടുക്കാന്‍' മുന്നില്‍ നിന്ന താനടക്കമുള്ള നേതാക്കളെ ചവിട്ടിവീഴ്ത്തിയാണ് ചെന്നിത്തല കയറിപ്പോയതെന്നും ധ്വനിപ്പിക്കുന്ന നിരവധി പ്രസ്താവനകള്‍ ടി എച്ച് മുസ്തഫയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയെ ജോക്കറെന്ന് വിളിച്ച മുസ്തഫ; ചെന്നിത്തലയെ വെറുതേവിടാത്ത കരുണാകരന്റെ 'പോരാളി'
മുന്‍ മന്ത്രി ടി എച്ച് മുസ്തഫ അന്തരിച്ചു

പതിനാറാം വയസില്‍ രാഷ്ട്രീയ ജീവിതമാരംഭിച്ച മുസ്തഫയുടെ യാത്രയില്‍ വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നിട്ടുണ്ട്. 1978-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കെ കരുണാകരന്‍ പക്ഷത്തിനൊപ്പം ചേര്‍ന്നതാണ് മുസ്തഫ. കരുണാകരന്‍ പ്രതിസന്ധിയിലായ ഘട്ടത്തിലെല്ലാം പല്ലും നഖവും ഉപയോഗിച്ച് നേതാവിനെ സംരക്ഷിക്കാന്‍ കൂടെനിന്നു. 1991-95 കാലഘട്ടത്തില്‍ നാലാം കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായി. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചെങ്കിലും അഴിമതി ആരോപണങ്ങള്‍ ശോഭകെടുത്തി.

പാമോയില്‍ കേസില്‍ രണ്ടാംപ്രതിയായി. കരുണാകരന്‍ ഒന്നാം പ്രതിയായ കേസില്‍, ഉമ്മന്‍ചാണ്ടി ഇരുപത്തിമൂന്നാം സാക്ഷിയായതും ചരിത്രം. പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍ നിന്ന് ഒരു സിംഗപ്പൂര്‍ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതികള്‍ ഉണ്ടെന്നായിരുന്നു ആരോപണം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാമോയിലിന്റെ വില ടണ്ണിനു 392.25 ഡോളറായിരുന്ന അക്കാലത്ത് ടണ്ണിനു 405 ഡോളര്‍ എന്ന നിരക്കില്‍ 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനമാണ് വിവാദമായത്.

കരുണാകരനൊപ്പം നിന്നിട്ടും 'ലീഡര്‍' ഡിഐസി രൂപീകരിച്ചപ്പോള്‍ മുസ്തഫ അങ്ങോട്ടേക്ക് പോയില്ല. ഗ്രൂപ്പുണ്ടെങ്കിലും, താന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസിനപ്പറുത്തേക്ക് തനിക്കൊരു ലോകമില്ലെന്നും മുസ്തഫ ഇതിലൂടെ തെളിയിച്ചു. കരുണാകരന്‍ യുഗത്തിന് ശേഷം മുസ്തഫ പതിയ കേരള രാഷ്ട്രീയത്തിന്റെ മുന്‍നിരയില്‍ നിന്ന് അപ്രസക്തനായി തുടങ്ങി. പക്ഷേ, കടുത്ത പ്രതികരണങ്ങള്‍ നടത്തുന്ന ശീലം മാറ്റാന്‍ തയാറായില്ല. രാഹുല്‍ ഗാന്ധിയെ 'കോമാളി'യെന്ന് വിളിച്ചും രമേശ് ചെന്നിത്തലയ്ക്ക് 'കഴിവില്ലെന്ന്' പറഞ്ഞും മുസ്തഫ ആ ശീലം തുടര്‍ന്നുപോന്നു.

2014-ലെ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നായിരുന്നു രാഹുല്‍ ഗാന്ധിക്ക് എതിരെ മുസ്തഫ കടുത്ത പ്രയോഗം നടത്തിയത്. രാഹുല്‍ ജോക്കറാണെന്നും അദ്ദേഹത്തിന്റെ ഭ്രാന്തന്‍ നയങ്ങളാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമെന്നും മുസ്തഫ തുറന്നടിച്ചു. പ്രിയങ്ക ഗാന്ധിയെ എഐസിസി അധ്യക്ഷയാക്കണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.

''ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ കളികള്‍ നടത്താന്‍ രാഹുല്‍ കോണ്‍ഗ്രസുകാരല്ലാത്തവരെ നിയമച്ചു. കേരളത്തില്‍ വന്നപ്പോള്‍ ഈ ഭ്രാന്തന്‍ പോലീസ് ജീപ്പിന് മുന്നില്‍ ചാടിക്കയറി. ഇത്തരമൊരു കോമാളിക്ക് വോട്ടു നല്‍കരുതെന്ന് ജനങ്ങള്‍ തീരുമാനിച്ചത് കൊണ്ടാണ് കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയത്. പ്രധാനമന്ത്രി പദം കുട്ടിക്കളിയല്ലെന്ന് മനസിലാക്കണം. രാഹുല്‍ ഗാന്ധിയെ സേവാദള്‍ സംഘടിപ്പിക്കാനുള്ള ചുമതലയാണ് ഏല്‍പ്പിക്കേണ്ടത്'', വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് മുസ്തഫ ആഞ്ഞടിച്ചു, ഫലം സസ്‌പെന്‍ഷന്‍. പാര്‍ട്ടി അച്ചടക്ക നടപടിയൊന്നും മുസ്തഫയുടെ നാക്കിനെ പിടിച്ചു കെട്ടാന്‍ കെല്‍പ്പുള്ളതായിരുന്നില്ല.

2021-ലെ തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് കാരണം രമേശ് ചെന്നിത്തലയുടെ കഴിവില്ലായ്മയാണെന്ന് തുറന്നടിച്ചു മുസ്തഫ. നാണമുണ്ടെങ്കില്‍ ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കണമെന്നും ഉമ്മന്‍ചാണ്ടിയെ ഏല്‍പ്പിക്കെണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ആട് ഇല കടിക്കുന്നത് പോലെയാണ് സര്‍ക്കാരിന് എതിരെ ചെന്നിത്തലയുടെ ആരോപണങ്ങള്‍' എന്നായിരുന്നു മുസ്തഫയുടെ പ്രസ്താവന. ഒന്നില്‍ കടിച്ച് ഒന്നിലേക്ക് പോകും. ഒന്നും തെളിയിക്കാനായില്ലെന്നും അദ്ദേഹം പരിഹസിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും മുസ്തഫയുടെ നാക്കിന്റെ ചൂടറിഞ്ഞു. കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ കെ മുരളീധരന്‍ ആണെന്നായിരുന്നു അവസാനകാലം വരെയും അദ്ദേഹത്തിന്റെ നിലപാട്.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് മുസ്തഫ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. 1962-ല്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റായി. 1966-ല്‍ കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സൈക്രട്ടറിയായി. 1983 മുതല്‍ 1997 വരെ കെപിസിസി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1977-ല്‍ ആലുവയില്‍ നിന്ന് ആദ്യമായി നിയസഭയിലെത്തി. 1978-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കെ കരുണാകരന്‍ പക്ഷത്തിനൊപ്പം നിലയുറപ്പിച്ചു. 1980-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം നിന്ന കോണ്‍ഗ്രസ് എ ഗ്രൂപ്പ് സ്ഥാനാര്‍ഥി മുഹമ്മദാലിയോട് പരാജയപ്പെട്ടു. 1982, 1987, 1991 തിരഞ്ഞെടുപ്പുകളില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി. 1996-ല്‍ സിപിഎമ്മിന്റെ എംപി വര്‍ഗീസിനോട് പരാജയപ്പെട്ടു. 2001-ല്‍ വര്‍ഗീസിനെ തോല്‍പ്പിച്ച് കുന്നത്തുനാട് നിന്ന് വീണ്ടും നിയമസഭയിലെത്തി. അവസാന കാലത്ത് കെപിസിസി സംസ്ഥാന നിര്‍വാഹക സമിതിയില്‍ പ്രത്യേക ക്ഷണിതാവായിരുന്നു.

logo
The Fourth
www.thefourthnews.in